Seasonal Reflections - 2024
ജോസഫിലെ ചൈതന്യം നിറഞ്ഞൊഴുകുന്ന ജീവിത ദർശനങ്ങൾ
ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 16-08-2021 - Monday
പതിനൊന്നാം നൂറ്റാണ്ടിൽ ക്രിസ്തുമത സ്വീകരണത്തിനു ഹംഗറിയെ ഒരുക്കിയ രാജാവ് വിശുദ്ധ സ്റ്റീഫന്‍റെ ( ഹംഗറിയിലെ വിശുദ്ധ സ്റ്റീഫന്‍റെ ) തിരുനാളാണ് ആഗസ്റ്റ് പതിനാറാം തീയതി .ക്രിസ്ത്യൻ മൂല്യങ്ങളിൽ അടിയുറച്ച രാജ്യമായി ഹംഗറി വളരുന്നതിൽ വിശുദ്ധ സ്റ്റീഫൻ വഹിച്ച പങ്ക് വളരെ നിർണ്ണായകമാണ്. അദേഹത്തിൻ്റെ ജീവിതദർശനം ഇപ്രകാരമായിരുന്നു.
"എളിമയുള്ളവരായിരിക്കുകഈ ജീവിതത്തിൽ, അടുത്തതിൽ ദൈവം നിന്നെ ഉയർത്തികൊള്ളും. സൗമ്യനായിരിക്കുക, ആരെയും അശ്രദ്ധമായി ശിക്ഷിക്കുകയോ അപലപിക്കുകയോ ചെയ്യരുത്. മാന്യനായിരിക്കുക, അതുവഴി നീ ഒരിക്കലും നീതിയെ എതിർക്കാതിരിക്കുക. ബഹുമാന്യമായിരിക്കുക, അതുവഴി നീ ഒരിക്കലും ആർക്കും ഒരിക്കലും അപമാനം വരുത്താൻ ഇടവരുത്താതിരിക്കട്ടെ. നിർമ്മലനായിരിക്കുക അതുവഴി നീ കാമത്തിന്റെ എല്ലാ വൃത്തികേടുകളും മരണത്തിന്റെ വേദന പോലെ ഒഴിവാക്കുക".
സ്റ്റീഫൻ ചക്രവർത്തിയുടെ ജീവിത ദർശനത്തിൽ യൗസേപ്പിതാവിൻ്റെ ആത്മചൈതന്യം ഒളിഞ്ഞു കിടപ്പുണ്ട്. ഈ ലോകത്തിൽ എളിമയോടെ വർത്തിച്ചതിനാൽ യൗസേപ്പിതാവിനു സ്വർഗ്ഗത്തിൽ സമുന്നത സ്ഥാനം നൽകി ദൈവം അനുഗ്രഹിച്ചു.
സൗമ്യനും ബഹുമാന്യനുമായിരുന്ന യൗസേപ്പിന്റെ ജീവിത നിഘണ്ടുവിൽ അപമാനം എന്ന വാക്കുണ്ടായിരുന്നില്ല. നിർമ്മല സ്നേഹത്തിൻ്റെ പ്രവാചകനായ ആ നല്ല അപ്പൻ ശുദ്ധത പാലിക്കാൻ പരിശ്രമിക്കുന്നവർക്കുള്ള പാഠപുസ്തകമാണ്. യൗസേപ്പിതാവിനെപ്പോലെയും വിശുദ്ധ സ്റ്റീഫനെപ്പോലെയും എളിമയിലും സൗമ്യതയിലും ബഹുമാന്യത്തിലും നിർമ്മലതയിലും നമുക്കു വളരാം.