News

കുറ്റവാളികളെ വെടിവെച്ചു കൊലപ്പെടുത്തുന്ന ഫിലിപ്പിയന്‍സ് പോലീസിനെതിരെ കത്തോലിക്ക മെത്രാൻമാർ രംഗത്ത്

സ്വന്തം ലേഖകന്‍ 23-06-2016 - Thursday

മാനില: ഫിലിപ്പിയന്‍സില്‍ കുറ്റവാളികളെ അകാരണമായി വെടിവെച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ക്കെതിരെ കത്തോലിക്ക മെത്രാൻമാർ രംഗത്ത്. മാനില കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ എഴുത്തിലൂടെ നിയമപാലകരോട് ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു കൂടാതെ ഈ കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഒന്‍പതു ദിവസത്തേക്ക് പ്രത്യേക നൊവേനകള്‍ നടത്തിയുള്ള പ്രാര്‍ത്ഥനയ്ക്കും ഫിലിപ്പിയന്‍സില്‍ തുടക്കം കുറിച്ചിട്ടുണ്ട്. രാജ്യത്ത് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഭരണാധികാരികള്‍ അധികാരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് നൊവേന അവസാനിക്കുന്ന രീതിയിലുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നത്.

ആളുകളെ വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ വെടിവയ്ക്കുവാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇത് ചെയ്യുന്നത് ന്യായീകരിക്കുവാന്‍ കഴിയാത്ത പ്രവര്‍ത്തിയാണെന്ന് ബിഷപ്പ് തന്റെ കത്തില്‍ സൂചിപ്പിക്കുന്നു. വ്യക്തമായ കാരണവും അതിലുമുപരി മനുഷ്യത്വപരമായ സമീപനവും മുന്‍നിര്‍ത്തിയെ പോലീസ് വെടിവയ്പ്പ് നടത്തുവാന്‍ പാടുള്ളു എന്നു കത്തില്‍ സൂചിപ്പിക്കുന്നു. മൂന്നു കാരണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ വെടിവയ്പ്പ് നടത്തുവാന്‍ പാടുള്ളുവെന്ന് നിയമം വ്യക്തമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്. കാരണം കൂടാതെ ഒരു വ്യക്തി വേഗത്തില്‍ അക്രമം അഴിച്ചു വിടുക. മറ്റുള്ളവരുടെ ജീവന് ഭീഷണിയായി ഒരാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുക, തോക്കു ചൂണ്ടി മറ്റുള്ളവരെ ഭീഷണിപ്പെടുത്തുമ്പോള്‍ ഇതിനെ മറികടക്കുവാന്‍ വേണ്ടി, ഭീഷണിപ്പെടുത്തുന്ന ആളിനു നേരെ വെടിയുതിര്‍ക്കുക. ഈ സാഹചര്യങ്ങള്‍ ഒന്നും നിലനില്‍ക്കാതെ തന്നെ പോലീസ് പലപ്പോഴും കുറ്റവാളികള്‍ എന്നു മുദ്രകുത്തി ആളുകളെ കൊലപ്പെടുത്തുന്നുവെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.

ഉടന്‍ തന്നെ അധികാരമേല്‍ക്കുന്ന പുതിയ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിനെ സന്തോഷിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് റോയിറ്റേഴ്‌സ് ഉള്‍പ്പെടെയുള്ള പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പ്രസിഡന്റായി ഡ്യുട്ടേര്‍ട്ട് വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത് മേയ് ഒന്‍പതാം തീയതിയാണ്. അതിനു ശേഷം 39 പേര്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. എന്നാല്‍ ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഡ്യൂട്ടേര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ട മേയ് ഒന്‍പതു വരെ 29 പേരാണ് പോലീസിന്റെ വെടിയേറ്റ് രാജ്യത്ത് കൊല്ലപ്പെട്ടിരുന്നത്. ഡ്യൂട്ടേര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ട് ഒരു മാസം കഴിഞ്ഞപ്പോഴേക്ക് തന്നെ, അഞ്ചു മാസങ്ങളില്‍ ആകെ കൊല്ലപ്പെട്ട ആളുകളെക്കാള്‍ അധികം പേര്‍ പോലീസിന്റെ നരനായാട്ടില്‍ മരിച്ചു വീണു.

കത്തോലിക്ക സഭയുമായി ശക്തമായ എതിര്‍പ്പുള്ള വ്യക്തിയാണ് ഡവായോ മുന്‍ മേയര്‍ കൂടിയായ റോഡ്രിഗോ ഡ്യുട്ടേര്‍ട്ട്. 2014-ല്‍ അദ്ദേഹം മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മിന്‍ഡനാവോയ്ക്ക് സ്വയംഭരണാവകാശം നല്‍കുവാന്‍ നടത്തിയ പദ്ധതികള്‍ ഭരണതലത്തില്‍ പരാജയപ്പെട്ടിരുന്നു. രാജ്യത്ത് ഭ്രൂണഹത്യക്കും, ഗര്‍ഭനിരോധനത്തിനും ഇപ്പോള്‍ ഉള്ളകിലും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഡ്യൂട്ടേര്‍ട്ട് വധശിക്ഷയുടെ കാര്യത്തില്‍ ഇപ്പോള്‍ ഉള്ള മൊറട്ടോറിയം പിന്‍വലിക്കുകയും കൂടുതല്‍ പേരെ തൂക്കിലേറ്റുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.


Related Articles »