News - 2024

146 വര്‍ഷം പഴക്കമുള്ള യുഎസ് സെമിനാരി മാറ്റി സ്ഥാപിക്കുവാനൊരുങ്ങുന്നു

സ്വന്തം ലേഖകന്‍ 22-06-2016 - Wednesday

ഫിലാഡല്‍ഫിയ: യുഎസിലെ ഫിലാഡല്‍ഫിയായില്‍ പ്രവര്‍ത്തിക്കുന്ന 146 വര്‍ഷം പഴക്കമുള്ള സെന്റ് ചാര്‍ളസ് ബോറോമിയോ സെമിനാരി മാറ്റി സ്ഥാപിക്കുവാന്‍ ഒരുങ്ങുന്നു. 1832-ല്‍ ബിഷപ്പ് ഫ്രാന്‍സിസ് പാട്രിക് ഹെല്‍ട്രിക്കാണ് ഇന്നു കാണുന്ന സ്ഥലത്തേക്ക് ഈ സെമിനാരി മാറ്റി സ്ഥാപിച്ചത്. 75 ഏക്കറില്‍ അധികം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സെമിനാരി നഗരത്തിന്റെ തന്നെ മുഖമുദ്രയായി മാറി. കഴിഞ്ഞ 146 വര്‍ഷങ്ങള്‍ക്കിടെ സെമിനാരിയില്‍ നിന്നും ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സഭയുടെ സേവനത്തില്‍ പ്രവേശിച്ചു.

അതിരൂപതയുടെ ആസ്ഥാനത്തുള്ള സര്‍വകലാശാലയിലേക്കോ സമീപമുള്ള കോളജിലേക്കോ സെമിനാരി മാറ്റുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. ഇപ്പോള്‍ സെമിനാരി നില്‍ക്കുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുവാനുള്ള മുന്‍തീരുമാനം അധികാരികള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. കോടി കണക്കിനു ഡോളര്‍ ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള സാമ്പത്തികമായ ബുദ്ധിമുട്ടും ഒരു പരിധി വരെ പദ്ധതികളുടെ താളം തെറ്റിക്കുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള പണം കണ്ടെത്തുവാന്‍ കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ചില എന്‍ഡോള്‍മെന്റുകള്‍ സെമിനാരി നിര്‍ത്തി വച്ചിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കുന്നതിനായി സെമിനാരിയില്‍ സൂക്ഷിച്ചിരുന്ന വര്‍ഷങ്ങള്‍ പഴക്കം വരുന്ന പുസ്തകങ്ങളും ലേലത്തില്‍ വിറ്റിരുന്നു. സെമിനാരിയുടെ തന്നെ കുറച്ചു ഭാഗം വില്‍പ്പന നടത്തിയ ശേഷം സ്വരൂപിക്കുന്ന പണം കൊണ്ട് നിര്‍മ്മാണങ്ങള്‍ നടത്തുവാനും പദ്ധതിയുണ്ട്. ഇത്തരം നിരവധി സാഹചര്യങ്ങളാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള സെമിനാരി മാറ്റി സ്ഥാപിക്കുന്നതിലേക്കുള്ള തിരുമാനം എടുക്കുവാന്‍ അധികാരികളെ പ്രേരിപ്പിക്കുന്നത്.

സെമിനാരിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്ന പലരും ബിഷപ്പുമാരും സഭയിലെ സീനിയര്‍ പദവി വഹിച്ചിരുന്ന വൈദികരും ആയിട്ടുണ്ട്. ഇവരുടെ താല്‍പര്യം പഴയ സ്ഥലത്ത് തന്നെ സെമിനാരി നിലനിര്‍ത്തണമെന്നതു തന്നെയാണ്. വിശ്വാസികളില്‍ നിന്നും ലഭിക്കുന്ന പണവും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വഴി കണ്ടെത്തുന്ന പണവും ഉപയോഗിച്ച് ഇതിനുള്ള ശ്രമത്തിലാണ് അധികാരികള്‍.