News - 2024

ഇവർ നമ്മുടെ സോദരർ : അഭയാര്‍ത്ഥികളെ കൂടെ ചേര്‍ത്തു നിര്‍ത്തികൊണ്ട് ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 23-06-2016 - Thursday

വത്തിക്കാന്‍: തന്റെ പ്രസംഗം കേള്‍ക്കുവാന്‍ ബുധനാഴ്ച വത്തിക്കാനില്‍ എത്തിയ പതിനായിരങ്ങളുടെ മുമ്പില്‍, മാര്‍പാപ്പ അഭയാര്‍ത്ഥികളായ ഒരു പറ്റം യുവാക്കളെ വിളിച്ച് തന്നോട് ചേര്‍ത്തു നിര്‍ത്തി. വത്തിക്കാനില്‍ നിന്നും നടത്തുന്ന ഒരു സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെടുന്ന അഭയാര്‍ത്ഥികളാണ് ഇവര്‍. വത്തിക്കാന്റെ കൊടിയും ചില ബാനറുകളും ഇവരുടെ കൈവശം ഉണ്ടായിരുന്നു. താന്‍ പ്രസംഗിക്കുന്ന വേദിയുടെ താഴെ തന്നെ അഭയാര്‍ത്ഥികളെ ഇരുത്തിയ ശേഷമാണ് പഫ്രാൻസിസ് മാർപാപ്പ തന്റെ പ്രസംഗം നടത്തിയത്.

യൂറോപ്പ് കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു. അഭയാര്‍ത്ഥികള്‍ അവരുടെ സ്വന്തം നാട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായതിനാലാണ് നമ്മുടെ സഹായം അവര്‍ തേടുന്നതെന്നും പാപ്പ പറഞ്ഞു."അവര്‍ നമ്മുടെ സോദരരാണ്. ഒരു ക്രൈസ്തവനും ആരേയും തള്ളിക്കളയുവാന്‍ സാധിക്കില്ലെന്ന കാര്യം ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവരേയും നമുക്ക് സ്വാഗതം ചെയ്യാം". പാപ്പ പറഞ്ഞു. ഗ്രീസില്‍ നിന്നും അഭയാര്‍ത്ഥികളായ 12 പേരെ ഏപ്രിലില്‍ മാര്‍പാപ്പ വത്തിക്കാനിലേക്ക് കൊണ്ടുവന്നിരുന്നു.

തന്റെ പ്രതിവാര പ്രസംഗത്തില്‍ ലൂക്കായുടെ സുവിശേഷത്തില്‍ കുഷ്ഠരോഗിയെ കര്‍ത്താവ് സുഖപ്പെടുത്തുന്ന സംഭവമാണ് മാര്‍പാപ്പ വിശദീകരിച്ചത്."കര്‍ത്താവിലുള്ള വിശ്വാസത്തില്‍ മാത്രം ആശ്രയിച്ച് മുന്നോട്ട് പോയ കുഷ്ഠരോഗി ജനക്കൂട്ടത്തെ ഭയന്നിരുന്നില്ല. യേശുവിനു സമീപം എത്തിയ അവന്‍ തന്നെ ശുദ്ധമാക്കണമെന്ന് യാചിച്ചു. പൊതുസമൂഹത്തില്‍ കുഷ്ഠരോഗികള്‍ പ്രവേശിക്കരുതെന്ന നിയമം നിലനില്‍ക്കുമ്പോളാണ് അവന്‍ ഇത്തരത്തില്‍ വിശ്വാസത്താല്‍ പ്രവര്‍ത്തിച്ചത്. കുഷ്ഠരോഗികളെ സ്പര്‍ശിക്കുവാന്‍ വിലക്കുള്ള ആ കാലഘട്ടത്തില്‍ യേശു അതിനെ തിരുത്തി കുഷ്ഠരോഗിക്ക് സൗഖ്യം വരുത്തി". പാപ്പ പറഞ്ഞു.

യേശുക്രിസ്തു സമൂഹത്തില്‍ ആരേയും മാറ്റി നിര്‍ത്തിയിരുന്നില്ലെന്നും തൊട്ടുകൂടരുതെന്ന് സമൂഹം കല്‍പ്പിച്ചിരുന്ന പലരിലേക്കും അവിടുന്ന് കടന്നു ചെന്നിരുന്നതായും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രസംഗത്തിലൂടെ പറഞ്ഞു. ദേവാലയത്തില്‍ ചെന്നു കാഴ്ചകൾ അര്‍പ്പിക്കുക എന്ന ഉപദേശവും സൗഖ്യമാക്കപ്പെട്ട കുഷ്ഠരോഗിക്ക് ദൈവം നല്‍കുന്നുണ്ട്. ഇതിലൂടെ പാപികളുടെ മോചനം കൂടി ലക്ഷ്യംവയ്ക്കുന്ന അത്ഭുതങ്ങളാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കര്‍ത്താവ് കാണിച്ചു തരുന്നുവെന്നും പിതാവ് വിശദീകരിച്ചു.


Related Articles »