News - 2024

പ്രാർത്ഥന അടഞ്ഞ ഹൃദയങ്ങൾ തുറക്കുന്നു: ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യ൪ 30-06-2016 - Thursday

വത്തിക്കാന്‍: വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുനാൾ ദിനമായിരിന്ന ഇന്നലെ പരിശുദ്ധ പിതാവ് സെന്റ് പീറ്റേർസ് ബസലിക്കയിൽ ദിവ്യബലി വേളയിൽ സുവിശേഷ ഭാഗത്തെ പരാമർശിച്ചു കൊണ്ട്, പ്രാർത്ഥനയുടെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു. വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും ജീവിതങ്ങളെ ഉദ്ദാഹരിച്ചു കൊണ്ട്, തുറന്ന ഹൃദയങ്ങളിലേക്ക് ദൈവവരപ്രസാദം പ്രവഹിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം വിവരിച്ചു.

വിശുദ്ധ പത്രോസ് തടവിലാക്കപ്പെട്ടപ്പോളും തളരാതെ തന്റെ ദൗത്യത്തിൽ തുടരാൻ അദ്ദേഹത്തിന് ശക്തി നൽകിയത് പ്രാർത്ഥനയാണ്. വ്യക്തികളെ പോലെ തന്നെ സമൂഹത്തിനും തുറന്ന ഹൃദയത്തോടെയുള്ള പ്രാർത്ഥനയാണ് പ്രശ്നങ്ങളിൽ നിന്നുള്ള മോചനമാർഗ്ഗം എന്ന് ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

"പ്രാർത്ഥന എന്നാൽ നാം പൂർണ്ണമായും സ്വയം ദൈവത്തെ ഏൽപ്പിച്ചു കൊടുക്കലാണ്. വ്യക്തികൾക്കും സമൂഹത്തിനും പ്രാർത്ഥനയിലൂടെയുള്ള സ്വയം സമർപ്പണം സാദ്ധ്യമാണ്. വിശുദ്ധ പൗലോസിന്റെ ലിഖിതങ്ങളിലെല്ലാം തുറന്ന ഹൃദയത്തോടെയുള്ള പ്രാർത്ഥനയും പ്രവർത്തിയും നമ്മെ ദൈവത്തിലേക്ക് നയിക്കുന്നതിനെ പറ്റി പറയുന്നുണ്ട്. "പൗലോസിന്റെ ജീവിതം യേശുവിനെ അറിയാത്ത നാടുകളിലേക്കുള്ള ഒരു കുതിച്ചോട്ടമായിരുന്നു. അത് അദ്ദേഹത്തെ എന്നും നയിച്ചത് യേശുവിന്റെ കരങ്ങളിലേക്കായിരുന്നു."

വിശുദ്ധ പത്രോസിന്റെ ഹൃദയം തുറന്ന സാഹചര്യം ഫ്രാന്‍സിസ് പാപ്പ വിവരിച്ചു. അഹന്തതയും ഭയവും കൂടി ഹൃദയത്തിൽ ഇരുട്ടു നിറഞ്ഞപ്പോൾ മൂന്നു തവണ യേശുവിനെ തള്ളിപ്പറഞ്ഞതിനു ശേഷം, പത്രോസ് യേശുവിനെ കാണുന്നു. ആ പ്രകാശ പ്രവാഹത്തിൽ ഹൃദയം തുറന്ന്, പത്രോസ് യേശുവിനെ അനുഗമിക്കുന്നു. "പ്രാർത്ഥന ഹൃദയങ്ങൾ തുറക്കുന്നു. അവിടെ ഭയമകലുന്നു: ധൈര്യം നിറയുന്നു. ദു:ഖമകലുന്നു, സന്തോഷം നിറയുന്നു. വിഭാഗീയത അപ്രത്യക്ഷമാകുന്നു." ഹൃദയം തുറക്കുക; പ്രാർത്ഥനയുടെ പ്രകാശം ഹൃദയത്തിൽ നിറയാൻ അനുവദിക്കുക എന്ന ആശംസയോടെ പിതാവ് പ്രസംഗം ഉപസംഹരിച്ചു.


Related Articles »