News - 2024
സര്‍ക്കാരിന് തിരിച്ചടി, ക്രൈസ്തവര്‍ക്ക് ആശ്വാസം: ന്യൂനപക്ഷ സ്കോളർഷിപ്പില്‍ സ്റ്റേയില്ലെന്ന് സുപ്രീം കോടതി
പ്രവാചകശബ്ദം 29-10-2021 - Friday
ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിലെ ഇസ്ലാം മതസ്ഥര്‍ക്ക് എണ്‍പതു ശതമാനവും ഇരുപതു ശതമാനം ക്രൈസ്തവര്‍ അടക്കമുള്ള ഇതര മതന്യൂനപക്ഷങ്ങള്‍ക്കും നല്‍കുന്ന വിവേചന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാർ ആവശ്യം ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിരാകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടിസ് അയച്ച സുപ്രീംകോടതി നാലാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശം നൽകി.
തങ്ങളുടെ വാദം കേൾക്കാതെ അപ്പീലിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് കേരള കൗൺസിൽ ഓഫ് ചർച്ചസ് തടസ ഹർജി സമർപ്പിച്ചിരിന്നു. നേരത്തെ അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജ്ജിയില്‍ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. വിധിക്കെതിരെ വലിയ പ്രതിഷേധമാണ് മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിയത്. ഇതേ തുടര്‍ന്നു സമ്മര്‍ദ്ധത്തിലായ സർക്കാര്‍ റദ്ദാക്കുവാന്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരിന്നു. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആന്റ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റും, എംഎസ്‌എം സംസ്ഥാന സമിതിയും സമാന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിരിന്നു.
നിയമവേദികളില്‍ സര്‍ക്കാര്‍ നിലപാടുകളെടുക്കുമ്പോള്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങളെയും സമഭാവനയോടെ കണക്കിലെടുക്കണമെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന തെറ്റായ നിലപാടു തിരുത്തിയില്ലെങ്കില്‍ ഇതിനെതിരെയുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരിന്നു. അതേസമയം സുപ്രീം കോടതിയുടെ നിലപാടില്‍ ക്രൈസ്തവര്‍ ആഹ്ലാദത്തിലാണ്. കാലാകാലങ്ങളായി ഒരു വിഭാഗം കൈയടക്കിയിരിന്ന സ്കോളര്‍ഷിപ്പ് അവകാശം വരും നാളുകളില്‍ തങ്ങളുടെ മക്കള്‍ക്കും കിട്ടുമെന്ന പ്രതീക്ഷയിലാണ് ക്രൈസ്തവ സമൂഹം. ഹൈക്കോടതി വിധിയെ തുടര്‍ന്നു അടുത്ത കാലത്ത് ന്യൂനപക്ഷ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ച സ്കോളര്‍ഷിപ്പില്‍ ഒന്നില്‍ പോലും വിവേചനമില്ല. കൂടുതല്‍ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ നല്കുവാന്‍ മുന്നോട്ട് വരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.