India - 2024
ഐക്യവും ഐക്യരൂപ്യവും സുപ്രധാനമാണ്: സിനഡിനെ അഭിസംബോധന ചെയ്ത് വത്തിക്കാൻ സ്ഥാനപതി
പ്രവാചകശബ്ദം 17-08-2021 - Tuesday
കാക്കനാട്: സീറോമലബാർ സഭയുടെ സിനഡു സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിൽ മാർപാപ്പയുടെ ഇന്ത്യയിലെ സ്ഥാനപതിയായ ആർച്ച് ബിഷപ്പ് ലിയോ പോൾ ദോ ജിറേല്ലി സിനഡിനെ അഭിസംബോധന ചെയ്തു. കോവിഡ് മഹാമാരിയെ നേരിടുന്നതിൽ സീറോമലബാർ സഭ നൽകുന്ന മാതൃകാപരമായ നേതൃത്വത്തെ ആർച്ച് ബിഷപ്പ് അഭിനന്ദിച്ചു. അജപാലന, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ സീറോമലബാർ സഭയുടെ പ്രവർത്തനങ്ങൾ സാർവ്വത്രിക സഭയ്ക്കുതന്നെ ശക്തിപകരുന്നതാണ്. പൗരസ്ത്യ സഭകൾ തങ്ങളുടെ തനതു പാരമ്പര്യങ്ങൾ പാലിച്ചുകൊണ്ട് സാർവ്വത്രിക സഭാകൂട്ടായ്മയിൽ തുടരുമ്പോഴാണ് സഭ സജീവമാകുന്നത്. സഭയുടെ ഐക്യത്തിന് ആരാധനാക്രമത്തിലെ ഐക്യരൂപ്യം അനിവാര്യമാണ്. ഈ വിഷയത്തിൽ ഫ്രാൻസീസ് മാർപാപ്പ നൽകിയ നിർദേശം നടപ്പിലാക്കാൻ സിനഡിന് ഉത്തരവാദിത്തം ഉണ്ടെന്ന് വത്തിക്കാൻ സ്ഥാനപതി ഓർമ്മിപ്പിച്ചു.
മാർപാപ്പയുടെ തീരുമാനം നടപ്പിലാക്കുന്നത് സഭയുടെ ഐക്യത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സഭയിൽ ആവശ്യമാണ്. ഇതിനായി സഭയിലെ മെത്രാന്മാരും വൈദീകരും ഒരുമനസ്സോടെ ദൈവജനത്തോട് ചേർന്ന് ചിന്തിക്കണം. നിഷിപ്ത താൽപര്യങ്ങളോടെയുള്ള സമ്മർദ്ദ തന്ത്രങ്ങൾ സഭയുടെ അരൂപിക്കു ചേർന്നതല്ല. സഭയോടൊത്ത് ചിന്തിക്കുന്നതിലൂടെയാണ് സഭയുടെ കൂട്ടായ്മ സാധ്യമാകുന്നതെന്ന് ആർച്ച്ബിഷപ് ഓർമ്മിപ്പിച്ചു. സഭയുടെ നിർദേശങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ച് ഇഴയ്ക്കുന്നത് തിരുസഭയുടെ മുഖം വികൃതമാക്കാൻ മാത്രമെ ഉപയോഗപ്പെടുകയുള്ളൂ.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി വത്തിക്കാൻ സ്ഥാനപതിക്ക് ഊഷ്മളമായ സ്വാഗതം ആശംസിച്ചു. പുതിയ ശുശ്രൂഷയിൽ എല്ലാ സഹകരണവും പ്രാർത്ഥനയും മേജർ ആർച്ച് ബിഷപ്പ് വാഗ്ദാനം ചെയ്തു. സിനഡിന്റെ സെക്രട്ടറിയായ മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ വത്തിക്കാൻ സ്ഥാനപതിക്ക് കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു. വത്തിക്കാൻ സ്ഥാനപതിയുടെ പ്രഭാഷണത്തിനു ശേഷം ആരാധനാക്രമത്തെ ആധാരമാക്കിയുള്ള ചർച്ചകൾക്ക് സിനഡിൽ തുടക്കംകുറിച്ചു.