News - 2024
"മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ ജലീലിനുള്ള മറുപടിയാകുമ്പോൾ": ലേഖനം ചര്‍ച്ചയാകുന്നു
പ്രവാചകശബ്ദം 05-04-2022 - Tuesday
കോട്ടയം: ഫോറൻസിക് വിഭാഗം പോലീസ് സർജനും മേധാവിയുമായി വിരമിച്ച ഡോ. രമ പി.യുടെ നിര്യാണത്തിലുള്ള അനുശോചനമെന്നപേരിൽ മുന്‍ മന്ത്രി ജലീൽ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൽ അഭയക്കേസിനെ കുറിച്ചുള്ള വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ 'ദീപിക' ദിനപത്രത്തില്‍ വന്ന ലേഖനം ചര്‍ച്ചയാകുന്നു. ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജയിംസ് കൊക്കാവയലില്‍ 'മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ ജലീലിനുള്ള മറുപടിയാകുമ്പോൾ' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം നിരവധി പേരാണ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്.
അഭയക്കേസിനെ ചുറ്റിപ്പറ്റി ജലീല്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കു മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തലും ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനായിരുന്ന ഡോ. കൃഷ്ണൻ ബാലേന്ദ്രൻ 2021 ജനുവരി 1 ന് പ്രസിദ്ധീകരിച്ച പഠന സ്വഭാവമുള്ള ഫേസ്ബുക്ക് പോസ്റ്റിൻ്റെ പ്രസക്ത ഭാഗം കൂടി ഉള്‍ചേര്‍ത്തുമാണ് ലേഖനം. ജലീലിന്റെ വൈകാരിക പ്രകടനത്തിന് പിന്നിലെ കാരണവും അദ്ദേഹം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയും ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്.
ദീപികയില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണ്ണരൂപം:
എന്തിനെയും ഏതിനെയും പച്ചക്കണ്ണടയിലുടെ മാത്രം വീക്ഷിക്കുക എന്നത് മുൻമന്ത്രി ഡോ.കെ.ടി.ജലീലിൻ്റെ സ്വഭാവസവിശേഷതയായി മാറിയിരിക്കുകയാണ്. മന്ത്രിയായിരിക്കെ ജലീലിന്റെ പേരിൽ തെളിയിക്കപ്പെട്ട സ്വജനപക്ഷപാതത്തിൻ്റെയും ബന്ധുനിയമനത്തിൻ്റെയും അടിസ്ഥാനത്തിൽ ലോകായുക്ത അദ്ദേഹത്തിനെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. 2021 ഏപ്രിൽ മാസം പുറത്തുവന്ന ഈ വിധിയെത്തുടർന്ന്, സ്വന്തം മണ്ഡലത്തിൽ വിജയിച്ചിട്ടും തൻ്റെ മുന്നണിക്ക് ഭരണത്തുടർച്ച ലഭിച്ചിട്ടും അദ്ദേഹത്തിന് മന്ത്രിയാകാൻ സാധിക്കാതെപോയി. ജലീൽ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളപ്പെട്ടുവെന്നു മാത്രമല്ല സുപ്രീം കോടതി വരാന്തയിൽപ്പോലും അദ്ദേഹത്തെ അടുപ്പിച്ചില്ല. ഇതോടെ ഈ മുൻമന്ത്രി ആകെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിലാണ്. അദ്ദേഹം ഇതിൻ്റെ ദേഷ്യം മുഴുവൻ ലോകായുക്തയോടു തീർക്കുന്നുണ്ടെങ്കിലും അതിലും ഒരു വേർതിരിവ് കാണാനുണ്ട്. കേരള ലോകായുക്ത അംഗങ്ങളായ ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാരൂൺ അൽ റഷീദ് എന്നിവർ സംയുക്തമായാണ് ജലീലിനെതിരെയുള്ള വിധിന്യായം പുറപ്പെടുവിച്ചതെങ്കിലും അദ്ദേഹത്തിൻ്റെ കണ്ണിലെ കരട് ജസ്റ്റിസ് സിറിയക് ജോസഫ് മാത്രമാണ്. ഈ ന്യായാധിപനെതിരെ ജലീൽ പലതവണ രംഗത്തെത്തിയെങ്കിലും ഇത്തവണ ഒരു അനുശോചനസന്ദേശം പോലും തൻ്റെ വിരോധപ്രകടനത്തിന് വേദിയാക്കിയെന്നത് തികഞ്ഞ പ്രതിഷേധത്തോടെ മാത്രമേ കാണാൻ സാധിക്കൂ.
സിനിമാനടനും 2016 ലെ നിയമസഭാതെരഞ്ഞെടുപ്പിൽ പത്തനാപുരം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ശ്രീ. ജഗദീഷിൻ്റെ ഭാര്യയും ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ഫോറൻസിക് വിഭാഗം പോലീസ് സർജനും മേധാവിയുമായി വിരമിച്ച ഡോ. രമ പി.യുടെ നിര്യാണത്തിലുള്ള അനുശോചനമെന്നപേരിൽ ജലീൽ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൽ ദു:ഖത്തെക്കാളുപരി ജസ്റ്റിസ് സിറിയക് ജോസഫിനോടുള്ള പ്രതികാരപ്രകടനമാണ് മുഴച്ചുനിൽക്കുന്നതെന്ന് മനസിലാക്കാം.
പശ്ചാത്തലം
ഡോ.കെ .ടി.ജലീലിൻ്റെ അനുശോചനക്കുറിപ്പിൽ നിന്ന് നമുക്ക് വ്യക്തമാകുന്നതനുസരിച്ച്, അഭയാക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ക്കു വേണ്ടി സിസ്റ്റർ സെഫിയുടെ കന്യാത്വപരിശോധന നടത്തിയത് ഡോ.രമയുടെ നേതൃത്വത്തിലായിരുന്നു. 2008 ൽ ഡോ. രമ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം അധ്യക്ഷയായിരിക്കുമ്പോഴാണ് അത്യന്തം വിവാദപരമായ ഈ പരിശോധന നടന്നത്. ജലീൽ പറയുന്നതനുസരിച്ച്, കുറ്റാരോപിതയായ സിസ്റ്റർ സെഫിയുടെ കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചതാകാം എന്ന ഡോ.രമയുടെ ടീമിന്റെ നിഗമനം (വിചിത്രമായ കണ്ടുപിടുത്തം) സിബിഐ പ്രത്യേക കോടതി സ്വീകരിക്കുകയും 2020 ഡിസംബർ മാസത്തിൽ കുറ്റാരോപിതരായ രണ്ടു പേരെ ശിക്ഷിച്ചുകൊണ്ട് വിധിയാകുകയും ചെയ്തു.
മന്ത്രിസ്ഥാനം നഷ്ടമായതോടെ അഭയാക്കേസിലെ വിധിയിൽ അടക്കാനാവാത്ത സന്തോഷപ്രകടനങ്ങളാണ് ജലീലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് . ശിക്ഷിക്കപ്പെട്ട ഫാ.തോമസ് കോട്ടൂർ ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ ബന്ധുവാണ് എന്നതാണ് ഇതിനു പ്രധാന കാരണം. അതുകൊണ്ടുതന്നെ ജലീലിൻ്റെ അനുശോചന സന്ദേശം ഡോ.രമയ്ക്കുള്ള ഉപകാരസ്മരണയും ജസ്റ്റിസ് സിറിയക് ജോസഫിനും ക്രൈസ്തവ സഭയ്ക്കും നേരെയുള്ള കൂരമ്പുമായി പരിണമിച്ചു.
മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ
ജലീലിൻ്റെ നിലവാരം കുറഞ്ഞ അനുശോചന സന്ദേശത്തിന് മറുപടി വന്നത് ജസ്റ്റിസ് സിറിയക് ജോസഫിന്റെയോ , സഭയുടെയോ ഭാഗത്തുനിന്നല്ല. മുൻ ഡിജിപി ആർ. ശ്രീലേഖ ഒരു പ്രസംഗത്തിനിടെ നടത്തിയ വെളിപ്പെടുത്തൽ ജലീലിനുള്ള തക്കതായ മറുപടിയായി മാറി. ഒരു പക്ഷേ ജലീലിനെ നേരിട്ട് ഉദ്ദേശിച്ചിട്ടില്ലെങ്കിലും മുൻ ഡി ജി പി യായ അവരുടെ പ്രസ്താവന കൃത്യമായ സമയത്തും കൃത്യമായ വിഷയത്തിലും വന്നു. ചിലപ്പോൾ ഇതൊരു ദൈവിക ഇടപെടലായിരിക്കാം.
കേരളത്തിലെ പോലീസ് സംവിധാനത്തിൽ തെറ്റായ ഫോറൻസിക് ലാബ് റിപ്പോർട്ടുകൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണെന്നാണ് ശ്രീലേഖ വെളിപ്പെടുത്തിയത് . അന്വേഷണസംഘങ്ങൾ തന്നെ വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്. ഒരു ഫോറൻസിക് റിപ്പോർട്ട് വ്യാജമായി ഉണ്ടാക്കിയെടുത്ത് അത് സത്യസന്ധമാണെന്നു കോടതിയുടെ മുമ്പിൽ കാണിക്കാൻ വലിയ പ്രയാസവുമില്ല. പല കേസുകളിലും അങ്ങനെ ചെയ്തിട്ടുണ്ട്. ഇതു മൂലം പല കേസുകളിലും നിരപരാധികൾ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഫോറൻസിക് ലബോറട്ടറികളെ പോലീസിൻ്റെ അധികാരപരിധിയിൽ നിന്ന് സ്വതന്ത്രമാക്കിയാലേ ഇതിന് പരിഹാരമാകുകയുള്ളൂ.
റിപ്പോർട്ട് നിഷ്പക്ഷമായിരിക്കണമെങ്കിൽ ഫോറൻസിക് ലാബിനെ പ്രത്യേകം പൊലീസിന് പുറത്ത് നിർത്തണം. ഈ ആവശ്യം ഉന്നയിച്ച് വളരെ നാളുകൾക്ക് മുൻപ് താൻ, പല തരത്തിലുള്ള പഠനം നടത്തി വിശദമായ റിപ്പോർട്ടുകൾ നൽകിയിട്ടുള്ളതാണ് എന്നാൽ ആരുമത് ശ്രദ്ധിച്ചില്ല. ഇത്രയുമാണ് ശ്രീലേഖയുടെ വ്യക്തമായ വെളിപ്പെടുത്തൽ.
നമ്മുടെ നിയമപാലന രംഗത്ത് മെഡിക്കോ- ലീഗൽ സംവിധാനത്തിൽ നിലനിൽക്കുന്ന അങ്ങേയറ്റം ഗുരുതരമായ ദുഷ്പ്രവണതയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ പുറത്തു വരുന്നത്. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഫോറൻസിക് സയൻസ് വിഭാഗം പൂർണ്ണമായും പോലീസ് സംവിധാനവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒന്നാണ്. സംസ്ഥാനത്തെ ഫോറൻസിക് സംവിധാനങ്ങൾ പൂർണമായ നിഷ്പക്ഷത ഉറപ്പാക്കിയിട്ടുള്ള സ്വതന്ത്ര സംവിധാനമല്ല.
ഇനിയും നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ സർക്കാർ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. ശ്രീലേഖയുടെ ആരോപണം അവിശ്വസിക്കുന്നവർ അഭയക്കേസിൻ്റെ വിധിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനായിരുന്ന ഡോ. കൃഷ്ണൻ ബാലേന്ദ്രൻ 2021 ജനുവരി 1 ന് പ്രസിദ്ധീകരിച്ച പഠന സ്വഭാവമുള്ള ഫേസ്ബുക്ക് പോസ്റ്റിൻ്റെ ഒരു പ്രസക്ത ഭാഗം കൂടി വായിക്കുന്നത് ഉചിതമായിരിക്കും.
ഡോ. കൃഷ്ണൻ ബാലേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്
അവസാനം സ്വന്തം നിരപരാധിത്വം തെളിഞ്ഞ് കിട്ടുവാനായി CBI ആവശ്യപ്പെട്ടത് പ്രകാരം അവർ (സിസ്റ്റർ സെഫി) ഏറ്റവും ബ്രൂട്ടലും ഇൻഹ്യൂമനും ഡീഹ്യുമനൈസിങ്ങുമായ virginity test എന്ന പരിശോധനയ്ക്കും സ്വയം വിധേയായി. അവർ അതിനും സമ്മതിച്ചു. കൊള്ളാവുന്ന നീതി ന്യായ വ്യവസ്ഥയുള്ള, ഒരു civilized societyയുള്ള ഒരു രാജ്യത്തും നടത്താത്ത ഒരു പരിശോധനയാണത്. ഒരു സ്ത്രീ, അതും ഒരൂ കന്യാസ്ത്രീ, സ്വന്തം virginity സ്ഥാപിച്ചു കിട്ടുവാനായി ഇത്തരത്തിൽ ലോകത്ത് എവിടെങ്കിലും ഇത് പോലെ ഒരു പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
തന്റെ നിരപരാധിത്വവും മാനവും സംരക്ഷിച്ച് കിട്ടുവാനായി അവർ ആശ്രയിച്ചത് എന്റെ വിഷയമായ Forensic Medicine -നെ ആയിരുന്നു. ഒരു forensic examination ലൂടെ താൻ ഒരു കന്യകയാണെന്ന് തെളിഞ്ഞ് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറെൻസിക്ക് മെഡിസിൻ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന, രണ്ട് വനിതാ ഡോക്ടർമാരുടെ ഒരു "വിദഗ്ദ്ധ" ടീമായിരുന്നു അവരെ പരിശോധിച്ചിരുന്നത്.
പരിശോധനയിൽ അവരുടെ കന്യാചര്‍മ്മം (hymen) കേട്പാടൊന്നും കൂടാതെ അക്ഷതമായി നിലയിൽ കണ്ടിരുന്നു. ഒരു normal intact hymen കാണുമ്പോള്‍ അത് intact ആണെന്ന് പറയുന്നതിനു പകരം അത് surgically repaired hymen-hymenoplasty- ആണെന്ന് ഈ രണ്ടു പേരും കൂടി പറഞ്ഞു. ഇവിടെ ഒരു കാര്യം കൂടി പറയാം. ഈ രണ്ട് പേരും പഠിച്ചത് MBBS degree ആണ്. അത് കഴിഞ്ഞ് ഒരാൾ forensic medicine ലും മറ്റേയാൾ ഗൈനക്കോളജിയിലും ഉപരി പഠനം കഴിഞ്ഞവരാണ്.
MBBS course ന്റെ syllabus ലോ, MD Forensic Medicine ന്റെയോ MD Obstetrics & Gynecology കോഴ്സുകളുടെ syllabus ലോ ഇവർ ഈ പരിശോധന ചെയ്ത 2008 വർഷത്തിലോ അതിന് മുമ്പുള്ള കാലത്തോ hymenoplasty എന്ന ശസ്ത്രക്രിയയേപ്പറ്റി പഠിക്കുന്നില്ല. ഇവർ രണ്ട് പേരും ജീവിതത്തിൽ അന്ന് വരെയോ ഇന്ന് വരെയോ ഒരു hymenoplasty കാണുകയോ, assist ചെയ്യുകയോ, അതേ കുറിച്ച് പഠിക്കുകയോ ചെയ്തിട്ടുള്ളവരവല്ല. Hymenoplasty കഴിഞ്ഞ ഒരൊറ്റയാളേ പോലും ഇവര് രണ്ട് പേരും അന്ന് വരെ കണ്ടിട്ട് പോലും ഇല്ലെന്നും അറിയണം.
നിയമത്തില്‍ ഒരു Expert witness എന്നാൽ അവർ അഭിപ്രായം പറയുന്ന കാര്യത്തില്‍ അറിവും, നൈപുണ്യവും അനുഭവ പരിചയവും ഉള്ളവരായിരിക്കണം (knowledge, skill and experience). ഒരു hymenoplasty എങ്ങനെയാണ് ചെയ്യുന്നത് എന്ന് പോലും അറിയാത്ത, hymenoplasty കഴിഞ്ഞ ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത (മിക്കവാറും ഇന്ന് വരേയും കണ്ടിട്ടുണ്ടാവില്ല എന്ന് എനിക്ക് ഏതാണ്ട് ഉറപ്പാണ്), hymenoplasty യുടെ steps പോലും അറിയാത്ത രണ്ട് പേര്‍ക്ക് പക്ഷെ ഒരു intact hymen കണ്ടപ്പോ അത് hymenoplasty ചെയ്തതാണെന്ന് പറയാൻ കഴിഞ്ഞു.
ഓർക്കണം, സിസ്റ്റർ സെഫി ഒരു Virgin ആണെങ്കിൽ, അവരുടെ hymen intact ആണെങ്കിൽ പിന്നെ അഭയ "കൊല" കേസ് ഇല്ല. "കൊലപാതക" ത്തിന്റെ motive (പ്രേരണ) നമ്മളേ എല്ലാവരേയും already പഠിപ്പിച്ച് വച്ചിരിക്കുകയാണ്, courtesy leaked narco analysis video വഴി !!! ഒരു വാദത്തിന് വേണ്ടി Hymenoplasty നടന്നിരുന്നു എന്ന് പറഞ്ഞാൽ പോലും ഏത് ഡോക്ടർ, എവിടെ വച്ച്, എന്ന് അത് ചെയ്തു എന്നുള്ള basic questions പോലും ചോദിക്കാൻ തോന്നാത്തത് പൊതുജനത്തിന് മാത്രമല്ല എന്നും ഓർക്കണം.
നേരത്തെ പറഞ്ഞത് പോലെ, പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതയാക്കി ഏറ്റവും മോശമായി ചിത്രീകരിക്കപ്പെട്ട് നിർത്തപ്പെട്ട ഒരു സ്ത്രീ അവരുടെ നിരപരാധിത്വവും മാനവും അഭിമാനവും വീണ്ടെടുത്ത് കിട്ടാനായി പ്രതീക്ഷ മൊത്തവും അർപ്പിച്ചത് എന്റെ വിഷയമായ Forensic Medicine ൽ ആയിരുന്നു. ഇവർ കണ്ട സത്യത്തെ തുറന്ന് പറഞ്ഞില്ല എന്ന് മാത്രമല്ല, സത്യത്തെ ദുർവ്യാഖ്യാനം ചെയ്ത്, തങ്ങൾക്ക് പറയാൻ യാതോരു competence ഉം ഇല്ലാത്ത, തെറ്റും അശാസ്ത്രീയവുമായ ഒരു അഭിപ്രായം എഴുതി വച്ചു. അത് കോടതിയിലെത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തൽപര കക്ഷികൾ ഈ അഭിപ്രായത്തെ (Opinion) ഒരു fact ആയി പൊതു മണ്ഡലത്തില്‍ ഇട്ട് അവരേ ഒരു immoral slut ആയും പെരുങ്കള്ളിയാക്കിയും ചിത്രീകരിച്ചു....
[NB. ഡോ. ബാലേന്ദ്രൻ്റെ പോസ്റ്റിൽ പറയുന്ന ഫോറൻസിക് മേധാവി ഡോ.രമയാണ്.]
ഉപസംഹാരം
ഒരു മുൻ ഡിജിപിയുടെ ആരോപണത്തിൽ കഴമ്പില്ലാതെ വരില്ലല്ലോ. മെഡിക്കോ ലീഗൽ മേഖലയിൽ നിന്നുള്ള ഒരു ഫോറൻസിക് വിദഗ്ധൻ്റെ അഭിപ്രായവും അതിനോട് ചേർന്ന് പോകുന്നതാണ്. ഇതേ നിരീക്ഷണങ്ങൾ പങ്കുവയ്ക്കുന്ന ഫോറൻസിക് വിദഗ്ദ്ധർ വേറെയുമുണ്ട്. അങ്ങനെയെങ്കിൽ സ്വാധീനത്തിന് വിധേയമായി എഴുതപ്പെട്ട ഒരു ഫോറൻസിക് റിപ്പോർട്ടാണ് അഭയകേസിൽ സിസ്റ്റർ സെഫിക്കെതിരെ സമർപ്പിക്കപ്പെട്ടതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
മൂടിവയ്ക്കപ്പെട്ടിരുന്ന ഈ സത്യം പുറത്തുവരുന്നതിൽ ഡോ.രമയുടെ മരണവും കെ.ടി. ജലീലിൻ്റെ പ്രതികാരദാഹം ശമിപ്പിക്കുന്ന അനുശോചനവും ആർ. ശ്രീലേഖയുടെ കൃത്യസമയത്തുള്ള വെളിപ്പെടുത്തലുമൊക്കെ നിമിത്തങ്ങളാവുകയാണ്. നിരന്തരം അസഹ്യപ്പെടുത്തുകയെന്ന മർക്കട മനോഭാവത്തോടെ അഭയക്കേസുമായി ബന്ധപ്പെടുത്തി ജലീൽ പോസ്റ്റുകളും പ്രസ്താവനകളും തുടർച്ചയായി ഇറക്കുന്നുണ്ട്. പഴയ സിമി പ്രവർത്തകൻ്റെ നിലവാരത്തിൽ നിന്ന് ഒരു ജനപ്രതിനിധിയുടെ തലത്തിലേക്ക് ജലീൽ വളർന്നിട്ടില്ല എന്നതിന് അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തികൾ തന്നെ സാക്ഷ്യം നൽകുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക