News - 2024
മാര്‍പാപ്പ അര്‍മേനിയായില്‍: ക്ലേശകരമായ സാഹചര്യത്തെ മറികടന്ന അര്‍മേനിയന്‍ ക്രൈസ്തവരെ താന്‍ മാനിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 24-06-2016 - Friday
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അര്‍മേനിയന്‍ സന്ദര്‍ശനം ആരംഭിച്ചു. 26 വരെ പോപ്പ് അര്‍മേനിയായിലുണ്ടാകും. കഠിനമായ പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോഴും വിശ്വാസം കൈവിടാതെ പിടിച്ചു നിന്ന അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭയോടുള്ള തന്റെ ഐക്യദാര്‍ഡ്യം കൂടിയാണ് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. അര്‍മേനിയായിലെ വിശ്വാസികളുടെ മനകരുത്തിനെ താന്‍ പ്രശംസിക്കുന്നുവെന്നും പോപ് പറഞ്ഞു. 1915 മുതല്‍ 1918 വരെയുള്ള വര്‍ഷത്തില്‍ ഓട്ടോമാന്‍ ഭരണകാലത്ത് 1.5 മില്യണ്‍ അര്‍മേനിയക്കാരായ ക്രൈസ്തവരാണ് വധിക്കപ്പെട്ടത്. പത്രോസിന്റെ പിന്‍ഗാമി അര്‍മേനിയയിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത ജൂണ്‍ 22-ാം തീയതി മുതല്‍ തന്നെ അര്‍മേനിയന്‍ ടെലിവിഷന്‍ വലിയ പ്രാധാന്യത്തോടെ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
"ക്ലേശകരമായ സാഹചര്യങ്ങളില്‍ നിന്നും ക്രിസ്തുവിന്റെ ക്രൂശിനെ നോക്കി എങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന് നിങ്ങള്‍ കാണിച്ചു തന്നിട്ടുണ്ട്. അത് വളരെ വലിയ സാക്ഷ്യമാണ്. നിങ്ങളുടെ ഉള്ളില്‍ വേദനയുണ്ടെന്ന് എനിക്ക് അറിയാം. എന്നാല്‍ വേദന മനസിനെ കീഴ്‌പ്പെടുത്തുവാന്‍ ഒരിക്കലും അനുവദിക്കരുത്. ശത്രുവിന്റെ മുന്നില്‍ തോറ്റോടുവാന്‍ നാം തയാറാകരുത്" പാപ്പ പറഞ്ഞു. 1700-ല്‍ അധികം വര്‍ഷങ്ങളായി ക്രൈസ്തവ രാജ്യമായിട്ടാണ് അര്‍മേനിയ അറിയപ്പെടുന്നത്.
നോഹയുടെ പെട്ടകവുമായിട്ടാണ് അര്‍മേനിയന്‍ ക്രൈസ്തവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ തന്റെ സന്ദേശത്തില്‍ മാര്‍പാപ്പ ഉപമിച്ചത്. "ജലപ്രളയത്തിനു ശേഷം നോഹയുടെ പെട്ടകം ഉറച്ച അരാറാത്ത് പര്‍വ്വതം നിങ്ങളുടെ അയല്‍രാജ്യമായ തുര്‍ക്കിയിലാണ്. നോഹ സ്വര്‍ഗത്തിലേക്ക് നോക്കി പ്രാവിനെ പറത്തിവിട്ട് ജീവന്റെ തുടിപ്പ് നിലനില്‍ക്കുന്നുണ്ടോ എന്ന് നോക്കിയിരുന്നു. ഒലിവിന്റെ ഇല പ്രാവ് കൊത്തികൊണ്ടു വന്നപ്പോളാണ് ജീവന്റെ തുടിപ്പും പ്രതീക്ഷയും ഇനിയും ലോകത്ത് നിലനില്‍ക്കുന്നുവെന്ന് നോഹ മനസിലാക്കുന്നത്. എല്ലാം തകര്‍ന്നിടത്തു നിന്ന്‍ ദൈവകൃപയില്‍ നോഹ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു" പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
കരുണയുടെ ഈ വര്‍ഷം ഒരു തീര്‍ത്ഥാടകനെ പോലെയാണ് താന്‍ അര്‍മേനിയായില്‍ എത്തിയിരിക്കുന്നതെന്ന് പറഞ്ഞ പാപ്പ നിങ്ങളുടെ വിശ്വാസത്തിന്റെ തെളിനീര്‍ കുടിക്കുവാന്‍ താനും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. അര്‍മേനിയന്‍ പാത്രീയാര്‍ക്കിസ് കാതോലിക്കോസ് കാരിക്കിന്‍ രണ്ടാമന്റെ അതിഥിയായിട്ടാണ് പാപ്പ അര്‍മേനിയായില്‍ എത്തിയിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിലൂടെ കത്തോലിക്ക സഭയുമായുള്ള എക്യൂമിനിക്കല്‍ ബന്ധത്തില്‍ ശക്തമായ വളര്‍ച്ച അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ നേടുമെന്നാണ് കരുതപ്പെടുന്നത്. .