Seasonal Reflections - 2024

ജോസഫ്: ഈശോയ്ക്കായി ഹൃദയത്തിൽ പാര്‍പ്പിടം ഒരുക്കിയവൻ

ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 29-08-2021 - Sunday

സഞ്ചരിക്കുന്ന സക്രാരി എന്നറിയപ്പെട്ടിരുന്ന ഈശോയുടെ തിരുഹൃദയത്തിന്റെ വിശുദ്ധ എവുപ്രാസ്യയുടെ തിരുനാൾ ദിനമാണ് ആഗസ്റ്റ് മാസം 29. ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തുടങ്ങി ഒരോ ദിവ്യകാരുണ്യ സ്വീകരണവേളയിലും എവുപ്രാസ്യാമ്മ ഒരു പ്രാർത്ഥന ചൊല്ലിയിരുന്നു. "ഈശോയേ, അങ്ങയുടെ പാര്‍പ്പിടം എന്റെ ഹൃദയത്തില്‍നിന്ന് ഒരിക്കലും മാറ്റരുതേ.”

ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രനു നസറത്തിൽ പാർപ്പിടമൊരിക്കിയവനാണ് യൗസേപ്പിതാവ്. അതു ഭൗതീക പാർപ്പിടമായിരുന്നെങ്കിൽ യൗസേപ്പിതാവിൻ്റെ ഹൃദയത്തിൽ സ്നേഹപൂമെത്തയാൽ അലങ്കരിച്ച ഒരു പാർപ്പിടം ഈശോയ്ക്കായി എന്നും സൂക്ഷിച്ചിരുന്നു. അവൻ്റെ ഹൃദയത്തിൽ ഈശോയ്ക്കു പാർപ്പിടമൊരുക്കിയതിനാലാണ് അവതരിച്ച വചനമായ ദൈവപുത്രനു വേണ്ടി എന്തു ത്യാഗം സഹിക്കാനും വിശ്വസ്തയിൽ മുന്നേറാനും യൗസേപ്പിതാവിനു സാധിച്ചത്. ഈശോയ്ക്കായി ഹൃദയ വീട് പണിയുന്നവർക്ക് സഹനങ്ങളോ ക്ലേശങ്ങളോ പരാതികളാകുന്നില്ല ,അവ ഹൃദയ വീട് അലങ്കരിക്കാനുള്ള പുണ്യപുഷ്പങ്ങളായി മാറുന്നു. യൗസേപ്പിതാവിൻ്റെയും എവുപ്രാസ്യയാമ്മയുടെയും ജീവിതം അതാണ് നമ്മളെ പഠിപ്പിക്കുക.

ഇന്നലെ (ഓഗസ്റ്റ് 28നു) പ്രസിദ്ധീകരിക്കേണ്ടിയിരിന്ന ജോസഫ് ചിന്ത ‍

ആഗസ്റ്റ് ഇരുപത്തിയെട്ടാം തീയതി സഭാപിതാവും മെത്രാനുമായിരുന്ന വിശുദ്ധ ആഗസ്തിനോസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. തിരുസഭാ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനം ചെലുത്തിയ ദൈവശാസ്ത്രജ്ഞനായ വി. ആഗസ്തിനോസ് ദൈവത്തിനായി അലഞ്ഞു അവസാനം തൻ്റെ ഉള്ളിൽ അവനെ കണ്ടെത്തിയപ്പോൾ ഇപ്രകാരം എഴുതി: "ദൈവവുമായി സ്നേഹത്തിലാകുന്നതാണ് ഏറ്റവും വലിയ പ്രേമം. അവനെ അന്വോഷിക്കുകയാണ് ഏറ്റവും വലിയ സാഹസികത. അവനെ കണ്ടെത്തുകയാണ് മനുഷ്യൻ്റെ ഏറ്റവും വലിയ നേട്ടം.''

ആഗസ്തിനോസിനു നാലു നൂറ്റാണ്ടുകൾക്കു മുമ്പു ദൈവവുമായി സ്നേഹത്തിലാകുന്നതാണ് ജിവിതത്തിൻ്റെ സൗന്ദര്യം എന്നു തിരിച്ചറിഞ്ഞ ഒരു സാധാരണക്കാരൻ നസറത്തിൽ വസിച്ചിരുന്നു, അതിനായി ഏതു വിട്ടുവീഴ്ചക്കും അവൻ തയ്യാറായി, ബോധപൂർവ്വം അപമാനം സ്വീകരിക്കാൻ തയ്യാറായി. ഒരിക്കലും ദൈവ വഴിയിൽ നിന്നു അകന്നുപോയില്ല അവൻ്റെ പേരാണ് ജോസഫ്. പരിശുദ്ധ ത്രിത്വവുമായി സ്നേഹത്തിലായ അവൻ ദൈവപുത്രനു വേണ്ടി അലയാൻ ഒരു മടിയും കാണിച്ചില്ല . ഈശോയ്ക്കു വേണ്ടി ഉറക്കത്തിലും അവൻ ഉണർവുള്ളവനായി. അവൻ പദചലങ്ങൾ തീർത്ഥാടനമാക്കി.

ഒരു വ്യക്തിയെ മനസ്സിലാക്കാൻ ആഗസ്തിനോസ് നിർദ്ദേശിക്കുന്ന ഫോർമുല ഇപ്രകാരമാണ്: "ഒരു വ്യക്തിയുടെ സ്വഭാവം കണ്ടെത്തുന്നതിന് അവൻ സ്നേഹിക്കുന്നതിനെ നമ്മൾ നിരീക്ഷിച്ചാൽ മതി."ഈ ഫോർമുല യൗസേപ്പിതാവിൻ്റെ ജീവിതവുമായി ചേർത്തുവച്ചാൽ യൗസേപ്പിതാവിൻ്റെ സ്വഭാവം മനസ്സിലാക്കാൻ ആ പിതാവു സ്നേഹിച്ച ദൈവപിതാവിലേക്കു അല്ലെങ്കിൽ ഈശോയിലേക്കു നോക്കിയാൽ മതി.

ദൈവത്തിൻ്റെ സ്വഭാവ ഗുണങ്ങൾ ജീവിതത്തിൽ ഏറ്റുവാങ്ങിയ യൗസേപ്പിതാവിനെ നമ്മുടെ മധ്യസ്ഥനും സഹകാരിയുമാക്കി നമുക്കു സന്തോഷത്തോടെ സ്വീകരിക്കാം.


Related Articles »