News - 2025
സെപ്റ്റംബർ 1-ന് സൃഷ്ടിയുടെ സുരക്ഷയ്ക്കായി ലോക പ്രാർത്ഥനാദിനാചരണം: ഫ്രാൻസിസ് മാർപാപ്പ
അഗസ്റ്റസ് സേവ്യർ 12-08-2015 - Wednesday
വത്തിക്കാൻ സിറ്റി: ഓർത്തോഡക്സ് സഭയിലെ സഹോദരരെ പോലെ കത്തോലിക്കാ സഹോദരരും സെപ്റ്റംബർ 1-ാം തിയതി സൃഷ്ടിയുടെ സുരക്ഷയ്ക്കായുള്ള പ്രാർത്ഥനാദിനമായി ആചരിക്കുവാൻ ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശം പുറപ്പെടുവിച്ചു.
സൃഷ്ടിയുടെ മേലുള്ള മനുഷ്യന്റെ ചിന്താരഹിതമായ കൈയേറ്റങ്ങൾക്ക് ദൈവത്തോട് മാപ്പിരക്കാനും സൃഷ്ടിയുടെ സുരക്ഷയ്ക്കായി ദൈവത്തോട് പ്രാർത്ഥിക്കാനുമായി വ്യക്തികളും ക്രൈസ്തവസമൂഹങ്ങളും പ്രാർത്ഥനാദിനം വിനിയോഗിക്കണമെന്നും പരിശുദ്ധ പിതാവ് അഭ്യർത്ഥിച്ചു.
പോന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റുമാരായ കർഡിനാൾ പീറ്റർ ടർക്സൻ (Pontifical Council for Justice and Peace), കർഡിനാൾ കുർട്ട് കോക്(Pontifical Council for Promoting Christian Unity) എന്നിവർക്ക് അയച്ച പത്രികയിൽ, സഭയുടെ കലണ്ടറിൽ ഈ ദിനം ലോക പ്രാർത്ഥനാദിനമായി കൂട്ടി ചേർക്കാനുള്ള തന്റെ തീരുമാനം മാർപാപ്പ അറിയിച്ചു.
ഓഗസ്റ്റ് 6-ാം തീയതി അയച്ച എഴുത്തുകൾ ഓഗസ്റ്റ് 10-ാം തിയതി വത്തിക്കാൻ പ്രസിദ്ധീകരിച്ചു.
1989-ൽ കോൺസ്റ്റബിനോപ്പിളിൽ ഓർത്തോഡക്സ് സഭയുടെ മുഖ്യാചാര്യൻ ബർത്തലോമിയ പാത്രിയാർക്കീസ് സമാനമായ രീതിയിൽ പ്രാർത്ഥനാദിനത്തിന് നിർദ്ദേശം നൽകിയത് ഓർമിപ്പിച്ചു കൊണ്ട്, താൻ ആ ചേതോവികാരം പങ്ക് വെയ്ക്കുന്നു എന്നും, ആ ദിവസം തന്നെ കത്തോലിക്ക സഭ സൃഷ്ടി സുരക്ഷയ്ക്കുള്ള പ്രാർത്ഥനാദിനമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നുവെന്നും അറിയിച്ചു.
കഴിഞ്ഞ ജൂൺ 18-ന് ഫ്രാൻസിസ് മാർപാപ്പ തന്റെ വിശുദ്ധ ലേഖനം "Laudato si" പ്രകാശനം ചെയ്തപ്പോൾ പാത്രിയാർക്കീസ് തിരുമേനിയുടെ പ്രതിനിധിയായി അവിടെ സന്നിഹിതനായിരുന്ന മെത്രാപ്പോലീത്ത ജോൺ തിരുമേനി, ക്രിസ്തീയ സഭകളെല്ലാം ഒന്നിച്ച് സെപ്റ്റംബർ ഒന്നാം തിയതി സൃഷ്ടിപരിപാലനത്തിനു വേണ്ടിയുള്ള പ്രാർത്ഥനാദിനമായി ആചരിക്കുന്നത് ഉചിതമായിരിക്കുമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. " അത് വിവിധ ക്രൈസ്തവ സഭകളുടെ ഐക്യത്തിലേക്കുള്ള ഒരു ചുവടുവെയ്പ്പായിരിക്കും." അദ്ദേഹം പറഞ്ഞു.
ഭൗതീക ജീവിതത്തിന്റെ ആത്മീയ അടിത്തറ പുനരാവിഷ്ക്കരിക്കേണ്ട ചുമതല ക്രൈസ്തവർക്കുണ്ടെന്നും അതിന്റെ ആദ്യപടി ആത്മീയതയെ ഭൗതീക ശരീരത്തിൽ നിന്നും പ്രകൃതിയിൽ നിന്നും വേർതിരിച്ചു നിറുത്തുവാൻ ആവില്ലെന്ന തിരിച്ചറിവാണെന്നും പീതാവ് ചൂണ്ടി കാണിച്ചു.
ഇപ്പോഴത്തെ പാരിസ്ഥിക പ്രതിസന്ധി ഗഹനമായ ഒരു ആത്മീയ രൂപാന്തരീകണത്തിനുള്ള ദൈവകൽപ്പനയായി മനസ്സിലാക്കണം.
ദൈവത്തിന്റെ സൃഷ്ടിയുടെ കാവൽപ്പോരാളികളാകുന്നത് നന്മ നിറഞ്ഞ ഒരു ജീവിതത്തിലേക്ക് നയിക്കും
സൃഷ്ടി സുരക്ഷാ ദിനാചരണ പ്രാർത്ഥന സൃഷ്ടിയുടെ പരിചാരകരാകാനുള്ള .നമ്മുടെ ദൈവനിയോഗം. ഓർമിപ്പിക്കാനുള്ള സന്ദർഭം കൂടിയാണ്.
പരിശുദ്ധ പിതാവ് പറയുന്നു: "മഹത്തായ ഈ ദൗത്യത്തിന്റെ സമാരംഭത്തിൽ ദൈവമാതാവിന്റെ മാദ്ധ്യസ്ഥം പ്രാർത്ഥിക്കുന്നതോടൊപ്പം ജീവജാലങ്ങളെ സംബന്ധിച്ച ഫ്രാൻസിസ് അസീസ്സി പൂണവാളന്റെ സ്തോത്രാലാപനത്തിലൂടെ സൃഷ്ടിയുടെ മാഹാത്മ്യം പ്രകീർത്തിക്കുകയും ചെയ്യുന്നു."
