News

'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്നുള്ള വിളിയാകണം പ്രാര്‍ത്ഥനയുടെ മൂലകല്ല്: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 18-06-2016 - Saturday

വത്തിക്കാന്‍: 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന് വിളിച്ചു വേണം ക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കുവാനെന്നും, പ്രാര്‍ത്ഥനയുടെ മൂലകല്ലായി ഈ വിളി മാറണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സാന്താ മാര്‍ത്താ ദേവാലയത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുമ്പോള്‍ നടത്തിയ പ്രസംഗത്തിലാണ് പ്രാര്‍ത്ഥനയുടെ രീതിയും കാഴ്ചപാടുകളും എങ്ങനെയാവണമെന്നു പാപ്പ വിശദമാക്കിയത്. ക്രൈസ്തവരെ സംബന്ധിച്ച് പ്രാര്‍ത്ഥന എന്നത് മാന്ത്രിക വാക്കുകള്‍ അല്ലെന്നും, പിതാവേ എന്നു വിളിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥനകളിലേക്ക് ചെവിചായ്ക്കുന്ന അനുഭവം നമുക്ക് ഉണ്ടാകുമെന്നും പാപ്പ പ്രസംഗത്തില്‍ പറഞ്ഞു.

ക്രിസ്തു തന്റെ ശിഷ്യന്‍മാരെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ച ഭാഗത്തു നിന്നുമാണ് പാപ്പ തന്റെ സുവിശേഷ വായന നടത്തിയത്. 'പിതാവേ' എന്ന്‍ വിളിച്ചായിരുന്നു യേശു പ്രാര്‍ത്ഥിച്ചിരുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടികാട്ടി. "യേശുവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥനകളില്‍ നമുക്ക് ഇത് വ്യക്തമായി കാണുവാന്‍ കഴിയും. ലാസറിന്റെ കല്ലറയില്‍ ചെന്നു ദുഃഖത്തോടെ അവിടുന്ന് വിതുമ്പിയപ്പോളും പീഡാനുഭവത്തിനു മുമ്പ് ഗദ്സമനില്‍ പ്രാര്‍ത്ഥിച്ചപ്പോളും ക്രിസ്തു, പിതാവേ എന്നു വിളിക്കുന്നതായി കാണാം". ഫ്രാന്‍സിസ് പാപ്പ വിശദീകരിച്ചു.

"ദൈവത്തിന്റെ മക്കളാണെന്ന ബോധ്യം വരാതെ നാം എത്ര പ്രാര്‍ത്ഥിച്ചാലും അതില്‍ പ്രയോജനം ഇല്ലായെന്ന കാര്യം നാം ഓര്‍ക്കണം. അത് വെറും അധരവ്യായാമം മാത്രമായി തീരുകയാണ് ചെയ്യുന്നത്. വിഗ്രഹാരാധകരും ഇത്തരത്തിലാണ് ചെയ്യുന്നത്. വാക്കുകള്‍ മാത്രമായി അവരുടെ പ്രാര്‍ത്ഥന മാറുന്നു. മക്കളായി നമ്മേ തിരഞ്ഞെടുത്ത അപ്പനെയാണ് നാം വിളിക്കുന്നതും ആവശ്യങ്ങള്‍ പറയുന്നതെന്നും എന്ന്‍ ബോധ്യം നമ്മുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. വിശുദ്ധരോടും മാലാഖമാരോടും പ്രാര്‍ത്ഥിക്കുന്നതും പുണ്യസ്ഥലങ്ങളിലേക്ക് യാത്രകള്‍ നടത്തുന്നതുമെല്ലാം നല്ല കാര്യമാണെന്നും, എന്നാല്‍ ഇവിടെയെല്ലാം നടത്തുന്ന പ്രാര്‍ത്ഥനകളുടെ ആരംഭം പിതാവിനെ വിളിച്ചുള്ളതായിരിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

"പിതാവിന്റെ കൃപയാല്‍ സ്ഥാപിതമായ വലിയ കുടുംബത്തിലെ അംഗങ്ങളാണ് നാമൊരുരുത്തരും. ദൈവം നമ്മോടു ക്ഷമിച്ചിരിക്കുന്നതു പോലെ തന്നെ നമ്മളോടു തെറ്റു ചെയ്യുന്നവരോട് നാമും ക്ഷമിക്കണമെന്നു ക്രിസ്തു നമ്മേ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവരും നമ്മുടെ സഹോദരങ്ങളാണെന്ന വസ്തുത മനസിലാക്കി തരുന്ന വാചകങ്ങളാണിത്. കായേന്‍ സഹോദരനോട് ചെയ്തതിന് വിപരീതമായി അനുദിന ജീവിതത്തില്‍ സഹോദരങ്ങളോട് ക്ഷമിക്കാന്‍ നമുക്ക് സാധിക്കണം" പാപ്പ പറഞ്ഞു.

സ്വര്‍ഗസ്ഥനായ പിതാവേ എന്നുള്ള പ്രാര്‍ത്ഥന ധ്യാനത്തോടെ നമ്മേ തന്നെ വിലയിരുത്തി ചിന്തിക്കുന്നത് നല്ലതാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. "ദൈവം നമ്മുടെ പിതാവാണോ? അങ്ങനെ അല്ല എന്ന ചിന്ത നമ്മില്‍ വന്നാല്‍, പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ ചിന്തയ്ക്ക് മാറ്റം വരുന്നതിനായി നാം പ്രാര്‍ത്ഥിക്കണം. നമുക്ക് മറ്റുള്ളവരോട് ക്ഷമിക്കുവാന്‍ പറ്റുന്നുണ്ടോ? ഇല്ലായെങ്കില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കണം. ദൈവമേ ഞങ്ങള്‍ എല്ലാവരും അവിടുത്തെ മക്കളാണ്. നിന്റെ മക്കളായ ചിലര്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ചില പ്രവര്‍ത്തികള്‍ ചെയ്യുന്നു. അവരോട് ക്ഷമിക്കുവാനുള്ള കൃപ നീ എനിക്ക് നല്‍കേണമേ. ഇത്തരത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മിലേക്ക് നിരവധിയായ നന്മകള്‍ കടന്നു വരും". വിശ്വാസഗണത്തെ ഇങ്ങനെ ഉത്ബോദിപ്പിച്ചാണ് മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.