Meditation. - June 2024
യേശു ക്രിസ്തു എനിക്ക് ആരാണ്?
സ്വന്തം ലേഖകന്‍ 21-06-2016 - Tuesday
''അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സംപൂര്‍ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ'' (എഫേസോസ് 3:19).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 21
1975-ല്‍ ഒരു പുസ്തകം ക്ലാക്കോയില്‍ പ്രസിദ്ധീകരിച്ചു. ''യേശുക്രിസ്തു എനിക്ക് ആരാണ്?'' എന്നാണ് ആ പുസ്തകത്തിന്റെ പേര്. മുപ്പതുവര്‍ഷക്കാലമായി സാമൂഹ്യ-സാംസ്‌ക്കാരികവിഷയങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന ഒരു കത്തോലിക്കാ ആഴ്ചപ്പതിപ്പ് അവര്‍ നടത്തിയ വിവരാന്വേഷണങ്ങളുടെ ഫലം ഒരു ചോദ്യാവലിയുടെ രൂപത്തില്‍ പുറത്തിറക്കിയതായിരുന്നു അതിന്റെ ഉള്ളടക്കം. അത് കൊണ്ട് തന്നെ ഈ പുസ്തകം പോളണ്ടില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റി. ചോദ്യങ്ങളുടെ ഉത്തരമായി നൂറുകണക്കിന് മറുപടികള്‍ അവര്‍ക്ക് ലഭിച്ചു. അവ വിവിധ വിഷയ തലക്കെട്ടുകളിലായി ചേര്‍ത്ത് പ്രസിദ്ധീകരിച്ച ആ പുസ്തകം അനേകം ജനങ്ങളുടെ സ്വകാര്യജീവിതങ്ങളുടെ ഹൃദയഹാരിയായ ഒരു ചിത്രമാണ് വരച്ചുകാട്ടിയത്.
പ്രസ്തുത പുസ്തകം വായിച്ചുകഴിഞ്ഞപ്പോള്‍, ഒരു മെത്രാനും ഇടയനുമെന്ന നിലയ്ക്ക്, ഞാന്‍ അത്യധികം പരവശനായി. കാരണം, മനുഷ്യരിലും, അവരുടെ ചിന്തകളിലും, അവരുടെ ഹൃദയങ്ങളിലും സജീവമായിരിക്കുന്ന ക്രിസ്തുവിലെ മനുഷ്യവ്യക്തിയെപ്പറ്റിയുള്ള സത്യത്തിന്റെ അടിസ്ഥാനപരമായ പ്രാധാന്യമാണ് ഓരോ മറുപടിയും ഉറപ്പാക്കിയത്. ഈ ജനങ്ങള്‍ക്ക് യേശുക്രിസ്തു ആരാണ്? പത്രാധിപര്‍ക്ക് കിട്ടിയ എല്ലാ മറുപടികളും പേരുവയ്ക്കാത്തവയായിരുന്നു;
എങ്കിലും, അവയെക്കെല്ലാം ശരിയായ പശ്ചാത്താപത്തിന്റെ സ്വഭാവമുണ്ടായിരുന്നു, കാരണം അവ എഴുതിയ ആളിന്റെ സ്വന്തം മതപരവും സാന്മാര്‍ഗ്ഗികവുമായ അനുഭവത്തില്‍ നിന്നും ഉയര്‍ന്നുവന്ന ആഴത്തിലുള്ള ആത്മീയ പ്രശ്‌നങ്ങളാണ് ഓരോ ഉത്തരവും വെളിവാക്കിയത്. ഈ മറുപടികളിലെ ആത്മാര്‍ത്ഥതയും സത്യസന്ധതയും, ഒരു മെത്രാനും ഇടയനുമെന്ന നിലയ്ക്ക് എനിക്ക് കാണിച്ചുതന്നത് ദൈവീക കൃപ എത്രമാത്രം സമൃദ്ധമാണെന്നാണ്; ''ക്രിസ്തുവിന്റെ സ്‌നേഹം സകല അറിവിനും അതീത''മാണെന്നുമാണ് ഈ പുസ്തകം എന്നെ പഠിപ്പിച്ചത്.
(എസ് ഓഫ് സി).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.