Seasonal Reflections - 2024
ജോസഫ്: ദൈവത്തോടൊപ്പം വിശ്രമിച്ചവൻ
ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 18-07-2021 - Sunday
കർത്താവിന്റെ ദിനമായ ഞായറാഴ്ചയിൽ ദൈവത്തോടൊപ്പമുള്ള വിശ്രമമായിരിക്കട്ടെ ജോസഫ് ചിന്തയുടെ ഇതി വൃത്തം . "നിങ്ങള്‍ ഒരു വിജനസ്‌ഥലത്തേക്കു വരുവിന്‍; അല്‍പം വിശ്രമിക്കാം" (മര്‍ക്കോസ് 6 : 31) . ഈശോ അയച്ച അപ്പസ്തോലന്മാർ തിരികെ എത്തി തങ്ങൾ ചെയ്തതും പഠിപ്പിച്ചതും അവനെ അറിയിക്കുമ്പോൾ അവനോടൊപ്പം അൽപം വിശ്രമിക്കാൻ ഈശോ അവരെ ക്ഷണിക്കുന്നു. ദൈവത്തിനു വേണ്ടി അധ്വാനിച്ചവർക്ക് അവന്റെ ഹിതം നിറവേറ്റുന്നവർക്കാണ് അവനോടൊപ്പം വിശ്രമിക്കാൻ അവകാശം ലഭിക്കുക. ഈ അർത്ഥത്തിൽ ദൈവത്തോടൊപ്പം വിശ്രമിക്കാൻ അവകാശവും അനുഗ്രഹവും സ്വന്തമാക്കിയ വ്യക്തിയാണ് വിശുദ്ധ യൗസേപ്പിതാവ്'. "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം" (മത്തായി 11 : 28 ) എന്നു മറ്റൊരവസരത്തിൽ ഈശോ പറയുന്നുണ്ട്. അധ്വാനിക്കുന്നവർക്കും ഭാരം വഹിക്കുന്നവർക്കും കർത്താവിനോടൊപ്പം വിശ്രമിക്കാൻ പരിപൂർണ്ണ അവകാശമുണ്ട്. ഒരു മനുഷ്യായുസ്സു മുഴുവൻ ദൈവഹിതം നിറവേറ്റുന്നതിനു മാത്രം ജീവിതം സമർപ്പണം നടത്തിയവ യൗസേപ്പിതാവിൻ്റെ ജീവിതം ദൈവത്തിലുള്ള വിശ്രമത്തിൻ്റേതും കൂടിയായിരുന്നു.
യൗസേപ്പിതാവിന്റെ നിശബ്ദത ദൈവത്തിലുള്ള വിശ്രമത്തിൻ്റെ പരിണിത ഫലമായി നമുക്കു കാണാവുന്നതാണ്. ദൈവത്തിൽ വിശ്രമിക്കുന്നവൻ്റെ പ്രവർത്തികൾ നീതി നിറഞ്ഞതായിരിക്കും .ദൈവം അരുൾ ചെയ്യുന്ന കാര്യങ്ങൾ ശരിയായി ഗ്രഹിച്ച് പ്രവർത്തിക്കണമെങ്കിൽ അവനോടൊത്തുള്ള വിശ്രമം അവശ്യമാണന്നു യൗസേപ്പിതാവിൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.