News - 2024

'ലൗദാത്തോ സീ' പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷം; വാര്‍ഷികത്തില്‍ വത്തിക്കാന്‍ പുതിയ ഓണ്‍ലൈന്‍ സൈറ്റ് ആരംഭിച്ചു

സ്വന്തം ലേഖകന്‍ 22-06-2016 - Wednesday

വത്തിക്കാന്‍: 'ലൗദാത്തോ സീ' എന്ന മാര്‍പാപ്പയുടെ ചാക്രിക ലേഖനം പുറത്തിറങ്ങിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇതുമായി ബന്ധപ്പെട്ട പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യ്തു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ക്രൈസ്തവരുടെ ഉത്തരവാദിത്വവും കാര്യവിചാരകത്വവും സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയ 'ലൗദാത്തോ സീ'ക്ക്, ലോകജനതകളുടെ ഇടയില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. ദീര്‍ഘനാള്‍ നീണ്ട പരിസ്ഥിതി ചര്‍ച്ചകള്‍ക്കും, പുതിയ പ്രവര്‍ത്തനങ്ങളുടെ രൂപരേഖകള്‍ തയ്യാറാക്കുവാനും തുടങ്ങി ലൗദാത്തോ സീ ഏവര്‍ക്കും വെളിച്ചമായ വാക്കുകളായി മാറി.

പൊന്തിഫിക്കന്‍ കൗണ്‍സില്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് ആണ് പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. www.laudatosi.va എന്നാണ് ഈ വെബ്‌സൈറ്റിന്റെ അഡ്രസ്. മോണ്ടിസാന്റോ സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന ചടങ്ങില്‍ ആണ് ലൗദാത്തോ സീ പുറത്തിറക്കിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത്. കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണ്‍, നിരവധി പ്രമുഖരായ ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങളും പുതിയ വൈബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലാവസ്ഥാ മാറ്റം പഠിക്കുവാന്‍ വേണ്ടിയുള്ള യുഎന്‍ സമിതിയുടെ അധ്യക്ഷയുള്‍പ്പെടെ നിരവധി പ്രമുഖര്‍ പാപ്പയുടെ ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ കാഴ്ചപാട് വിശദീകരിക്കുന്നുണ്ട്. പാപ്പയുടെ ലേഖനം എങ്ങനെയാണ് ആഗോള തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് ആഹ്വാനം ചെയ്യുന്നതെന്നും പലരും വിശദീകരിക്കുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 'ലൗദാത്തോ സീ'യുടെ വെളിച്ചത്തില്‍ നിന്നുകൊണ്ട് എക്യുമിനിക്കല്‍ പാത്രീയാര്‍ക്കീസ് ബര്‍ത്തലോമോ ഒന്നാമന്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യത്തെ കുറിച്ചും ക്രൈസ്തവരുടെ ദൗത്യത്തെ കുറിച്ചും പരാമര്‍ശിക്കുന്ന ലേഖനം തയ്യാറാക്കിയിരുന്നു. ഇതിന്റെ ഇറ്റാലിയന്‍ പരിഭാഷ പ്രസിദ്ധപ്പെടുത്തിയ ശേഷം ഓര്‍ത്തഡോക്‌സ് വൈദികനായ അന്തിനഗോരാസ് ഫാസിലോ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്."പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം സഭയില്‍ ഒരിക്കലും അവസാനിക്കുന്നില്ല. ഇതിന്റെ ഭാഗമായിട്ടാണ് ദൈവീക സൃഷ്ടിയുടെ പരിപാലനയില്‍ സഭാ പിതാക്കന്‍മാര്‍ക്ക് ഐക്യത്തോടെ കാര്യങ്ങളെ നോക്കി കാണുവാന്‍ സാധിക്കുന്നത്".


Related Articles »