News - 2024
സമൂഹത്തേയും സഭയേയും ബാധിക്കുന്ന ഗുരുതര പ്രശ്‌നമായി നീലചിത്രങ്ങള്‍ മാറിയിരിക്കുന്നുവെന്ന് ക്രൈസ്തവ കൂട്ടായ്മ
സ്വന്തം ലേഖകന്‍ 24-06-2016 - Friday
ലണ്ടന്‍: സമൂഹത്തെ ബാധിച്ചിരിക്കുന്ന ഗുരുതര വിപത്താണ് നീലചിത്രങ്ങള്‍ എന്ന് ക്രൈസ്തവ കൂട്ടായ്മയുടെ വിലയിരുത്തല്‍. ദൈവജനത്തെ നീലചിത്രങ്ങള്‍ അശുദ്ധിയിലേക്കാണ് നയിക്കുന്നതെന്നും യോഗം വിലയിരുത്തി. ക്രൈസ്തവ സന്നദ്ധ സംഘടനയായ 'കെയറും', 'നെയ്ക്കഡ് ട്രൂത്ത്' എന്ന സംഘടനയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് വെസ്റ്റ് മിനിസ്റ്ററിലെ ഇമ്മാനുവേല്‍ സെന്ററിലാണ് നടന്നത്. നീലചിത്രമെന്ന വിപത്ത് തടയുന്നതിനായി സഭയിലെ നേതാക്കന്‍മാരേയും മറ്റു ശുശ്രൂഷകരേയും പ്രവര്‍ത്തന സജ്ജരാക്കുക എന്നതാണ് കോണ്‍ഫറന്‍സിന്റെ പ്രധാന ലക്ഷ്യം. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'കെയര്‍' ഇത്തരത്തിലൊരു ചര്‍ച്ച സംഘടിപ്പിക്കുന്നത്.
അനുദിനം സഭയെ തകര്‍ക്കുന്ന ഒരു വിപത്തായി നീലചിത്രങ്ങളുടെ പ്രചാരണം മാറുകയാണെന്നും യോഗം വിലയിരുത്തി. മുമ്പ് ഒരിക്കലും ഇല്ലാത്ത രീതിയില്‍ നീലചിത്രങ്ങള്‍ തങ്ങളുടെ ഇടവകകളിലും കൂട്ടായ്മകളിലും വിശ്വാസികളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നു 93 ശതമാനം പാസ്റ്ററുമാരും പറയുന്നു. നീലചിത്രങ്ങളുടെ അതിപ്രസരണം ഏറെ നാളായി ചര്‍ച്ചകളില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട നിലയിലായിരുന്നുവെന്ന്‍ നെയ്ക്കഡ് ട്രൂത്തിന്റെ സ്ഥാപകനായ ഇയാന്‍ ഹെന്‍ഡര്‍സണ്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.
കുടുംബ ജീവിതവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്കു നേതൃത്വം വഹിക്കുന്ന സിലാ ലീ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗത്തിന് എത്തിയവരോട് സംസാരിച്ചു. "ഏറെ നാളായി ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട ഒരു വിഷയമാണ് നീലചിത്രങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍. ഇന്നത്തെ സമൂഹത്തില്‍ ഇത് ഒരു സാധാരണ സംഭവം എന്ന രീതിയില്‍ വിലയിരുത്തപ്പെടുകയാണ്. എന്നാല്‍ ഇത്തരം ഒരു വിലയിരുത്തലിലൂടെ ഒരു വ്യാജ പ്രചാരണമാണ് സമൂഹത്തില്‍ ഇടംപിടിക്കുന്നത്. 12 വയസു മുതല്‍ 17 വയസുവരെയുള്ള ആണ്‍കുട്ടികള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഇന്നു നീലചിത്രങ്ങളുടെ അടിമകളായി മാറിയിരിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ക്രൈസ്തവ സഭകള്‍ക്കും ഒഴിവാക്കുവാന്‍ പറ്റാത്ത ഒരു വലിയ വിഷയമായി ഇത് മാറിയിരിക്കുന്നു". സിലാ ലീ പറഞ്ഞു.
കെയറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് നോല കോണ്‍ഫറന്‍സില്‍ പറഞ്ഞത് ഇങ്ങനെയാണ്. "സഭയെ ഇന്ന് വല്ലാതെ ബാധിക്കുന്ന പ്രശ്‌നമായി നീലചിത്ര നിര്‍മ്മാണവും അതിന്റെ പ്രചാരണവും മാറിയിരിക്കുന്നു. ഇതിനെതിരെ എന്തെല്ലാം ചെയ്യുവാന്‍ സാധിക്കുമെന്ന് ചര്‍ച്ച ചെയ്യുന്നതിന് ഈ യോഗം വഴിതെളിക്കും. ദൈവവചനം പറയുന്നത് തന്നെ ദൈവം വിശുദ്ധനായിരിക്കുന്നതു പോലെ അവന്റെ ജനവും വിശുദ്ധമായിരിക്കണമെന്നതാണ്. ഇപ്പോള്‍ നമ്മുടെ ഇടയില്‍ വ്യാപിക്കുന്ന ഒരു അശുദ്ധിയാണ് നീലചിത്രത്തിന്റെ പ്രചാരണത്തിന് കാരണവും".
നീലചിത്രങ്ങള്‍ക്ക് അടിമകളായി ജീവിതം പൂര്‍ണ്ണമായും തകര്‍ന്നവരുടേയും മുമ്പ് നീലചിത്രത്തില്‍ അഭിനയിച്ചിരുന്നവരുടെയും ചില സാക്ഷ്യങ്ങള്‍ കോണ്‍ഫറന്‍സില്‍ പ്രദര്‍ശിപ്പിച്ചു. യോഗത്തില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ക്ക് വേണ്ടി 24 മണിക്കൂര്‍ പ്രാര്‍ത്ഥനയ്ക്കു സംഘാടകര്‍ പ്രത്യേക സൌകര്യവും ഒരുക്കിയിട്ടുണ്ട്.