India - 2024
ഭീകര തീവ്രവാദ പ്രസ്ഥാനങ്ങളുടെ അജണ്ട നിസാരവത്കരിക്കരുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
പ്രവാചകശബ്ദം 18-09-2021 - Saturday
കോട്ടയം: കേരളത്തിലെ വിദ്യാഭ്യാസമേഖലയെ ലക്ഷ്യംവയ്ക്കുന്ന ഭീകരതീവ്രവാദപ്രസ്ഥാനങ്ങളുടെ അജന്ഡുകള്‍ നിസാരവത്കരിക്കരുതെന്നും ഭരണമുന്നണിയിലെ പ്രമുഖ കക്ഷിതന്നെ ഇക്കാര്യം തുറന്നുസമ്മതിച്ചിരിക്കുന്നത് ഗൗരവമായിട്ടെടുത്ത് അടിയന്തര ഇടപെടലുകളുണ്ടാകണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഭീകരവാദപ്രസ്ഥാനങ്ങളുടെ വിദ്യാഭ്യാസമേഖലയിലെ കൈകടത്തലിനെക്കുറിച്ചു കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിനിടെ പലതവണ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ആവര്‍ത്തിച്ചു സൂചിപ്പിച്ചപ്പോള്‍ പലരും അവഗണിച്ചു.
ഏറെ ആസൂത്രിതമായ ദീര്‍ഘകാല അജന്ഡെകള്‍ കേരളത്തിലെ വിദ്യാഭ്യാസമേഖലയെ കേന്ദ്രീകരിച്ച് ഭീകരവാദപ്രസ്ഥാനങ്ങള്‍ രൂപം നല്‍കിയിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നു. സ്വതന്ത്ര വിദ്യാര്‍ഥി സംഘടനകള്‍ രൂപീകരിച്ചു ചില പ്രഫഷണല്‍ കോളജുകളിലെ വിദ്യാര്‍ഥി യൂണിയനുകള്‍ ഇക്കൂട്ടര്‍ പിടിച്ചടക്കിയിരിക്കുന്നത് ഇതിന്റെ ചില സൂചനകള്‍ മാത്രം. വിദേശ രാജ്യങ്ങളില്‍നിന്ന് ഉന്നതവിദ്യാഭ്യാസമേഖലയിലെ വിവിധ കോഴ്‌സുകളിലേക്കുള്ള അഡ്മിഷനുവേണ്ടി ഒരിക്കലുമില്ലാത്ത കുതിച്ചുചാട്ടമാണ് 202122ലെന്നു കേരള യൂണിവേഴ്‌സിറ്റിയുടേതായി 2021 ഓഗസ്റ്റ് 6ന് മാധ്യങ്ങളില്‍വന്ന കുറിപ്പില്‍ പറയുന്നു. ലഭിച്ച 24,044 ആപ്ലിക്കേഷനുകള്‍ പ്രധാനമായും ഇറാന്‍, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശ് എന്നി രാജ്യങ്ങളില്‍ നിന്നുള്ളതാണ്.
കേരളത്തില്‍നിന്നും കുട്ടികള്‍ വിദേശത്തേക്കും ഇതരസംസ്ഥാനങ്ങളിലേക്കും ഉപരിപഠനത്തിനു പോകുന്‌പോള്‍ കേരളത്തിലേക്ക് ഭീകരപ്രസ്ഥാനങ്ങളുടെ കേന്ദ്രങ്ങളായ രാജ്യങ്ങളില്‍നിന്ന് ഉപരിപഠനത്തിന് എത്തുന്നവരുടെ ലക്ഷ്യമെന്തെന്ന് വിലയിരുത്തപ്പെടണം. കാഷ്മീരില്‍നിന്നും കേരളത്തിലെ കോളജുകളില്‍ പഠിക്കുവാന്‍ എത്തിയിരിക്കുന്നവരെയും നിരീക്ഷണവിധേയരാക്കേണ്ടതുണ്ട്. കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ നിര്‍ണായക പങ്കാളിത്തവും ഉന്നതനിലവാരവും പുലര്‍ത്തുന്ന ക്രൈസ്തവ സ്ഥാപനങ്ങള്‍ വരുംനാളുകളില്‍ ഈ തലങ്ങളില്‍ നേരിടാനിരിക്കുന്ന വെല്ലുവിളികള്‍ ചെറുതായിരിക്കില്ലെന്നും ഏറെ മുന്‍കരുതലോടെ നീങ്ങണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.