News - 2024

ഗര്‍ഭനിരോധനവും, വധശിക്ഷയും ശക്തമായി നടപ്പിലാക്കുമെന്ന് ഫിലിപ്പിയന്‍സിന്റെ നിയുക്ത പ്രസിഡന്റ്

സ്വന്തം ലേഖകന്‍ 28-06-2016 - Tuesday

മാനില: ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനേയും ജനന നിയന്ത്രണം ഏര്‍പ്പെടുന്നതിനേയും തന്റെ സര്‍ക്കാര്‍ ശക്തമായി പിന്തുണയ്ക്കുമെന്ന് ഫിലിപ്പിയന്‍സ് നിയുക്ത പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്. ഒരു ദമ്പതിമാര്‍ക്ക് പരമാവധി മൂന്നു കുട്ടികള്‍ മാത്രം മതിയെന്നും ഡ്യുട്ടേര്‍ട്ട് പറഞ്ഞു. ഡാവോസ് സിറ്റിയിലെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം നടന്ന പ്രസംഗത്തിലാണ് ദൈവത്തിന്റെ കല്പനകളെയും, കത്തോലിക്ക സഭയുടെ പഠിപ്പിക്കലുകളേയും എതിർക്കുവാൻ ലക്ഷ്യംവച്ചുള്ള ഡ്യൂട്ടേര്‍ട്ടിന്റെ പ്രസംഗം നടന്നത്.

"അധികാരത്തില്‍ വന്നാല്‍ കുടുംബാസൂത്രണ പദ്ധതി പുനര്‍സ്ഥാപിക്കും. ദമ്പതിമാര്‍ക്ക് മൂന്നു കുട്ടികളില്‍ കൂടുതല്‍ ആവശ്യമില്ല. വന്ധീകരണത്തിനു വിധേയരാകുന്ന പുരുഷന്‍മാര്‍ക്ക് പണം നല്‍കി അതിനെ പ്രോത്സാഹിപ്പിക്കുമെന്നും ഡ്യൂട്ടേര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ കുടുംബാസൂത്രണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ താന്‍ ഒരു തീരുമാനവും ആരേയും അടിച്ചേര്‍പ്പിക്കില്ലെന്ന് ഡ്യൂട്ടേര്‍ട്ട് ഒരു മാസം മുമ്പ് പറഞ്ഞിരുന്നു. ഇതിനെല്ലാം വിരുദ്ധമാണ് അധികാരമേല്‍ക്കുവാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ ഡ്യുട്ടേര്‍ട്ട് നടത്തിയിരിക്കുന്ന പുതിയ പ്രസ്താവന.

കുറ്റവാളികളെ തൂക്കിലേറ്റുമെന്ന ഡ്യൂട്ടേര്‍ട്ടിന്റെ പ്രസ്താവനയോട് സഭയ്ക്ക് കടുത്ത വിയോജിപ്പാണുള്ളത്. കുറ്റകൃത്യം ആസൂത്രിതമായി ആരെങ്കിലും നടത്തുന്നത് കണ്ടാല്‍ അവരെ വെടിവയ്ക്കണമെന്ന ഉത്തരവ് ഡ്യൂട്ടേര്‍ട്ട് പോലീസിന് നല്‍കി കഴിഞ്ഞു. കുറ്റവാളികളെ കണ്ടാല്‍ അപ്പോള്‍ തന്നെ വെടിവച്ച് കൊലപ്പെടുത്തുവാനുള്ള നിര്‍ദേശം ശക്തമായ ഭാഷയിലാണ് ഡ്യൂട്ടേര്‍ട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ മിഷനറിയെ ജയിലില്‍ അടയ്ക്കുകയും പിന്നീട് അവരെ സഹതടവുകാര്‍ ഡാവോ ജയിലില്‍ നടന്ന കലാപത്തിനിടെ മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തെ ഡ്യൂട്ടേര്‍ട്ട് പരിഹാസപൂര്‍വ്വം കളിയാക്കി. 1989-ലാണ് ഓസ്‌ട്രേലിയന്‍ മിഷ്‌നറി സഹതടവുകാരാല്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

ലിംഗായാന്‍ അതിരൂപതയുടെ വക്താവ് ഫാദര്‍ ഒലിവര്‍ മെന്‍ഡോസ ഡ്യൂട്ടേര്‍ട്ടിന്റെ നടപടികള്‍ക്കെതിരെ സഭ ശക്തമായി രംഗത്ത് വരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പോലീസുകാര്‍ക്ക് കുറ്റവാളികളെ വെടിവയ്ക്കുവാന്‍ ഡ്യൂട്ടേര്‍ട്ട് നല്‍കിയിരിക്കുന്ന നിര്‍ദേശം ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറയുന്നു. ' ഇത്തരം അന്യായങ്ങള്‍ക്കെതിരെ നമ്മള്‍ കണ്ണുകള്‍ അടച്ചാല്‍, നമ്മുടെ ചുണ്ടുകള്‍ ചലിപ്പിക്കാതെ ഇരുന്നാല്‍, കാതുകള്‍ പൊത്തിപിടിച്ചാല്‍, പിന്നെ എന്തിനാണ് ഇവിടെ ഒരു സാക്ഷികളുടെ സഭ നിലകൊള്ളുന്നത്'. ഫാദര്‍ ഒലിവര്‍ മെന്‍ഡോസ ചോദിച്ചു.


Related Articles »