News - 2024

ഒഎഎസ് തങ്ങളുടെ രാജ്യത്തിന്റെ സംസ്‌കാരത്തിലേക്ക് കടന്നു കയറുന്നു: ബിഷപ്പ് വിക്ടര്‍ മാസലസ്

സ്വന്തം ലേഖകന്‍ 14-06-2016 - Tuesday

സാന്റോ ഡോമിംഗോ: ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സ് (ഒഎഎസ്) തങ്ങളുടെ രാജ്യത്തേക്ക് ആശയപരമായ കടന്നുകയറ്റം നടത്തുകയാണെന്ന് ഡോമനിക്കന്‍ റിപ്പബ്ലിക്കിലെ കത്തോലിക്ക ബിഷപ്പ്. സാന്റോ ഡോമിംഗോ അതിരൂപതയുടെ സഹായ മെത്രാന്‍ വിക്ടര്‍ മാസലസ്, 'ക്രൂസ് ന്യൂസ്' എന്ന ഒണ്‍ലൈന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഒഎഎസിന്റെ നടപടികള്‍ക്കെതിരെ രംഗത്ത് വന്നത്. ഗര്‍ഭഛിദ്രവും സ്വവര്‍ഗ വിവാഹവും ഉള്‍പ്പെടെയുള്ള തിന്മകളെ സംഘടന പ്രോത്സാഹിപ്പിക്കുകയാണെന്നും ബിഷപ്പ് പറയുന്നു.

അമേരിക്കന്‍ ഭൂകണ്ഡങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഒരു പറ്റം രാജ്യങ്ങളുടെ പൊതുവായ സംഘടനയാണ് ഒഎഎസ്. ഡോമനിക്കന്‍ റിപ്പബ്ലിക്കും യുഎസ്എയും കാനഡയും ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ അംഗങ്ങളായ സംഘടനയാണിത്. 1985-ല്‍ ഒഎഎസിന്റെ അനുമതിയോടെ ഡോമനിക്കന്‍ റിപ്പബ്ലിക്കിലേക്ക് യുഎസ് സൈന്യം ചില പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കടന്നു ചെന്നിരുന്നു. ശക്തരായ അംഗരാജ്യങ്ങളുടെ പല താല്‍പര്യങ്ങളും സംഘടനയിലെ അംഗങ്ങളായ ചെറുരാജ്യങ്ങളിലേക്ക് ഇവര്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

"ഞങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് മറ്റുള്ളവരുടെ ആയുധങ്ങള്‍ കൊണ്ടുള്ള കടന്നു കയറ്റമല്ല. ഡോമനിക്കന്‍ റിപ്പബ്ലിക്കിന്റെ സംസ്‌കാരത്തേയും വിശ്വാസങ്ങളേയും ബാധിക്കുന്ന ആശയപരമായ കടന്നു കയറ്റമാണ്. അടിസ്ഥാനപരമായ രാജ്യത്തിന്റെ പലമൂല്യങ്ങളേയും ഇതു തകിടം മറിക്കുന്നു. മറ്റു രാജ്യക്കാര്‍ പല തിന്മകളും ഞങ്ങളിലേക്ക് അടിച്ചേര്‍പ്പിക്കുന്നു". ബിഷപ്പ് വിക്ടര്‍ മാസലസ് പറയുന്നു. ആകെ ജനസംഖ്യയുടെ 95 ശതമാനവും ക്രൈസ്ത വിശ്വാസികളുള്ള ഡോമനിക്കന്‍ റിപ്പബ്ലിക്കില്‍ 57 ശതമാനം പേരും റോമന്‍ കത്തോലിക്ക സഭാംഗങ്ങളാണ്.