News - 2024
ക്രൈസ്തവര്‍ യോഗ അഭ്യസിക്കരുതെന്ന് മിസോറാമിലെ ക്രൈസ്തവ കൂട്ടായ്മ
സ്വന്തം ലേഖകന്‍ 22-06-2016 - Wednesday
സില്‍ചാര്‍: ക്രൈസ്തവര്‍ യോഗ അഭ്യസിക്കരുതെന്ന് മിസോറാമിലെ ക്രൈസ്തവരുടെ കൂട്ടായ സംഘടനയായ മിസോറാം കോഹ്‌റന്‍ ഹ്രുവൈറൂട് കമ്മിറ്റിയുടെ ആഹ്വാനം. സംഘടനയുടെ സെക്രട്ടറി ആര്‍.ലാല്‍റിംഗ്‌സംഗയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഹിന്ദുത്വ ആചാരങ്ങളാണ് യോഗയിലൂടെ പ്രചരിപ്പിക്കപ്പെടുന്നതെന്നും ക്രൈസ്തവര്‍ ഇതിനെ പിന്‍തുടരേണ്ടതായില്ലെന്നും സംഘടന പറയുന്നു. ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുള്ള ഇന്ത്യന്‍ സംസ്ഥാനമാണ് മിസോറാം. ജനസംഖ്യയുടെ 87 ശതമാനവും മിസോറാമില്‍ ക്രൈസ്തവരാണ്.
കഴിഞ്ഞ വര്‍ഷം മുതലാണ് ഐക്യരാഷ്ട്ര സംഘടന ജൂണ്‍-21 യോഗ ദിനമായി പ്രഖ്യാപിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ അന്നെ ദിവസം പ്രത്യേകം ആചരിക്കണമെന്ന നിര്‍ദേശവും നടപ്പിലാക്കി വരികയാണ്. എന്നാല്‍, ആദ്യമായി യോഗ ദിനം ആചരിച്ച 2015 ജൂണ്‍ 21 ഒരു ഞായറാഴ്ച ആയിരുന്നു. അന്നും യോഗ ദിനം മിസോറാമില്‍ ക്രൈസ്തവര്‍ ആചരിച്ചിരുന്നില്ല. ഞായറാഴ്ചയുള്ള ആഘോഷത്തെ ബഹിഷ്‌കരിക്കുവാനും സംഘടന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം യോഗ ദിനം ബഹിഷ്‌കരിക്കുവാനുള്ള ആഹ്വാനം കമ്മിറ്റി നല്‍കിയിട്ടില്ല. യോഗ ക്രൈസ്തവര്‍ ചെയ്യേണ്ടതില്ലെന്ന പ്രഖ്യാപനം മാത്രമാണ് കമ്മിറ്റി നടത്തിയിരിക്കുന്നത്.
"ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട യാതൊന്നും യോഗയിൽ നിലനില്‍ക്കുന്നില്ല. എന്നാല്‍ ഹൈന്ദവ വിശ്വാസങ്ങളില്‍ ഇതിനെ സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ പലതും ഉണ്ട്. യോഗ ദിനത്തിന്റെ പേരില്‍ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും മറ്റുള്ളവരിലേക്ക് പകരപ്പെടുകയാണ്". ലാല്‍ റിംഗ്‌സംഗ് പറഞ്ഞു.
മിസോറാമിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യോഗയോടുള്ള ക്രൈസ്തവ സംഘടനയുടെ പ്രതികരണത്തോട് മൗനം പാലിക്കുകയാണ്. ആയുഷ് വകുപ്പ് എന്ന പേരില്‍ പ്രത്യേക മന്ത്രാലയം ഉണ്ടാക്കിയാണ് യോഗ പ്രചരിപ്പിക്കുവാന്‍ കേന്ദ്രം ശ്രമങ്ങള്‍ നടത്തുന്നത്. കഴിയുന്നത്ര സംസ്ഥാനങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ തന്നെ നേരിട്ട് എത്തിയാണ് യോഗയ്ക്ക് വേണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
യോഗ എന്നത് മനുഷ്യന്റെ ഉള്ളിലേക്ക് സാത്താന് പ്രവേശിക്കാനുള്ള ഒരു മാർഗ്ഗമാണ് എന്ന് സഭയിലെ പ്രശസ്തരായ പല ഭൂതോച്ചാടകരും അഭിപ്രായപെട്ടിട്ടുണ്ട്. അതിനാൽ തന്നെ വൈദികരും സഭാ അധികാരികളും ഈ വിഷയത്തിൽ വിശ്വാസികളെ കൂടുതലായി ബോധവത്കരിക്കേണ്ടതാണ്.