Arts
'ഫ്രാന്‍സിസ് ഇന്‍ ഇറാഖ്' ഡോക്യുമെന്ററി ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചു
പ്രവാചകശബ്ദം 04-04-2022 - Monday
ന്യൂയോര്‍ക്ക് സിറ്റി: ലോകം വളരെ ആകാംക്ഷയോടെയും ആവേശത്തോടെയും വീക്ഷിച്ച ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ ആസ്പദമാക്കി നിര്‍മ്മിച്ച “ഫ്രാന്‍സിസ് ഇന്‍ ഇറാഖ്” എന്ന പുതിയ ഡോക്യുമെന്ററി ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ ഷീന്‍ സെന്റര്‍ ഫോര്‍ തോട്ട് & കള്‍ച്ചറിലാണ് പ്രദര്‍ശനം നടന്നത്. 2021 മാര്‍ച്ച് 5 മുതല്‍ 8 വരേയുള്ള പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിനിടക്ക് പാപ്പയെ കാണുവാനെത്തിയ ആളുകളെ പ്രമേയമാക്കിയ ഡോക്യുമെന്ററി ഇര്‍ബിലിലെ കത്തോലിക്ക സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സിലറും, രചയിതാവുമായ സ്റ്റീഫന്‍ റാഷേയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
കൊറോണ പകര്‍ച്ചവ്യാധിക്കിടയിലും സുരക്ഷാപരവും, ആരോഗ്യപരവുമായ ആശങ്കകള്‍ പരിഗണിക്കാതെ ഇറാഖ് സന്ദര്‍ശിക്കുവാന്‍ പാപ്പ കാണിച്ച ധീരതയേക്കുറിച്ച് ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. “വര്‍ഷങ്ങളായി രക്തസാക്ഷിത്വം വരിച്ചുകൊണ്ടിരിക്കുന്ന മണ്ണിനോടുള്ള കടമ” എന്ന് പാപ്പ തന്നെ വിശേഷിപ്പിച്ച സന്ദര്‍ശനം വഴി ഇറാഖ് സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പാപ്പ എന്ന പേരോടെ ചരിത്രത്തില്‍ ഇടം നേടുകയായിരിന്നു ഫ്രാന്‍സിസ് പാപ്പ. 2021-ല്‍ മെത്രാനായി അഭിക്ഷിക്തനായ ഫാ. താബെറ്റ് ഹബീബ് അല്‍ മെക്കോ എന്ന കത്തോലിക്കാ വൈദികനിലൂടെയാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ 2016-ലെ പിന്‍വാങ്ങലിന് ശേഷം വെറുമൊരു മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയായിരുന്നു ഫാ. അല്‍ മെക്കോയുടെ ഗ്രാമമായ കാരംലെസ്. യുദ്ധത്തിന്റെ അവശിഷ്ടങ്ങളിലൂടെ തന്റെ ഇടവക ദേവാലയമായ സെന്റ് അദ്ദായി ദേവാലയത്തിലെത്തിയ ഫാ. അല്‍ മെക്കോയോ, പരിശുദ്ധ കന്യകാ മാതാവിന്റെ തകര്‍ക്കപ്പെട്ട രൂപവും, “കുരിശിന്റെ അടിമകളേ, ഇസ്ലാമിന്റെ നാട്ടില്‍ നിങ്ങള്‍ക്ക് ഇടമില്ല, ഒന്നുകില്‍ ഇവിടം വിട്ടുപോവുക അല്ലെങ്കില്‍ ചാവുക” എന്ന ഐസിസ് തീവ്രവാദികളുടെ ചുവരെഴുത്തും കാണുമ്പോള്‍ അദ്ദേഹത്തിലുണ്ടാകുന്ന വികാരവിക്ഷോഭങ്ങള്‍ ഹൃദയസ്പര്‍ശിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
കാരംലസ് ഗ്രാമത്തിന്റെ അവിശ്വസനീയമായ പുനര്‍നിര്‍മ്മാണത്തില്‍ റാഷേയുടെ അടുത്ത സുഹൃത്തും പരേതനുമായ ആന്‍ഡ്ര്യൂ വാല്‍തര്‍ വഹിച്ച പങ്കിനെക്കുറിച്ചും ഡോക്യുമെന്ററി പറയുന്നുണ്ട്. ആന്‍ഡ്ര്യൂ വാല്‍തറിനായിട്ടാണ് ഡോക്യുമെന്ററി സമര്‍പ്പിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍, ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം പ്രതിനിധി ഗബ്രിയേലെ ജിയാര്‍ദാനോ കാസിയ എന്നിവര്‍ക്ക് പുറമേ, വാല്‍തറിന്റെ പത്നി മൗറീന്‍ വാല്‍തറും പ്രദര്‍ശനത്തിനെത്തിയിരുന്നു. യുക്രൈന്‍ യുദ്ധത്തിനിടയില്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സഹനമനുഭവിക്കുന്ന ക്രിസ്ത്യാനികളെ മറക്കരുതെന്നു പ്രദര്‍ശനത്തിന് മുന്‍പായി കര്‍ദ്ദിനാള്‍ ഡോളന്‍ പറഞ്ഞു. കത്തോലിക്കാ സന്നദ്ധ സംഘടനയായ ക്നൈറ്റ്സ് ഓഫ് കൊളംബസാണ് ഡോക്യുമെന്ററിയുടെ നിര്‍മ്മാണത്തിന് വേണ്ട സാമ്പത്തിക സഹായം നല്‍കിയത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക