News

സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് മാപ്പ് പറയണം എന്ന വാദഗതി ബാലിശമെന്ന് ആഫ്രിക്കൻ കർദ്ദിനാൾ

സ്വന്തം ലേഖകൻ 01-07-2016 - Friday

സഭ സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് മാപ്പു പറയേണ്ട സമയമാണിതെന്ന് ജർമ്മൻ കർദ്ദിനാൾ റീൻ ഹാഡ് മാർക്സ് ഈയടുത്ത ദിവസം ആഹ്വാനം ചെയ്തതിനെ നിശിതമായി ചോദ്യം ചെയ്തു കൊണ്ട് സൗത്ത് ആഫ്രിക്കയിലെ പ്രമുഖനായ ആത്മീയ നേതാവ് കർദ്ദിനാൾ വിൽഫ്രഡ് ഫോക്സ് നാപ്പിയർ ട്വീറ്റ് ചെയ്തു.

കർദ്ദിനാൾ മാർക്സിന്റെ അഭിപ്രായത്തെ ബാലിശമെന്ന് വിശേഷിപ്പിച്ചു കൊണ്ട്, വ്യഭിചാരം പാപമാണെന്ന് പഠിപ്പിക്കുന്നതിനും തിരുസഭ മാപ്പു പറയേണ്ടി വരുമോ എന്ന് ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രീയ സത്യസന്ധത എന്ന പേരിലുള്ള ഇത്തരം നിലപാടുകളാണ് യഥാർത്ഥനാസ്തികത്വം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഫ്രിക്കയിലെ pro-life, pro-family പ്രവർത്തകനായ ഒബാനു ജു എക്കോച്ചയുടെ ഒരു ട്വീറ്റിന് മറുപടിയായാണ് കർദ്ദിനാൾ വിൽഫ്രഡ് ഫോക്സ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പുരുഷന്മാർ തമ്മിലോ സ്ത്രീകൾ തമ്മിലോ ഉള്ള ബന്ധം അർത്ഥരഹിതമാണെന്ന് നമുക്ക് വിധിക്കാനാവില്ല എന്ന് ജർമ്മൻ കർദ്ദിനാൾ മാർക്സ് അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, 2003-ൽ തന്നെ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ വത്തിക്കാന്റെ വിശ്വാസസമിതി (Congregation for the Doctrine of the Faith) തയ്യാറാക്കിയ രേഖയിൽ, സ്വവർഗ്ഗ ബന്ധങ്ങൾ ദൈവ പദ്ധതിയിൽ പെട്ടതല്ലെന്നും അതിന് തിരുസഭ പൂർണ്ണമായും എതിരാണെന്നും വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്.

സ്വവർഗ്ഗവിവാഹം പാപമാണെന്ന് ദൈവ വചനത്തിന്റെ വെളിച്ചത്തിൽ സഭ എക്കാലവും പഠിപ്പിക്കുന്നു. സ്വവർഗ്ഗഭോഗ പ്രവണത, അത്തരം അവസ്ഥയിൽ കഴിയുന്നവർക്ക് ഒരു പരീക്ഷണം തന്നെയാണ് എന്ന് സഭ തിരിച്ചറിയുന്നു. ഇതിന്റെ മനശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനിൽക്കുന്നതിനാൽ ഇത്തരം വിഭാഗത്തിൽ പെട്ടവരോട് സഹാനുഭൂതിയോടെയും ആദരവോടെയും നാം പെരുമാറേണ്ടിയിരിക്കുന്നു. സ്വവർഗ്ഗഭോഗ പ്രവണത പാപകരമല്ല പ്രത്യുത, സ്വവർഗ്ഗ രതിക്രിയയാണ് പാപകരം എന്നാണ് സഭ പഠിപ്പിക്കുന്നത്.


Related Articles »