Social Media

മാതൃത്വത്തിന് പ്രസവം ഒരു അനിവാര്യതയല്ലായെന്ന് ചിത്രങ്ങള്‍ പറയുമ്പോള്‍...!

ഡോ.ഡെയ്സൻ പാണേങ്ങാടൻ 14-03-2022 - Monday

യുദ്ധം കൊടുമ്പിരികൊള്ളുകയും മരണത്തെ മുഖാമുഖം കാണുകയും ചെയ്തുകൊണ്ടിരിക്കുന്ന യുക്രൈനിൽ നിന്നുള്ള മാതൃത്വത്തിന്റെ കാഴ്ചകളാണിത്. അമ്മയാകാൻ പ്രസവിക്കണമെന്നോ, പാലൂട്ടണമെന്നോയില്ല. തന്റെ വിളിയെ കുറിച്ചുള്ള ബോധ്യവും പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവ സാദൃശ്യം വരിക്കാനുള്ള ഇച്ഛാശക്തിയും മാത്രം മതി.നമുക്കിടയിൽ സാധാരണക്കാരെങ്കിലും, അവരാരും ദൈവസന്നിധിയിൽ നിസ്സാരക്കാരായിരുന്നില്ല.

അനാഥരായവരെ സനാഥരാക്കുന്ന ദൈവവിളിയ്ക്ക് തീക്ഷണതയോടെ മറുപടി കൊടുത്തവർ. ഉറ്റവരെയും ഉടയവരേയും നഷ്ടപ്പെട്ട്, ജീവിതം തന്നെ നിരർത്ഥകമായിയെന്ന് തോന്നിയവർക്ക് ശരണമേകിയവർ...... ജനിച്ച നാടിനെയും ഭൂപ്രദേശത്തേയും വിട്ട് പഠനത്തിനും ജീവിതസന്ധാരണത്തിനുമായി യുക്രൈനിൽ വന്ന് , സർവ്വതും നഷ്ടപ്പെട്ടവർക്ക് ഭാഷയും സംസ്ക്കാരവും നോക്കാതെ ഭക്ഷണവും അഭയവും നൽകിയവർ. യുദ്ധത്തിലും അതിന്റെ നേർകാഴ്ചകളിലും മാനസികമായും ശാരീരികമായും തളർന്നവർക്ക്, കാവൽ ദൂതന്റെ കരുതലുമായി സ്നേഹവും പരിചരണവുമേകിയവർ..!



മൃതശരീരങ്ങൾ വലിയ കുഴിമാടങ്ങളൊരുക്കി കൂട്ടിയിട്ടു സംസ്ക്കരിക്കുന്ന കാഴ്ചകളിൽ ഉറ്റവരേയും ഉടയവരേയും തിരഞ്ഞ്, സർവ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടവർക്ക് അത്താണിയായി പ്രകാശം പരത്തുന്നവർ.. ചിത്രങ്ങൾ, ചില സൂചനകളാണ്.....വ്യാപകമായി വിമർശനമേറ്റു വാങ്ങേണ്ടി വരുന്ന സന്യസ്തരുടെ കാരുണ്യത്തിന്റെയും സഹഗമനത്തിന്റേയും സൂചനകൾ. നിസ്സാര കാര്യങ്ങൾക്കു പോലും വ്യാപക പഴി കേൾക്കേണ്ടി വരുന്ന, അവരുടെ നൻമയുടെ സൗരഭ്യം തുളുമ്പുന്ന സൂചനകൾ.

വിമർശനങ്ങളും കുറ്റപ്പെടുത്തലും തങ്ങളെ സമൂഹത്തിൽ കർമ്മനിരതരും കർത്തവ്യനിരതരുമാക്കുന്നതിന്റെ അടയാളങ്ങൾ. ഇത് , ഒറ്റപ്പെട്ട നൻമകളല്ല; സഹസ്രാബ്ദങ്ങളുടെ ആത്മീയപരമ്പര്യത്തിൽ അവർ ആർജ്ജിച്ചെടുത്ത സാമൂഹ്യ നൻമയും പ്രതിബദ്ധതയുമാണ്. ഒരു വഴി വിളക്കിന് , ഒരു വലിയ ഭൂപ്രദേശത്തെ പ്രകാശമാനമാക്കാൻ കഴിഞ്ഞെന്നു വരില്ല; പക്ഷേ അതു നിലനിൽക്കുന്ന പ്രദേശത്ത് ചൂടും തണുപ്പും സാഹചര്യവും വകവെക്കാതെ അവ പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കും.

(ലേഖകനായ ഡോ.ഡെയ്സൻ പാണേങ്ങാടൻ സീറോ മലബാർ കുടുംബ കൂട്ടായ്മ സെക്രട്ടറിയും തൃശ്ശൂർ സെന്റ്. തോമസ് കോളേജിലെ അസിസ്റ്റന്‍റ് പ്രഫസറുമാണ് )

More Archives >>

Page 1 of 31