News - 2024

ശ്രീലങ്കയില്‍ നിന്നും ഗള്‍ഫിലേക്ക് വീട്ടുജോലിക്കായി പോകുന്ന സ്ത്രീകളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പു വരുത്തണം: കാരിത്താസ്

സ്വന്തം ലേഖകന്‍ 21-06-2016 - Tuesday

കൊളംമ്പോ: ശ്രീലങ്കയില്‍ നിന്നും വീട്ടുജോലിക്കായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെ കൊണ്ടുപോകുന്നതു നിയന്ത്രിക്കണമെന്ന് കാരിത്താസ്. നിയമപരമായ രേഖകള്‍ ഒന്നുമില്ലാതെയാണ് പലരും ശ്രീലങ്കയില്‍ നിന്നും ഉപജീവനം തേടി ഗള്‍ഫ് നാടുകളിലേക്ക് വീട്ടുജോലിക്കായി പോകുന്നത്. സര്‍ക്കാര്‍ ഇടപെട്ട് ഇത്തരക്കാരെ തടയണമെന്നും കാരിത്താസ് ആവശ്യപ്പെടുന്നു. ലങ്കയില്‍ നിന്നും വീട്ടുജോലിക്കായി പോകുന്ന സ്ത്രീകള്‍ വിദേശത്ത് ലൈംഗീക, ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് ഒരേ പോലെ ഇരയാകുന്നതായി കണ്ടെത്തിയിരുന്നു. ലങ്കയിലേക്ക് മടങ്ങി എത്തുന്ന പലരും മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്. ഇവരുടെ പുനരധിവാസത്തിനായി കാരിത്താസ് പ്രത്യേകം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

കഴിഞ്ഞയാഴ്ച ലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഇതേ കുറിച്ച് അന്വേഷിക്കുവാന്‍ ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ലങ്കയില്‍ നിന്നും വിദേശത്തേക്ക് സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനോട് സര്‍ക്കാരിനു താല്‍പര്യമില്ലെന്നും നാട്ടിലെ തൊഴിലില്ലായ്മയും കുടുംബപ്രശ്‌നങ്ങളും നിമിത്തമാണ് പലരും വിദേശത്തേക്ക് പോകുന്നതെന്നും സര്‍ക്കാര്‍ വക്താവ് രജീത സെനരക്തനെ പറയുന്നു.

എന്നാല്‍ ശ്രീലങ്കന്‍ വീട്ടുജോലിക്കാരുടെ പുനരധിവാസത്തിന്റെ ചുമതല വഹിക്കുന്ന കാരിത്താസ് വക്താവ് സിസ്റ്റര്‍ തുസാരി ഫെര്‍ണാണ്ടോ സര്‍ക്കാര്‍ വാദങ്ങള്‍ തള്ളികളഞ്ഞു. "സര്‍ക്കാര്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുകയാണ് വേണ്ടത്. ജോലി തേടി പുറത്തേക്ക് പോകുന്നവരെ തടയുന്നതിനാല്‍ മാത്രം പ്രശ്‌നങ്ങള്‍ നേരെയാകുന്നില്ല. ജോലി സംബന്ധിച്ച് എത്തുന്നവര്‍ക്കു വേണ്ടി പ്രത്യേക കരാര്‍ മറ്റു രാജ്യങ്ങളുമായി ശ്രീലങ്ക ഉണ്ടാക്കണം" സിസ്റ്റര്‍ തുസാരി പറയുന്നു.

അംഗീകൃത ഏജന്‍സികളിലൂടെ മാത്രമേ വിദേശത്ത് ജോലിക്കു പോകാവൂ എന്ന നിര്‍ദേശം കാരിത്താസ് സ്ത്രീകള്‍ക്ക് നല്‍കുന്ന ബോധവല്‍ക്കരണ ക്ലാസുകളില്‍ പ്രത്യേകം പറയാറുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തമിഴിലും സിംഗളയിലും തയ്യാറാക്കിയ കോണ്‍ട്രാക്റ്റുകളും ജോലിക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്നും കാരിത്താസ് ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം വ്യഭിചാരകുറ്റത്തിനു പിടിക്കപ്പെട്ട ലങ്കന്‍ വനിതയെ സൗദി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ ലങ്കന്‍ സര്‍ക്കാര്‍ ഇടപെട്ടതു മൂലം ശിക്ഷ ജീവപര്യന്തമായി കുറഞ്ഞിരിന്നു.

2010-ല്‍ സൗദിയിലെ ദമ്പതിമാര്‍ തങ്ങളുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ലങ്കന്‍ വനിതയുടെ ശരീരത്തില്‍ 24 ആണികള്‍ തറച്ചു കയറ്റി ഉപദ്രവിച്ചിരുന്നു. നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനു ലങ്കന്‍ വനിതയുടെ തലവെട്ടി സൗദി വധശിക്ഷ നടപ്പിലാക്കിയ സംഭവവും സമീപകാലത്തുണ്ടായിട്ടുണ്ട്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും സമാനമായ സാഹചര്യം നിലനില്‍ക്കുന്നു.

വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന ഇത്തരം വനിതകളെ കാരിത്താസ് പ്രത്യേകം പുനരധിവസിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ സഹായം നല്‍കുകയും ചെയ്യുന്നു. ഇവര്‍ക്ക് ആവശ്യമായ വൈദ്യസഹായവും വീടുകള്‍ നിര്‍മ്മിക്കുവാനുള്ള സഹായവും കാരിത്താസ് ലഭ്യമാക്കുന്നുണ്ട്. നാലു മില്യണ്‍ ലങ്കന്‍ വനിതകള്‍ ഗള്‍ഫിലും യൂറോപ്പിലൂമായി വീട്ടു ജോലികള്‍ ചെയ്യുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഉറപ്പു വരുത്തുവാന്‍ ലങ്കന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല.


Related Articles »