News
ഓര്‍ത്തഡോക്‌സ് സഭകളുടെ ആഗോള സമ്മേളനത്തിന് പ്രാര്‍ത്ഥനാശംസകള്‍ അറിയിക്കുന്നതായി മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 21-06-2016 - Tuesday
വത്തിക്കാന്‍: ക്രീറ്റില്‍ ആരംഭിച്ച ആഗോള ഓര്‍ത്തഡോക്‌സ് സഭകളുടെ കൗണ്‍സില്‍ യോഗത്തിനു ആശംസകള്‍ അറിയിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഓര്‍ത്തഡോക്‌സ് സഭകളുടെ ആഗോള സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ച മാര്‍പാപ്പ, ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളായ സഹോദരര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറ്റുള്ളവരോട് ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ തന്റെ പ്രസംഗം കേള്‍ക്കുവാന്‍ ഒത്തുകൂടിയ ആയിരങ്ങളോട് കൂടെ, ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ മഹാസമ്മേളനത്തിനു വേണ്ടി പാപ്പ പ്രാര്‍ത്ഥിച്ചു. കൌണ്‍സിലിന് ട്വിറ്ററില്‍ പാപ്പ തന്റെ ആശംസകളും പ്രാര്‍ത്ഥനയും കുറിക്കുകയും ചെയ്തു.
"ഓര്‍ത്തഡോക്‌സ് സഭകളുടെ മഹാസമ്മേളനത്തിന്റെ നടത്തിപ്പിനു വേണ്ടി നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം. പരിശുദ്ധാത്മാവിന്റെ അഭിഷേക വരങ്ങളാല്‍ പാത്രീയാര്‍ക്കീസുമാരും, ആര്‍ച്ചുബിഷപ്പുമാരും, ബിഷപ്പുമാരും നിറയുവാന്‍ നമുക്കും നാഥനോട് അപേക്ഷിക്കാം" പാപ്പ പറഞ്ഞു. ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്ന ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളുടെ പെന്തകൊസ്ത് ദിനം കൂടിയാണ് സമ്മേളനത്തിന്റെ ആരംഭ ദിനമെന്ന കാര്യവും മാര്‍പാപ്പ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. എക്യൂമിനിക്കല്‍ പാത്രീയാര്‍ക്കീസും സമ്മേളനത്തിന്റെ അധ്യക്ഷനുമായ കോണ്‍സ്‌റ്റെന്റിനോപ്പോളിലെ ബിഷപ്പ് ബര്‍ത്തോമി മാര്‍പാപ്പയുടെ ട്വിറ്റര്‍ സന്ദേശം റീ-ട്വീറ്റ് ചെയ്തിട്ടുണ്ട്.
ക്രീറ്റിലെ ഹെരാക്ലിയോനിലുള്ള സെന്റ് മിനാസ് ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയുടെ മധ്യേ എക്യൂമിനിക്കല്‍ പാത്രീയാര്‍ക്കീസ് ബര്‍ത്തോമി ഓര്‍ത്തഡോക്‌സ് സഭകള്‍ എല്ലാം ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. "സഭ ക്രിസ്തുവില്‍ ഒന്നാണ്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ശാഖകള്‍ എന്നപോലെ മാത്രം ഓര്‍ത്തഡോക്‌സ് സഭകള്‍ പ്രവര്‍ത്തിക്കുന്നു. സഭയെ വിഭജിക്കുവാനോ ഒന്നില്‍ നിന്നും മറ്റൊന്നിനെ അടര്‍ത്തിമാറ്റുവാനോ ആരാലും സാധ്യമല്ല" പാത്രീയാര്‍ക്കീസ് ബര്‍ത്തോമി കൂട്ടിച്ചേര്‍ത്തു.
ബള്‍ഗേറിയ, റഷ്യ, ജോര്‍ജിയന്‍- അന്ത്യോക്യന്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. ഇത് സംബന്ധിക്കുന്ന ഒരു പരാമര്‍ശവും ബര്‍ത്തോമി പാത്രീയാര്‍ക്കീസ് തന്റെ പ്രസംഗത്തില്‍ നടത്തിയില്ല. യോഗത്തിന്റെ മുന്നോടിയായി ജനുവരിയില്‍ വിളിച്ചു കൂട്ടിയ സമ്മേളനത്തില്‍ 14 ഓര്‍ത്തഡോക്‌സ് സഭകളും പങ്കെടുക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നതാണ്. ചില മേഖലകളില്‍ നില നില്‍ക്കുന്ന അധികാര തര്‍ക്കങ്ങള്‍ മൂലമാണ് നാലു സഭകളും സമ്മേളനത്തില്‍ നിന്നും പിന്മാറിയത്. കൗണ്‍സില്‍ ആരംഭിക്കുന്നതിനു മുമ്പ് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച നാലു ഓര്‍ത്തഡോക്‌സ് സഭകളോടും സമ്മേളനത്തില്‍ പങ്കെടുക്കുന്ന 10 സഭകളുടെ പാത്രീയാര്‍ക്കീസുമാരും മെത്രാന്‍മാരും പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതും ഫലം കണ്ടില്ല.
സഭകളില്‍ ഇപ്പോഴും തുടരുന്ന ചില തെറ്റായ നടപടികള്‍ അവസാനിപ്പിക്കുവാനുള്ള തീരുമാനം ഈ കൗണ്‍സിലില്‍ തന്നെ സ്വീകരിക്കുമെന്നാണ് ബര്‍ത്തോമി പാത്രീയാര്‍ക്കീസ് അറിയിച്ചിരിക്കുന്നത്. വിവിധ ആശയങ്ങളും ആചാരങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും നിലനില്‍ക്കുവെങ്കിലും ക്രിസ്തുവില്‍ സഭ ഒന്നാണെന്നു പാത്രീയാര്‍ക്കീസ് ബര്‍ത്തോമി കൂട്ടിച്ചേര്‍ത്തു. മുമ്പ് സമ്മേളനത്തില്‍ നിന്നും കൂടുതല്‍ സഭകള്‍ പിന്മാറുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്റെ ആശങ്ക മാര്‍പാപ്പ പ്രകടിപ്പിക്കുകയും സമ്മേളനത്തിന്റെ നല്ല രീതിയിലുള്ള നടത്തിപ്പിനായി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.