News
മരണാനന്തര ചടങ്ങുകൾ നിത്യജീവനെ നോക്കി വെല്ലുവിളിക്കുമ്പോൾ: ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട 10 യാഥാർത്ഥ്യങ്ങൾ
എഡിറ്റോറിയല്‍ 28-12-2021 - Tuesday
കഴിഞ്ഞ ദിവസം മരിച്ച ഒരു രാഷ്ട്രീയ നേതാവിന്റെ മരണത്തേക്കാൾ വാർത്തകളിൽ പ്രാധാന്യം ലഭിച്ചത് അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾക്കായിരുന്നു. കത്തോലിക്ക വിശ്വാസിയായി ജനിച്ച ഈ നേതാവ് പിന്നീട് സഭയിൽ നിന്നും അകലുകയും മരണസമയത്ത് കത്തോലിക്ക വിശ്വാസപ്രകാരമുള്ള ശുശ്രൂഷകൾ ഒന്നും തനിക്ക് ആവശ്യമില്ലായെന്ന് പറയുകയും ചെയ്‌തിരുന്നു. ഇദ്ദേഹം സഭയുമായി അകന്നതിന്റെ ശരിതെറ്റുകളോ, ഈ വ്യക്തിയുടെ ആത്മാവിന്റെ ശാശ്വതമായ പ്രതിഫലമോ നിർവചിക്കുവാനോ വിധിക്കുവാനോ നമ്മുക്ക് സാധ്യമല്ല. അത് ഹൃദയങ്ങൾ പരിശോധിക്കുന്ന കർത്താവിനു മാത്രം അറിയാവുന്ന യാഥാർഥ്യമാണ്. എങ്കിലും ഇത്തരം സംഭവങ്ങൾ ഒരു ക്രൈസ്‌തവ വിശ്വസിയുടെ മരണാന്തര ചടങ്ങുകളുടെ പ്രാധാന്യവും ആവശ്യകതയും കുറച്ചുകാണിക്കുന്നതിനും മറ്റുള്ള വിശ്വസികളെ വഴിതെറ്റിക്കുന്നതിനും ചിലപ്പോൾ കാരണമായേക്കാം.
തന്റെ മരണാന്തര ചടങ്ങുകളിൽ ദൈവത്തിന്റെ വചനങ്ങൾ അടങ്ങിയ പ്രാർത്ഥനകൾക്ക് പകരം സിനിമാഗാനം ആലപിക്കുവാൻ ആവശ്യപ്പെട്ടത് എന്തോ വലിയ 'സംഭവ'മാണെന്ന് വരുത്തിതീർക്കുന്ന ചില ക്രിസ്ത്യാനികളെയും സോഷ്യൽ മീഡിയയിൽ കാണുവാൻ സാധിച്ചത് ഈ വിഷയത്തിൽ നിലനിൽക്കുന്ന ചില അബദ്ധചിന്തകൾ എത്രയോ വലുതാണ് എന്നതിന്റെ തെളിവാണ്.
ഒരു കത്തോലിക്ക വിശ്വാസിയുടെ ജീവിതം പോലെ തന്നെ പ്രാധാന്യമുള്ളതാണ് അയാളുടെ മരണവും മരണാനന്തര ചടങ്ങുകളും. ഭൂമിയിലെ തീർത്ഥാടനകാലത്ത് അമ്മയെപ്പോലെ തന്റെ മടിയിൽ സംവഹിച്ച സഭ അവന്റെ യാത്രയുടെ അന്ത്യത്തിൽ പിതാവിന്റെ കരങ്ങളിൽ അവനെ സമർപ്പിക്കുകയാണ് മൃതസംസ്കാര ശുശ്രൂഷകളിലൂടെ ചെയ്യുന്നത്. മഹത്വത്തിൽ ഉയിർക്കേണ്ട ശരീരമാകുന്ന വിത്ത് പ്രതീക്ഷയോടെ സഭ ഈ ഭൂമിയിൽ നിക്ഷേപിക്കുന്ന സമാനതകളില്ലാത്ത ചടങ്ങാണ് ഇത് (CCC1683). ഇതിനെ കേവലം പുച്ഛത്തോടെ തള്ളിക്കളഞ്ഞുകൊണ്ട് ലോകത്തിന്റെ കയ്യടി നേടാൻ വേണ്ടി തികച്ചും അക്രൈസ്തവമായി ഈ ചടങ്ങുകൾ നടത്തുന്നവരും അതിനെ മഹത്വവൽക്കരിക്കുന്നവരും നിത്യജീവനെ നോക്കി വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്.
മാമ്മോദീസയിലൂടെ കത്തോലിക്ക വിശ്വാസം സ്വീകരിച്ച ചിലർ പിന്നീട് സഭയിൽ നിന്ന് അകലുകയും തങ്ങളുടെ മരണസമയത്ത് സഭാപരമായ ചടങ്ങുകൾ ഒന്നും ആവശ്യമില്ല എന്ന് പറയുകയും ചെയ്ത സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇത്തരം അവസരങ്ങളിലെല്ലാം ക്രൈസ്‌തവ വിരുദ്ധ മാധ്യമങ്ങളും ഗ്രൂപ്പുകളും അതിന് വലിയ വാർത്താപ്രാധാന്യം നൽകാറുണ്ട്. ഇതിനെ വലിയ വിജയമായി കണ്ട് അവർ ആഘോഷിക്കാറുണ്ട്. എന്നാൽ ഇവിടെ നഷ്‌ടം ആർക്കാണ് സംഭവിക്കുന്നത് എന്ന് വിശ്വാസിസമൂഹം തിരിച്ചറിയണം.
ക്രിസ്‌തു സ്ഥാപിച്ച കത്തോലിക്ക സഭയെ ഉപേക്ഷിച്ചു പോകുന്നതും അക്രൈസ്തവമായി മരണാനന്തര ചടങ്ങുകൾ നടത്തുന്നതും വലിയ മിടുക്കണെന്ന് കരുതുന്ന മാധ്യമങ്ങളും ഗ്രൂപ്പുകളും മനസ്സിലാക്കേണ്ട 10 യാഥാർഥ്യങ്ങൾ:
1. മാമ്മോദീസ എന്ന കൂദാശ, അതു സ്വീകരിക്കുന്ന വ്യക്തിയെ മായ്ക്കാനാവാത്ത ഒരു ആധ്യാത്മിക മുദ്ര കൊണ്ട് അടയാളപ്പെടുത്തുന്നു (CCC1272). പിന്നീട് അയാൾ ഏതു വിശ്വാസം സ്വീകരിച്ചാലും ഈ മുദ്ര മായ്ക്കപ്പെടുന്നില്ല.
2. മാമ്മോദീസാ നിത്യജീവന്റെ മുദ്രയാണ്. മാമ്മോദീസായുടെ ഉത്തരവാദിത്വങ്ങളോട് വിശ്വസ്‌തത പുലർത്തിക്കൊണ്ട് അവസാനം വരെ ആ മുദ്ര സൂക്ഷിക്കുന്ന വിശ്വസ്‌തനായ ക്രൈസ്തവന് പുനരുത്ഥാനത്തിന്റെ പ്രത്യാശയിൽ ഈ ജീവിതത്തിൽ നിന്നും പിരിഞ്ഞു പോകാൻ സാധിക്കും (CCC1274).
3. മാമ്മോദീസ സ്വീകരിച്ച ഒരു വ്യക്തി സഭയെ ഉപേക്ഷിച്ചു പോയാലും, സഭ അയാളെ ഉപേക്ഷിച്ചു കളയുന്നില്ല. പാപങ്ങളും അതിന്റെ പ്രലോഭനങ്ങളും നിറഞ്ഞ ഈ ലോകത്ത് ജീവിക്കുന്ന വിശ്വാസികളെ സഭ കരുണയോടെ നോക്കുകയും അവന്റെ മരണം വരെ ക്രിസ്‌തു നൽകുന്ന പാപമോചനം സ്വീകരിക്കുവാൻ അവരെ നിരന്തരം ക്ഷണിക്കുകയും ചെയ്യുന്നു.
4. ക്രിസ്തുവിൽ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ സാധ്യമായ സമയം എന്ന നിലയിൽ ഒരു മനുഷ്യനു സാധ്യമായ അവസരത്തിന് മരണം അന്ത്യം കുറിക്കുന്നു (CCC1021). മരണസമയത്തുപോലും മനസാന്തരപ്പെടാൻ സാധിക്കാത്ത ഒരു മനുഷ്യന് അവന്റെ അവസാന ആശ്രയം സഭ മാത്രമാണ്. സഭയുടെ പ്രാർത്ഥനകളിലൂടെ മാത്രമേ അവന് നിത്യജീവിതത്തിൽ പ്രതീക്ഷയർപ്പിക്കാൻ സാധിക്കൂ എന്നിരിക്കെ, അതിനു പകരം അക്രൈസ്തവമായ ചടങ്ങുകളും സഭയുടെ പ്രാർത്ഥനകൾക്ക് പകരം സിനിമാഗാനങ്ങളും ആലപിക്കുവാൻ അവശ്യപ്പെടുന്നത് ബുദ്ധിശൂന്യതയായി മാത്രമേ കാണുവാൻ സാധിക്കൂ.
5. ഈ "ഉപേക്ഷിച്ചുപോകൽ" ക്രിസ്തു ഈ ഭൂമിയിൽ മനുഷ്യനായി ജീവിച്ച കാലത്തും ഉണ്ടായിരുന്നു. ഞാൻ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിയ ജീവനുള്ള അപ്പമാണെന്ന് അവിടുന്ന് പറഞ്ഞപ്പോൾ അവിടുത്തെ ശിഷ്യന്മാർ പലരും അവിടുത്തെ ഉപേക്ഷിച്ചുപോയി. എന്നാൽ ക്രിസ്‌തു അവിടുത്തെ അപ്പസ്തോലന്മാരോട് ചോദിച്ചു "നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ"? എപ്പോൾ ശിമയോൻ പത്രോസ് മറുപടി പറഞ്ഞു: "കർത്താവേ ഞങ്ങൾ ആരുടെ അടുത്തേക്ക് പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ട്" (യോഹ 6:68).
6. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഈ "ഉപേക്ഷിച്ചുപോകൽ" ഇന്നും തുടരുകയും, ചില നേതാക്കന്മാർ മരണസമയത്തുപോലും, "ക്രിസ്‌തു സ്ഥാപിച്ച സഭ എനിക്ക് ആവശ്യമില്ല" എന്ന് പറയുകയും മാധ്യമങ്ങൾ അതിനെ മഹത്വവൽക്കരിക്കുകയും ചെയ്യുംമ്പോൾ , ഒരു യഥാർത്ഥ വിശ്വാസിക്ക് സഭയോട് ചേർന്നുനിന്നുകൊണ്ട് വിശുദ്ധ പത്രോസിനെ പോലെ ഇപ്രകാരം പറയുവാൻ സാധിക്കണം: കർത്താവെ ഞങ്ങൾ അങ്ങയെയും അങ്ങയുടെ സഭയെയും വിട്ട് എവിടേക്ക് പോകും? നിത്യജീവന്റെ വചസ്സുകൾ നിന്റെ പക്കലാണല്ലോ ഉള്ളത്".
7. സഭയിലെ അംഗങ്ങളായിരിക്കുകയും സ്നേഹത്തിൽ നിലനിൽക്കാതെ, സഭയുടെ മടിത്തട്ടിൽ ഹൃദയം കൊണ്ടല്ലാതെ 'ശരീരം'കൊണ്ടു മാത്രം സ്ഥിതിചെയ്യുകയും ചെയ്യുന്നവർ രക്ഷപ്രാപിക്കയില്ല (Lumen Gentium 14) എന്ന സത്യം നമ്മുക്ക് മറക്കാതിരിക്കാം.
8. മരണത്തോടടുക്കുന്ന വ്യക്തിയോടു സഭ ക്ഷമയുടെയും പാപമോചനത്തിന്‍റെയും വാക്കുകള്‍ അവസാനമായി പറയുമ്പോള്‍, ശക്തി പ്രദാനം ചെയ്യുന്ന അഭിഷേകം കൊണ്ട് അവസാനമായി അവനെ മുദ്ര വയ്ക്കുമ്പോള്‍, യാത്രയ്ക്കുള്ള ഭക്ഷണമായി ക്രിസ്തുവിനെ തിരുപാഥേയത്തില്‍ നല്‍കുമ്പോള്‍ മധുരമായ ഉറപ്പോടെ ഇങ്ങനെ പറയുന്നു:
നിന്നെ സൃഷ്ടിച്ച സര്‍വ്വശക്തനായ പിതാവായ ദൈവത്തിന്‍റെ നാമത്തില്‍ ഈ ലോകത്തില്‍ നിന്ന് അല്ലയോ ക്രൈസ്തവാത്മാവേ, മുന്നോട്ടു പോകുക.
നിനക്കുവേണ്ടി പീഡകള്‍ സഹിച്ചവനും സജീവനായ ദൈവത്തിന്‍റെ പുത്രനുമായ ഈശോമിശിഹായുടെ നാമത്തില്‍ നിന്‍റെമേല്‍ വര്‍ഷിക്കപ്പെട്ട പരിശുദ്ധാത്മാവിന്‍റെ നാമത്തില്‍ വിശ്വസ്തനായ ക്രൈസ്തവാ മുന്നോട്ടുപോവുക.
നീ ഇന്നു സമാധാനത്തില്‍ വസിക്കുമാറാകട്ടെ.
നിന്‍റെ ഭവനം ദൈവത്തോടുകൂടി വിശുദ്ധ സിയോനിലായിരിക്കട്ടെ.
ദൈവത്തിന്‍റെ മാതാവായ കന്യകാമറിയത്തോടും വിശുദ്ധ യൗസേപ്പിനോടും എല്ലാ മാലാഖമാരോടും വിശുദ്ധരോടും കൂടെ... ഭൂമിയുടെ പൊടിയില്‍നിന്നു നിന്നെ മെനഞ്ഞെടുത്ത നിന്‍റെ സൃഷ്ടാവിലേക്കു നീ തിരിച്ചുപോകട്ടെ.
നീ ഈ ലോകത്തില്‍നിന്നു തിരിച്ചുപോകുമ്പോള്‍ പരിശുദ്ധ മറിയവും മാലാഖമാരും എല്ലാ വിശുദ്ധരും നിനെ കണ്ടുമുട്ടാന്‍ വരുമാറാകട്ടെ...
നീ നിന്‍റെ രക്ഷകനെ മുഖാമുഖം കാണുവാനും നിത്യം ദൈവത്തെ ധ്യാനിക്കുവാനും സാധിക്കുമാറാകട്ടെ" (CCC 1020)
9. നരകത്തിൽ പോകാൻ ആരെയും ദൈവം മുൻകൂട്ടി നിശ്ചയിക്കുന്നില്ല. ആരും നശിച്ചുപോകാതിരിക്കാനും, എല്ലാവരും പശ്ചാപത്തിലേക്ക് വരാനും ആഗ്രഹിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിനായി സഭ നിരന്തരം പ്രാർത്ഥിക്കുന്നു. സ്വർഗ്ഗത്തിലുള്ളതിനെ പോലും കെട്ടുവാനും അഴിക്കുവാനും ക്രിസ്‌തുവിൽ നിന്നും അധികാരം ലഭിച്ചിരിക്കുന്ന സഭയുടെ പ്രാർത്ഥനകൾക്കുനേരെ മുഖം തിരിച്ച് മരണാന്തര ചടങ്ങുകൾ നടത്തുന്നത് എത്രയോ വലിയ അബദ്ധമാണെന്ന് നാം തിരിച്ചറിയണം.
10. മനസ്തപിച്ചു ദൈവത്തിന്റെ കരുണാർദ്ര സ്നേഹം സ്വീകരിക്കാതെ മാരകപാപത്തിൽ മരിക്കുക എന്നതിന്റെ അർഥം നമ്മുടെ സ്വതന്ത്രമായ തീരുമാനപ്രകാരം എന്നേക്കുമായി ദൈവത്തിൽനിന്നു വേർപെട്ടുനിൽക്കുക എന്നതാണ്. ദൈവത്തോടും വാഴ്ത്തപ്പെട്ടവരോടും ഉള്ള സംസർഗ്ഗത്തിൽ നിന്നു സുനിശ്ചിതമായി നമ്മെത്തന്നെ വേർപെടുത്തി നിറുത്തുന്ന അവസ്ഥയെ നരകം എന്നു വിളിക്കുന്നു (CCC 1033).
ഈ അവസ്ഥ പുൽകാൻ പിശാച് നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. ചിലപ്പോൾ അത് ഈ ലോകത്തിലെ ചില സംഭവങ്ങളിലൂടെയായിരിക്കും. മാധ്യമങ്ങൾ അതിന് വീരപരിവേഷം നൽകി വിപ്ലവം സൃഷ്ടിക്കാൻ ശ്രമിക്കും. എങ്കിലും ഓർമ്മിക്കുക: നരകത്തിൽ ഈ ചാനൽ ചർച്ചകളും നേതാക്കന്മാരുടെ വിപ്ലവവീര്യവും ഒന്നും ആശ്വാസം നൽകുകയില്ല. അവിടെ അന്ധകാരവും, നിത്യാഗ്നിയും വിലാപവും പല്ലുകടിയും മാത്രമായിരിക്കും ഒരുവനെ കാത്തിരിക്കുക.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക