News - 2024
വിശുദ്ധ സൈമണ്‍ സ്‌റ്റോക്കിന്റെ കര്‍മഭൂമിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ തീര്‍ത്ഥാടനം
ഷൈമോന്‍ തോട്ടുങ്കല്‍ 11-10-2021 - Monday
എയ്ല്‍സ്‌ഫോര്‍ഡ്: കര്‍മലമാതാവിന്റെ പ്രത്യക്ഷീകരണത്താല്‍ പ്രസിദ്ധവും വിശുദ്ധ സൈമണ്‍ സ്‌റ്റോക്കിന്റെ കര്‍മഭൂമിയുമായിരുന്ന ബ്രിട്ടനിലെ എയ്ല്‍സ്‌ഫോര്‍ഡിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന നാലാമത് തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കിയ മരിയന്‍ തീര്‍ഥാടനത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നു വൈദികരും സമര്‍പ്പിതരുമടക്കം അനേകം വിശ്വാസികള്‍ പങ്കെടുത്തു.
മാതാവിന്റെ ഗ്രോട്ടോയ്ക്കു മുന്നില്‍ പരിശുദ്ധ ജപമാലയോടുകൂടിയാണു തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്കു തുടക്കമായത്. തുടര്‍ന്നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ മോണ്‍. ജോര്‍ജ് ചേലക്കല്‍, മോണ്‍. ജിനോ അരീക്കാട്ട് എന്നിവരും രൂപതയിലെ മറ്റു വൈദികരും സഹകാര്‍മികരായി. വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസത്തെ മുറുകെപ്പിടിക്കാനും പ്രതിസന്ധികളില്‍ കര്‍മലമാതാവിന്റെ സംരക്ഷണം തേടാനും മാര്‍ സ്രാന്പിക്കല്‍ ആഹ്വാനം ചെയ്തു. പ്രദക്ഷിണത്തിനുശേഷം സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.