India - 2024
എഫ്സിആർഎ വിഷയം സാങ്കേതിക പ്രശ്നം മാത്രമായിരുന്നുവെന്ന് മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പുതിയ സുപ്പീരിയർ ജനറൽ
പ്രവാചകശബ്ദം 22-03-2022 - Tuesday
ന്യൂഡൽഹി: വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള എഫ്സിആർഎ രജിസ്ട്രേഷൻ വിഷയം സാങ്കേതിക പ്രശ്നം മാത്രമായിരുന്നുവെന്ന് മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറലായി ചുമതലയേറ്റെടുത്ത സിസ്റ്റർ മേരി ജോസഫ്. സംഭാവന സ്വീകരിക്കുന്നതിനുള്ള സന്യാസ സമൂഹത്തിന്റെ രജിസ്ട്രേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുക്കി നൽകിയിട്ടുണ്ടെന്നും സിസ്റ്റര്‍ വെളിപ്പെടുത്തി. നിയമങ്ങളും ചട്ടങ്ങളും നല്ലതിനുവേണ്ടിത്തന്നെയുള്ളതാണ്. ലൈസൻസ് സംബന്ധിച്ച സാങ്കേതിക വിഷയങ്ങൾ പരിഹരിക്കപ്പെട്ടു എന്നും സിസ്റ്റർ പറഞ്ഞു.
ബുദ്ധിമുട്ടുകൾ നേരിടുമ്പോഴെല്ലാം പ്രാർഥനയിലൂടെയാണ് പരിഹാരം തേടുന്നത്. രജിസ്ട്രേഷൻ കാ ര്യത്തിൽ തടസം നേരിട്ടപ്പോഴും സന്യാസിനീസമൂഹം ഒന്നടങ്കം പ്രാർത്ഥനയോടെ പരിഹാരത്തിനായി കാത്തിരുന്നുവെന്നും സിസ്റ്റർ മേരി ജോസഫ് പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആര്‍എ രജിസ്ട്രേഷൻ കേന്ദ്രം റദ്ദാക്കിയത് വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു.
റഷ്യയുടെ ആക്രമണം മൂലം യുദ്ധം രൂക്ഷമായ യുക്രൈനിൽ ഇപ്പോൾ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ അഞ്ചു സന്യാസിമാരുണ്ടെന്നും സിസ്റ്റര്‍ വെളിപ്പെടുത്തി. കീവിൽ ബങ്കറുകളിൽ കഴിയുന്ന ഇവർ ആളുകൾക്ക് അവശ്യമായ സേവനങ്ങൾ നൽകുന്നുണ്ട്. ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയാണെങ്കിലും സന്യാസിനിമാർ എല്ലാവരും ജനസേവനത്തിനായി അവിടെത്തന്നെ തുടരാൻ തീരുമാനി ക്കുകയായിരുന്നുവെന്നും യുക്രൈനിൽ മിഷനറീസ് ഓഫ് ചാരിറ്റിക്ക് ഒരു കേന്ദ്രവും അഞ്ചു മഠങ്ങള്‍ ഉണ്ടെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ മാര്‍ച്ച് 12നാണ് കൊൽക്കത്തയിലെ മദർ ഹൗസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മാള സ്വദേശിനിയായ സിസ്റ്റർ മേരി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി തെരഞ്ഞെടുക്കപ്പെടുന്നത്. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ കേരളത്തിലെ മേധാവിയായിരിന്നു സിസ്റ്റർ മേരി.