Seasonal Reflections - 2024

ജോസഫ്: പ്രത്യാശയുടെ സരണി തുറക്കുന്നവൻ

ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 02-08-2021 - Monday

ആഗസ്റ്റു മാസം രണ്ടാം തീയതിയും വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ വചന വ്യാഖ്യാനത്തിലെ ഒരു നിരീക്ഷമാണ് ജോസഫ് ചിന്തയുടെ ഇതിവൃത്തം. എമ്മാവൂസിലേക്കു പോയ രണ്ടു ശിഷ്യന്മാരെക്കുറിച്ചുള്ള വചന വ്യാഖ്യാനത്തിലാണ് ഈ നിരീക്ഷണം. തങ്ങളുടെ ഹൃദയനാഥനായ ഗുരുവിന്റെ ജീവിതം പരാജയത്തില്‍ കലാശിച്ചല്ലോ എന്ന സംശയവുമായി, നിരാശയുടെ കയ്പ്പുമായി ജറുസലേമിൽ നിന്നു അറുപതു സ്താദിയോൺ അകലുള്ള എമ്മാവൂസിലേക്ക് പോയ രണ്ട് ശിഷ്യന്മാർ , (Lk. 24: 13-31) വഴിമദ്ധ്യേ രക്ഷകനായ ഈശോയുമായി ചില നിമിഷങ്ങൾ വീണ്ടും ചിലവഴിച്ചപ്പോൾ ദൈവവചനത്താലും ദൈവീക സ്നേഹത്താലും അവരുടെ ഹൃദയം ജ്വലിക്കുകയും കണ്ണുകൾ തുറക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കിൽ ഈശോയുമായി മുപ്പതു വർഷം സംവദിക്കുകയും നിത്യജീവന്റെ വചനങ്ങൾ ശ്രദ്ധിക്കുകയും ചെയ്ത വിശുദ്ധ യൗസേപ്പിതാവിന്റെ ഹൃദയം എത്രകണ്ട് വിശുദ്ധ സ്നേഹത്തിന്റെ തീജ്വാലകളാൽ ജ്വലിച്ചിരിക്കണം എന്നു വിശുദ്ധ അൽഫോൻസ് ലിഗോരി ചോദിക്കുന്നു.

നിരാശയിൽ അകപ്പെട്ടു മറ്റൊരു ജീവിതപാത തേടിയിറങ്ങിയ ശിഷ്യർ ദൈവവചനത്തിന്റെ വ്യാഖ്യനത്താലും ഈശോയുടെ സാമിപ്യത്താലും കണ്ണുകൾ തുറക്കപ്പെടുകയും ഹൃദയം ജ്വലിക്കുകയും ചെയ്തു. കണ്ണുകൾ തുറക്കപ്പെട്ടവന്റെയും ഹൃദയം ജ്വലിച്ചവന്റെയും കൂടെ വസിക്കുമ്പോൾ നമ്മളുടെയും കണ്ണുകൾ തുറക്കപ്പെടുകയും ഹൃദയം ജ്വലിക്കുകയും ചെയ്യും. ജിവിതത്തിൽ നിരാശയും ലക്ഷ്യമില്ലായ്മയും അനുഭവപ്പെടുമ്പോൾ ഈശോയുടെ കൂടെ ഈ ഭുമിയിൽ ഏറ്റവും അടുത്തു വ്യാപരിച്ച യൗസേപ്പിതാവിന്റെ മാതൃകയും പൈതൃകമായ വാത്സല്യവും നമ്മുടെ ജീവിത വഴിത്താരകളിലും പ്രകാശം ചൊരിയും എന്ന കാര്യത്തിൽ സംശയമില്ല. യൗസേപ്പിതാവിന്റെ സാന്നിധ്യവും മാദ്ധ്യസ്ഥവും ഇരുളടഞ്ഞ ജീവിതങ്ങളിൽ പ്രത്യാശയുടെ സരണി വെട്ടിത്തുറക്കും എന്നതിൽ സംശയം വേണ്ടാ.

More Archives >>

Page 1 of 24