News - 2024

ബൊളീവിയന്‍ മെത്രാന്‍ സമിതി ആസ്ഥാനത്തിന് മുന്നില്‍ സ്ഫോടനം: ഗര്‍ഭഛിദ്ര അനുകൂലികളെന്ന് സംശയം

പ്രവാചകശബ്ദം 28-11-2021 - Sunday

ലാ പാസ്:: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ ബൊളീവിയയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സി.ഇ.ബി) ആസ്ഥാന മന്ദിരത്തിന്റെ മുന്നില്‍ ബോംബ്‌ സ്ഫോടനം. ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ നടന്ന ബോംബ്‌ സ്ഫോടനത്തില്‍ കെട്ടിടത്തിന് ചില കേടുപാടുകള്‍ പറ്റിയെങ്കിലും ആളപായമൊന്നുമില്ലെന്ന് ബൊളീവിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ ജനറല്‍ സെക്രട്ടറിയേറ്റിന്റെ അജപാലക സെക്രട്ടറി ഫാ. ബെന്‍ ഹര്‍ സോട്ടോ പ്രസ്താവനയില്‍ അറിയിച്ചു. അക്രമത്തിന്‍ പിന്നില്‍ ഗര്‍ഭഛിദ്ര അനുകൂലികളാണെന്ന് റിപ്പോര്‍ട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് പറ്റിയ കേടുപാടുകള്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് ശരിയാക്കാമെങ്കിലും നിരപരാധികളായ ആളുകള്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചിന്തിക്കണമെന്ന്‍ “നിങ്ങള്‍ക്ക് സമാധാനം” (യോഹന്നാന്‍ 20:19) എന്ന തലക്കെട്ടുള്ള പ്രസ്താവനയില്‍ പറയുന്നു.

ദേവാലയത്തിന് മുന്നിലെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളും വീഡിയോയും സി.ഇ.ബി പുറത്തുവിട്ടിട്ടുണ്ട്. പകര്‍ച്ചവ്യാധി സമയത്ത് ധരിക്കുന്നത് പോലെയുള്ള വേഷവും, കയ്യുറയും, തലമൂടുന്ന കുപ്പായവുമണിഞ്ഞ ഒരാള്‍ മന്ദിരത്തിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ സ്ഫോടക വസ്തു നിക്ഷേപിച്ച ശേഷം അപ്രത്യക്ഷനാകുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. സ്ഫോടക വസ്തു നിക്ഷേപിച്ച് 20 സെക്കന്‍ഡുകള്‍ക്ക് ശേഷമാണ് സ്ഫോടനം സംഭവിക്കുന്നത്. രണ്ടാനച്ഛനായ വ്യക്തിയുടെ പിതാവ് പീഡിപ്പിച്ചു ഗർഭിണിയാക്കിയ ഒരു പെൺകുട്ടിയുടെ വാർത്ത ബൊളീവിയയിൽ വലിയ ഒരു വിവാദമായി മാറിയിരിന്നു. പെൺകുട്ടി ഇപ്പോൾ സാന്താക്രൂസ് അതിരൂപത നടത്തുന്ന ഒരു സ്ഥാപനത്തിന്റെ സംരക്ഷണയിലാണ്.

ഈ കേസിൽ ഭ്രൂണഹത്യ നടത്തരുതെന്ന് സഭാ അധികൃതർ പെൺകുട്ടിയോട് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. ബൊളീവിയന്‍ സഭ സ്വീകരിച്ച നിലപാടാണ് ആക്രമണത്തിന്റെ പിന്നിലെ കാരണമെന്ന്‍ വിശ്വസിക്കുന്നവര്‍ ഏറെയാണ്‌. അക്രമത്തിനിരയായ കുട്ടിയുടേയും ഉദരത്തിലുള്ള ശിശുവിന്റേയും ജീവിക്കുവാനുള്ള അവകാശം ബഹുമാനിക്കപ്പെടണമെന്നാണ് ഇക്കാര്യത്തില്‍ ബൊളീവിയന്‍ മെത്രാന്‍ സമിതി കൈകൊണ്ട നിലപാട്. ബൊളീവിയയില്‍ അബോര്‍ഷന്‍ കുറ്റകരമായതിനാല്‍ ആരെയും അബോര്‍ഷന് നിര്‍ബന്ധിക്കരുതെന്നും സി.ഇ.ബി ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരിന്നു.

ഒക്ടോബര്‍ അവസാനവാരത്തില്‍ ബൊളീവിയയിലെ സാന്താക്രൂസ് ഡി ലാ സിയേറയിൽ സ്ഥിതി ചെയ്യുന്ന മെനോർ ഡി സാൻ ലോറൻസോ മാർട്ടിർ കത്തീഡ്രൽ ബസിലിക്കയ്ക്ക് നേരെയും ഫെമിനിസ്റ്റുകളും ആക്രമണം നടത്തിയിരിന്നു. ഇതിനിടെ അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ഒരു സംഘം അബോര്‍ഷന്‍ അനുകൂലികള്‍ നവംബര്‍ 27ന് മെത്രാന്‍ സമിതിയുടെ നിലപാടിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. സി.ഇ.ബി ആസ്ഥാന മന്ദിരത്തിന് മുന്നില്‍ തടിച്ചു കൂടിയ പ്രതിഷേധക്കാര്‍ മന്ദിരത്തിന്റെ ഭിത്തികള്‍ പെയിന്റുകള്‍ കൊണ്ടു വികൃതമാക്കുകയും ചെയ്തിരുന്നു.


Related Articles »