News - 2024

ബന്ധുക്കളെ കൂട്ടക്കൊല ചെയ്ത വ്യക്തികളോട് ക്ഷമിക്കുവാനുള്ള ആഹ്വാനവുമായി നൈജീരിയന്‍ ബിഷപ്പ്

സ്വന്തം ലേഖകന്‍ 23-06-2016 - Thursday

അബൂജ: തങ്ങളുടെ ബന്ധുക്കളെ കൂട്ടക്കൊല ചെയ്ത വ്യക്തികളോട് പൂര്‍ണ്ണമായും ക്ഷമിക്കുവാനുള്ള ആഹ്വാനവുമായി നൈജീരിയന്‍ ബിഷപ്പ്. തെക്കുകിഴക്കന്‍ നൈജീരിയായില്‍ മുസ്ലീം വംശത്തില്‍പ്പെടുന്ന ഫുലാനി ഹെഡ്‌സ്‌മെന്‍ എന്ന ഗോത്രത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒന്‍പതു പേരുടെ സംസ്‌കാരത്തില്‍ പങ്കെടുക്കുമ്പോളായിരുന്നു എന്‍സൂക്ക രൂപതയുടെ ബിഷപ്പ് ഗോഡ്ഫ്രീ ഇഗ്വിബൂയിക്ക് ഒനാഹ്, ശത്രുക്കളോട് ക്ഷമിക്കണമെന്ന് ആവശ്യപെട്ടത്. ഈ വര്‍ഷം ഏപ്രില്‍ 25-നാണ് നൈജീരിയന്‍ ക്രൈസ്തവരെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്.

നിംബോയിലെ സെന്റ് മേരിസ് കത്തോലിക്ക ദേവാലയത്തില്‍ ജൂണ്‍-17 നാണ് കൊല്ലപ്പെട്ടവരില്‍ ഒന്‍പതു പേരുടെ മൃതശരീരം സംസ്‌കരിച്ചത്. മറ്റ് ക്രൈസ്തവ സഭകളുടെ അധ്യക്ഷന്‍മാരും പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് ബിഷപ്പ് തന്റെ പ്രസംഗം നടത്തിയത്. "ദുഃഖത്തില്‍ ആയിരിക്കുന്നവരെ നിങ്ങള്‍ ദൈവത്തിങ്കലേക്ക് തിരിയുക, നന്ദിയോടെ വിശ്വാസത്തോടെ അവനിലേക്ക് നോക്കുക. നമ്മുടെ വിശ്വാസം നമുക്ക് നല്‍കുന്ന ഉറപ്പ് ഞാന്‍ വീണ്ടും ഓര്‍മ്മിപ്പിക്കട്ടെ. ക്രിസ്തുവില്‍ പ്രത്യാശയോടെ മരിക്കുന്നവര്‍ എല്ലാ ദുഃഖത്തില്‍ നിന്നും മോചിതരാണ്. അവര്‍ സ്വര്‍ഗീയ സന്തോഷത്തിലേക്ക് വിളിക്കപ്പെട്ടവരാണ്. ഇതിനാല്‍ നാം നമ്മോട് തെറ്റു ചെയ്തവരോട് പൂര്‍ണമായും നാം ക്ഷമിക്കണം". ബിഷപ്പ് പറഞ്ഞു.

ഏപ്രില്‍ 25 എന്ന വേദന നിറഞ്ഞ ദിവസത്തിന്റെ ഓർമ്മയിൽ നിന്നും കരകയറുവാൻ ജനങ്ങളെ ശക്തരാക്കേണമേ എന്ന് അദ്ദേഹം ദൈവത്തോട് പ്രാര്‍ത്ഥിച്ചു."നമുക്ക് നേരെ ശത്രുക്കള്‍ വന്നപ്പോള്‍ നമ്മില്‍ കുറച്ചു പേരെ അവര്‍ കൊല്ലാതെ വെറുതെ വിട്ടതിനായി ദൈവത്തോട് നമുക്ക് നന്ദി പറയാം. മുഴുവന്‍ പേരും കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ ഇന്ന് ഇവരെ ആരു സംസ്‌കരിക്കുമായിരുന്നു. ആര്‍ ഇവര്‍ക്കുവേണ്ടി കണ്ണുനീര്‍ വാര്‍ക്കുമായിരുന്നു. ദൈവം നമ്മോടു കാണിച്ച വലിയ കൃപയാണിത്". ബിഷപ്പ് ഒനാഹ് തന്റെ പ്രസംഗത്തിലൂടെ മറ്റുള്ളവരെ ആശ്വസിപ്പിച്ചു.

ക്രൈസ്തവരായ ആളുകളുടെ കൃഷി ഭൂമി കൈയ്യേറുന്ന സംഭവങ്ങള്‍ നൈജീരിയായുടെ തെക്കുകിഴക്കന്‍ ഭാഗത്ത് സജീവമാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ വ്യക്തമായ നടപടി സ്വീകരിക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. ഫുലാനി ഹെഡ്‌സ്‌മെന്‍ ഗോത്രത്തിന്റെ ആക്രമണത്തില്‍, മുമ്പും നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.