News - 2024
ലോകത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന മത വിഭാഗം ക്രൈസ്തവരെന്ന് പഠനം
സ്വന്തം ലേഖകൻ 30-06-2016 - Thursday
പ്യൂ റിസർച്ച് സെന്റർ നടത്തിയ ഒരു പഠനത്തിൽ 108 രാജ്യങ്ങളിൽ ക്രൈസ്തവർ പീഡനമേൽക്കേണ്ടി വരുന്നുണ്ട് എന്ന് കണ്ടെത്തി. 2013-ൽ 102 രാജ്യങ്ങളിൽ ക്രൈസ്തവ പീഡനം നടന്നിരുന്നു എന്നതായിരിന്നു കണക്ക്. അതാത് സർക്കാരിന്റെയും സമൂഹത്തിന്റെയും ക്രൈസ്തവ വിരുദ്ധ നീക്കങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ സംഖ്യ 2014-ല്‍ ആയപ്പോഴേക്കും 108 ആയി ഉയർന്നു. ക്രൈസ്തവർ ന്യൂനപക്ഷമായിരിക്കുന്ന രാജ്യങ്ങളിൽ അവർ ഭാഷപരമായും ശാരീരികമായും സമൂഹത്തിൻറെ പീഡനമേൽക്കേണ്ടി വരുന്നതായി പഠനത്തിൽ കണ്ടെത്തി.
ക്രൈസ്തവരുടെ ആരാധനാലയങ്ങളും മറ്റു വിശുദ്ധ സ്ഥലങ്ങളും വസ്തുക്കളും മലിനപ്പെടുത്തുക, പൊതുസ്ഥലങ്ങളിൽ അവഹേളിക്കുക എന്നിവയെല്ലാം ഭരണാധികാരികളുടെ മൗനാനുവാദത്തോടെ നടക്കുന്നു. സർക്കാരുകളുടെ നയപരമായ പീഡനങ്ങൾക്കും ക്രൈസ്തവർ ഇരയായി കൊണ്ടിരിക്കുന്നു. അനാവശ്യമായ അറസ്റ്റ്, തടവ്, വിദ്യാഭ്യാസത്തിലും ജോലിയിലുമുള്ള വിവേചനം, വീടു വാങ്ങുന്നതിനും മറ്റുമുള്ള നിബന്ധനകളിലെ വിവേചനം എന്നിവയെല്ലാം ക്രൈസ്തവ ന്യൂനപക്ഷങ്ങൾ സഹിക്കേണ്ടി വരുന്നു. പഠനത്തില്‍ പറയുന്നു.
2014-ലെ കണക്കനുസരിച്ച് ലോകത്തിലെ ക്രൈസ്തവ ജനസംഖ്യ 2.3 ബില്ല്യനാണ്. ഏകദേശം 8000 -ത്തിലധികം ക്രൈസ്തവർ ഓരോ വർഷവും വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിക്കുന്നുണ്ട് എന്ന് കണക്കുകൾ പറയുന്നു. അതായത്, ഓരോ മണിക്കൂറിലും ലോകത്തിലെ ഏതെങ്കിലും കോണിൽ ഒരു ക്രൈസ്തവൻ രക്തസാക്ഷിയാക്കപ്പെടുന്നു. 85 രാജ്യങ്ങളിൽ അതാത് സ്ഥലത്തെ സമൂഹമാണ് ക്രൈസ്തവർക്ക് നേരെയുള്ള പീഡനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
79 രാജ്യങ്ങളിൽ മതമര്‍ദ്ധക വേഷത്തിൽ സർക്കാരുകൾ തന്നെ പ്രത്യക്ഷപ്പെടുന്നുവെന്ന്‍ പ്യൂ റിസേര്‍ച്ചിന്റെ പഠനത്തില്‍ സൂചിപ്പിക്കുന്നു. 2014-ല്‍ 82 രാജ്യങ്ങളിൽ ക്രൈസ്തവർക്കു നേരെ ഭീകരാക്രമണങ്ങൾ നടക്കുകയുണ്ടായി. ക്രൈസ്തവർ ന്യൂനപക്ഷമായ 60 രാജ്യങ്ങളിൽ പ്രസ്തുത ഭീകരാക്രമണങ്ങൾ മൂലം അനേകം ക്രൈസ്തവർ മരണപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ എടുത്ത് കാണിക്കുന്നു. ഇത്തരം പ്രതിസന്ധികൾക്കിടയിലും ആതുര സേവനത്തിലൂടെയും വിദ്യാഭ്യാസ അനുബന്ധ സേവനങ്ങളിലൂടെയും ക്രൈസ്തവ സഭകൾ ഈ രാജ്യങ്ങളിൽ പ്രവർത്തനനിരതരാണ്.