News - 2024
മതസ്വാതന്ത്ര്യത്തിനു വേണ്ടി നാം അവസാനം വരെ പോരാടണം: ആര്‍ച്ച് ബിഷപ്പ് വില്യം ലൊറി
സ്വന്തം ലേഖകന്‍ 23-06-2016 - Thursday
വാഷിംഗ്ടണ്‍: മതസ്വാതന്ത്ര്യത്തിനു വേണ്ടി അവസാനം വരെയും പോരാടണമെന്ന് ആര്‍ച്ച് ബിഷപ്പ് വില്യം ലൊറി. ഇംഗ്ലണ്ടില്‍ രക്തസാക്ഷികളായ തോമസ് മോര്‍, ജോണ്‍ ഫിഷര്‍ എന്നിവരുടെ തിരുശേഷിപ്പുകള്‍ യുഎസിന്റെ പലഭാഗങ്ങളിലും വണക്കത്തിനു വേണ്ടി എത്തിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്ന 'ഫോര്‍ട്ട്‌നൈറ്റ് ഫോര്‍ ഫ്രീഡം' എന്ന പ്രത്യേക ഉപവാസ പ്രാര്‍ത്ഥനയില്‍ നടത്തിയ പ്രസംഗത്തിലാണ് ബിഷപ്പ് മതവിശ്വാസങ്ങള്‍ക്കു നേരെ യുഎസില്‍ നടക്കുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്. യുഎസ് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു രണ്ടാഴ്ചയായി നടന്നു വന്ന ഫോര്‍ട്ട്‌നൈറ്റ് ഫോര്‍ ഫ്രീഡം എന്ന ഉപവാസ പ്രാര്‍ത്ഥന സംഘടിപ്പിച്ചത്.
യുഎസില്‍ പുതിയതായി ഏര്‍പ്പെടുത്തുന്ന പല നിയമങ്ങളും സഭയ്ക്കും വിശ്വാസത്തിനും എതിരെ നിലകൊള്ളുന്നതാണ്. സഭയുടെ കീഴില്‍ സേവനം ചെയ്യുന്നവരെ ജോലിക്കാരെ പോലെ കണക്കിലാക്കി അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന ശുപാര്‍ശ ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. പരമ്പരാഗതമായ വിവാഹത്തെ പിന്തുണയ്ക്കുന്ന മെഡിക്കല്‍, ബിസിനസ്, സേവന രംഗത്തുള്ളവര്‍ക്കെതിരേയുള്ളെ നടപടികൾ ക്രൈസ്തവ വിശ്വാസങ്ങളെ തകിടം മറിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ചെയ്യുന്നവയാണ്.
ലോകമെമ്പാടും ക്രൈസ്തവര്‍ക്കു നേരെ മര്യാദയുടെ മുഖംമൂടി അണിഞ്ഞ ശിക്ഷാനടപടികള്‍ നടപ്പില്‍ വരുത്തുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍പ് പറഞ്ഞ വാക്കുകള്‍ ബിഷപ്പ് വില്യം ലൊറി യോഗത്തില്‍ ഓര്‍മ്മിപ്പിച്ചു."കത്തോലിക്കരനെന്നോ അകത്തോലിക്കരെന്നോ വ്യത്യാസമില്ലാതെ നാസിസം നടപ്പിലാക്കിയ സമയത്ത് ആളുകളെ കൂട്ടക്കൊല ചെയ്തു. രക്തസാക്ഷിത്വത്തില്‍ അവര്‍ സഭയുടെ ഐക്യം വിളിച്ചോതിയെന്ന മാര്‍പാപ്പയുടെ വാക്കുകള്‍ ശ്രദ്ധയോടെ നാം കേള്‍ക്കണം. വിശ്വാസത്തിനു നേരെയുള്ള എല്ലാതരം കടന്നു കയറ്റങ്ങളും ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിടുന്നതാണെന്നും നാം തിരച്ചറിയണം". ബിഷപ്പ് പറഞ്ഞു.
"മുമ്പ് രക്തം ചിന്തി വിശ്വാസത്തിനു വേണ്ടി ആയിരങ്ങള്‍ തങ്ങളുടെ പ്രാണന്‍ വിട്ടു. ഇന്നും സമാനമായ സംഭവങ്ങള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നു. ക്രിസ്തു തന്റെ ദൗത്യം നിര്‍വഹിക്കുന്നതിനു വേണ്ടി ക്ഷമാപൂര്‍വ്വം ക്രൂശുമരണം സഹിക്കുകയും മനുഷ്യര്‍ക്ക് രക്ഷ നല്‍കുകയും ചെയ്തു. ക്രിസ്തു നിലകൊണ്ടത് സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. ക്രൈസ്തവരും സ്വാതന്ത്ര്യത്തിനു വേണ്ടി അവസാനം വരെയും നിലകൊള്ളണം'. ബിഷപ്പ് ആഹ്വാനം ചെയ്തു.