News
ഫാദര്‍ ടോം ഉഴുന്നാലിന്റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്നും സന്ദേശങ്ങള്‍; ടോം അച്ചന് വേണ്ടി സംസാരിക്കുന്നുവെന്ന് അജ്ഞാതന്‍
സ്വന്തം ലേഖകന്‍ 21-06-2016 - Tuesday
തെക്കന്‍ യെമനില്‍ നിന്നും ഭീകരര്‍ തട്ടി കൊണ്ടു പോയ വൈദികന്‍ ഫാ.ടോം ഉഴുന്നാലിന്‍റെ ഫെയ്സ്ബുക്ക് അക്കൌണ്ട് അജ്ഞാതന്‍ ഹാക്ക് ചെയ്തു. ഫാ.ഉഴുന്നാലില്‍ ഉപയോഗിച്ച് കൊണ്ടിരിന്ന ഫെയ്സ്ബുക്ക് അക്കൌണ്ടില്‍ കഴിഞ്ഞ ദിവസം മുതലാണ് അദ്ദേഹത്തിന്റെ പേരില്‍ പോസ്റ്റുകള്‍ വന്ന്‍ തുടങ്ങിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഫാ.ടോം ഉഴുന്നാലിന്റെ സുഹൃത്തുക്കള്‍ ഈ പോസ്റ്റുകളുടെ ആധികാരികത ചോദ്യം ചെയ്തു മറുപടി പോസ്റ്റുകള്‍ ഇട്ടു തുടങ്ങിയിരിന്നു. തുടര്‍ന്നു താന്‍ ടോമിന്റെ സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞിട്ടാണ് പോസ്റ്റുകള്‍ ചെയ്യുന്നതെന്നുമായി വാദം.
യൂറോപ്യന്‍ പുരോഹിതന്‍ അല്ലാത്തതിനാലാണ് തന്നെ രക്ഷിക്കാന്‍ നടപടികള്‍ ഇല്ലാത്തതെന്ന് പോസ്റ്റുകളില്‍ പറയുന്നു. ഇതില്‍ ഫാ.ടോം അത്യധികം വേദനയിലാണെന്നും ഇതേ പോസ്റ്റില്‍ പറയുന്നു. ഇന്ത്യന്‍ ഗവണ്‍മെന്റും ക്രിസ്ത്യന്‍ മാധ്യമങ്ങളും ടോം ഉഴുന്നാലില്‍ മോചിതനാകുമെന്ന് പറയുന്നുണ്ടെങ്കിലും ആരും ഒന്നും ചെയ്യില്ലെന്നും തുടര്‍ പോസ്റ്റുകളിലൂടെ ആരോപിക്കുന്നുണ്ട്.
ആരാണ് ഇത് ചെയ്തതെന്ന ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ ചോദ്യത്തിന് സുരക്ഷകാരണങ്ങളാല്‍ വെളിപ്പെടുത്താനാകിലെന്നാണ് പോസ്റ്റ് ചെയ്യുന്ന ആളുടെ മറുപടി. ഒരു മെസ്സേജിലൂടെ അക്കൌണ്ട് പാസ്വേഡ് ഫാ.ടോം ഉഴുന്നാലില്‍ തന്നെ അറിയിച്ചതാണെന്നും ഇപ്പോള്‍ ആ മൊബൈല്‍ നമ്പര്‍ നിലവിലിലെന്നുമാണ് ഇയാള്‍ നല്‍കുന്ന വിശദീകരണം. ടോമിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ ശബ്ദം ഈ ലോകത്തെ അറിയിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നാണ് പുതിയ പോസ്റ്റ്.