News - 2024

വിയറ്റ്‌നാമില്‍ പോലീസ് വിശുദ്ധ കുര്‍ബാന തടസപ്പെടുത്തി; വിശ്വാസികള്‍ക്കു നേരെ ഭീഷണിയും മര്‍ദനവും

സ്വന്തം ലേഖകന്‍ 14-06-2016 - Tuesday

ഹാനോയി: വിയറ്റ്‌നാമില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ വച്ച് നടന്നുകൊണ്ടിരുന്ന വിശുദ്ധ ബലി തടസപ്പെടുത്തി. വടക്കുകഴിക്കന്‍ വിയറ്റ്‌നാമിലെ 'മുവോംഗ് കുവോംഗ്'എന്ന പ്രദേശത്ത് വിശ്വാസിയായ ഒരാളുടെ വീട്ടില്‍ നടന്ന വിശുദ്ധ കുര്‍ബാനയുടെ ശുശ്രൂഷകളാണ് വിയറ്റ്‌നാം പോലീസ് ഉദ്യോഗസ്ഥര്‍ എത്തി തടഞ്ഞത്. വിശുദ്ധ ബലിയില്‍ പങ്കെടുക്കുവാന്‍ എത്തിയ 70 പേരെ പോലീസ് വിരട്ടി ഓടിക്കുകയും മര്‍ദിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിലര്‍ പകര്‍ത്തുവാന്‍ ശ്രമിച്ചപ്പോള്‍ മൊബൈലുകള്‍ വാങ്ങി പോലീസ് നശിപ്പിച്ചു.

ലാവോ ചായി ഇടവകയുടെ മിഷന്‍ ഫീല്‍ഡാണ് മുവോംഗ് കുവോംഗ് എന്ന പ്രദേശം. വൈദികനായ ജോസഫ് ന്യൂഗന്‍ വാന്‍ ആണ് ജൂണ്‍ 12-ാം തീയതി ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയത്. പ്രദേശത്ത് ദേവാലയം ഇല്ലാത്തതിനാല്‍ വിശ്വാസികളുടെ വീട്ടിലാണ് വിശുദ്ധ കുര്‍ബാന നടത്താറുള്ളത്. ദേവാലയം പണിയുവാനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കാത്തതിനാലാണ് ഇത്തരത്തില്‍ വിശ്വാസികളുടെ വീട്ടില്‍ കുര്‍ബാന അര്‍പ്പിക്കുന്നത്.

30-ല്‍ അധികം പോലീസ് ഉദ്യോഗസ്ഥര്‍ ഇരച്ചു കയറി എത്തിയ ശേഷം വിശ്വാസികളെ ഭീഷണിപ്പെടുത്തുകയായിരുന്നു. വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാനായി വഴിയിലൂടെ നടന്നു വന്ന പലരേയും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. മുമ്പും പലതവണ സമാന സംഭവം വിയറ്റ്‌നാമില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭരണകൂടത്തിനു സഭയോടുള്ള വിരോധമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. 6500-ല്‍ അധികം കത്തോലിക്ക വിശ്വാസികള്‍ ലാവോ ചായി പള്ളിയുടെ പ്രദേശത്തെ മൂന്നു മിഷന്‍ ഫീല്‍ഡുകളിലായി ഉണ്ട്.

1892-ല്‍ ഫ്രഞ്ച് മിഷ്‌നറിമാരാണ് ഇവിടെ കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കുകയും അനേകരെ ക്രിസ്തുമാര്‍ഗത്തിലേക്ക് നയിക്കുകയും ചെയ്തത്. 1912-ല്‍ തന്നെ ലാവോ ചായില്‍ ഒരു പള്ളി സ്ഥാപിക്കുവാനും ഇവര്‍ക്ക് ദൈവഹിതത്താല്‍ സാധിച്ചു. 1954-ല്‍ ഫ്രഞ്ച് പട്ടാളത്തിനെതിരെ വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടം യുദ്ധത്തില്‍ വിജയിച്ചു. ഇതിനു ശേഷമാണ് ക്രൈസ്തവ വിശ്വാസികള്‍ക്ക് രാജ്യത്ത് വിലക്കുകള്‍ ഏര്‍പ്പെടുത്തിയത്. ആരാധന സ്വാതന്ത്ര്യം പലപ്പോഴും തടയുന്ന നിലപാടാണ് കമ്യൂണിസ്റ്റ് ഭരണകൂടം സ്വീകരിക്കുന്നത്. വൈദികരെ ജയിലില്‍ അടയ്ക്കുന്ന സംഭവങ്ങള്‍ വിയറ്റ്‌നാമില്‍ പതിവാണ്.


Related Articles »