News - 2024
ബ്രെക്സിറ്റിന് ശേഷവും യൂറോപ്പില്‍ സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വം ഉറപ്പാക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 25-06-2016 - Saturday
യെറിവാന്‍: യൂറോപ്യന്‍ യൂണിയന്‍ വിടുവാനുള്ള ബ്രിട്ടീഷുകാരുടെ തീരുമാനം ജനതയുടെ ശക്തമായ ഇച്ഛാശക്തിയെയാണ് കാണിക്കുന്നതെന്നും ബ്രെക്സിറ്റിന് ശേഷവും യൂറോപ്പില്‍ സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വം ഉറപ്പാക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍മേനിയായിലേക്കുള്ള തന്റെ യാത്രക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോളാണ് പാപ്പ ബ്രെക്സിറ്റ് ഫലത്തോട് പ്രതികരിച്ചത്. ജനങ്ങളുടെ തീരുമാനം നടപ്പിലാകുന്നുവെന്ന് ഉറപ്പാക്കണം. അതോടൊപ്പം തന്നെ യൂറോപ്പ് ഭൂഖണ്ഡത്തില്‍ സമാധാനം നിലനിര്‍ത്തുവാന്‍ ഏവരും ബാധ്യസ്ഥരാണെന്നും പാപ്പ പ്രതികരിച്ചു.
അര്‍മേനിയായിലേക്കുള്ള തന്റെ യാത്ര ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതെന്നു പറഞ്ഞ പിതാവ്, വിഷയത്തില്‍ തനിക്കിപ്പോള്‍ ആഴമായി പ്രതികരിക്കുവാന്‍ കഴിയില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. "വത്തിക്കാനില്‍ നിന്നും പുറപ്പെടുമ്പോള്‍ ലഭിച്ച വാര്‍ത്തയാണിത്. ഇതു സംബന്ധിച്ച് അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് ഉള്ളത്. പുതിയ തീരുമാനം നമ്മുടെ ഭാഗത്തു നിന്നുള്ള ഉത്തരവാദിത്വം വര്‍ധിപ്പിച്ചിരിക്കുകയാണ്. യുകെയിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കപ്പെടണം. അതോടൊപ്പം തന്നെ യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ സമാധാനം പുലരണം". പാപ്പ കൂട്ടിച്ചേര്‍ത്തു.
ബ്രിക്‌സിറ്റ് ഫലത്തോട് പ്രതികരിക്കുന്നതിനു മുമ്പ് പാപ്പ കൊളംമ്പിയയില്‍ ആഭ്യന്തരകലാപം അവസാനിച്ചതിലുള്ള തന്റെ സന്തോഷം പങ്കുവച്ചു. "ഇന്നലെയാണ് ഇതു സംബന്ധിക്കുന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞത്. ഏറെ രക്തചൊരിച്ചിലുണ്ടാക്കിയ 50 വര്‍ഷത്തെ സംഘര്‍ഷം അവസാനിച്ചുവെന്നതില്‍ സന്തോഷമുണ്ട്. മുന്നോട്ടുള്ള സമാധാനത്തിന്റെ ചുവടുവയ്പ്പുകള്‍ക്ക് എന്റെ ആശംസകള്‍ കൂടി അറിയിക്കുന്നു". പാപ്പ പറഞ്ഞു.
ഇറ്റലിക്കു പുറത്തുള്ള 14-ാം സന്ദര്‍ശനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍മേനിയായിലേക്ക് നടത്തുന്നത്. റോമില്‍ നിന്നും നാലു മണിക്കൂര്‍ യാത്ര ചെയ്താണ് യെറിവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പാപ്പ എത്തിച്ചേര്‍ന്നത്. തുടര്‍ന്നു രൂപതാധികാരികള്‍ പാപ്പയെ എത്ച്മിയാഡ്സിന്‍ കത്തീഡ്രലിലേക്ക് ആനയിച്ചുവെന്ന് സിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.