News - 2024
തെറ്റുകളില്‍ അകപ്പെട്ടവര്‍ക്ക് നിങ്ങളുടെ ദയയും ഉപദേശവും ആവശ്യമുണ്ട്: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകൻ 01-07-2016 - Friday
വത്തിക്കാന്‍: "ദയയില്ലായ്മ നമ്മുടെ ജീവിതങ്ങളെ തരിശാക്കി മാറ്റുന്നു. ദയ പാഠപുസ്തകത്തിൽ പഠിക്കാനുള്ള ഒരു ചിന്താവിഷയമല്ല; അതൊരു ജീവിത ശൈലിയാണ്. നമ്മുടെ സ്വന്തം ഭൗതീക - ആത്മീയ ആവശ്യങ്ങൾക്ക് മുകളിൽ മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പെരുമാറുന്ന ത്യാഗമാണ് ദയ". സെന്റ് പീറ്റേർസ് സ്ക്വയറിൽ ബുധനാഴ്ച്ച നടത്തിയ പ്രഭാഷണത്തിലാണ് ഫ്രാൻസിസ് മാർപാപ്പ കരുണയുടെ വിവിധ തലങ്ങൾ വിശ്വാസികളെ ഓർമ്മിപ്പിച്ചത്.
"യഥാർത്ഥത്തിലുള്ള ദയ നമുക്കുണ്ടോയെന്ന് നാം ആത്മ:പരിശോധന നടത്തേണ്ടിയിരിക്കുന്നു. മറ്റുള്ളവരോട് കാരുണ്യം പുലര്‍ത്തുന്നവർ യഥാർത്ഥ ക്രൈസ്തവ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. അവർക്ക് കാണാൻ കണ്ണുകളുണ്ടാകും, കേൾക്കാൻ കാതുകളും ആശ്വസിപ്പിക്കാൻ കൈകളുമുണ്ടാകും. അവസരങ്ങൾ അന്വേഷിച്ച് കണ്ടെത്തുമ്പോളാണ് നമ്മുടെ ജീവിതത്തിൽ കരുണ നിറയുന്നത്. നമ്മുടെ മുമ്പിലുള്ള ദുരിതം കണ്ടില്ലെന്ന് നടിക്കുന്നതോടെ നമ്മൾ കാപട്യക്കാരായ ക്രൈസ്തവരായി മാറുന്നു. സുഖസൗകര്യങ്ങൾക്കു നടുവില്‍ നമ്മെ ആത്മീയ ജഡത്വം ബാധിക്കുന്നു". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
"നിങ്ങളുടെ ജീവിതം ദൈവത്തിന്റെ വരദാനമാണ്. നിങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഉചിതമായ സമയങ്ങളിൽ ദൈവം നിങ്ങളുടെ ജീവിതത്തിൽ അനുഗ്രഹങ്ങൾ വർഷിക്കുന്നു. അതു കൊണ്ടു തന്നെ, ജീവിതത്തിൽ ദുരിതമനുഭവിക്കുന്നവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവർക്ക് ആശ്വാസം നൽകാൻ ഓരോ ക്രൈസ്തവനും ബാധ്യതയുണ്ട്. സ്വന്തം സുസ്ഥിതി എന്ന ആഗോള സംസ്ക്കാരം മറ്റുള്ളവരോടുള്ള നമ്മുടെ ദയയെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. നിങ്ങളുടെ കൂടെയുള്ള യേശുവിനെ നിങ്ങൾ വിസ്മരിക്കരുത്". ഫ്രാന്‍സിസ് പാപ്പ കൂട്ടിചേര്‍ത്തു.
വിശക്കുന്നവനെ നോക്കുക. അവിടെ നിങ്ങൾ യേശുവിനെ കാണും. തടവുകാരിൽ, രോഗികളിൽ, യാചകരിൽ, സ്വന്തം കുടുംബത്തിന് ഭക്ഷണം നൽകാൻ വകയില്ലാതെ ജോലിക്കു വേണ്ടി അലയുന്ന നിർഭാഗ്യരിൽ - അവിടെയെല്ലാം യേശുവുണ്ട്. അത് നിങ്ങൾ കാണാതിരിക്കരുത്. കുറ്റം ചെയ്തവർ ഉണ്ട്. പക്ഷേ അവരെ ഉപേക്ഷിച്ചു കളയരുത്. അവർക്ക് നിങ്ങളുടെ ദയയും ഉപദേശവും ആവശ്യമുണ്ട്. യേശു നിങ്ങളോട് ഇതാണ് ആവശ്യപ്പെടുന്നത്. " ഞാൻ നിങ്ങളോടു കരുണ കാണിക്കുന്നതുപോലെ, നിങ്ങൾ മറ്റുള്ളവരോടു കരുണയുള്ളവരായിരിക്കുവിൻ". ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ ഉത്ബോധിപ്പിച്ചു.