News - 2024
മദര്‍ തെരേസയുടെ നൊവേന സമ്പ്രദായത്തിലൂടെ പ്രാര്‍ത്ഥനക്ക് അതിവേഗത്തിൽ ഉത്തരം ലഭിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തല്‍
സ്വന്തം ലേഖകന്‍ 04-07-2016 - Monday
വേഗത്തില്‍ നടക്കേണ്ട ഒരു അത്ഭുതം. അത് പല മേഖലകളിലായിരിക്കാം. നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍, സംഭവിക്കുവാന്‍ സാധ്യതകള്‍ ഒന്നുമില്ലെന്ന് നാം കരുതുന്ന ഒരു സംഭവം പ്രായോഗിക തലത്തില്‍ വരണം. ഇതിനായി നാം എന്താണ് ചെയ്യേണ്ടത്? പ്രാര്‍ത്ഥനയില്‍ അഭയം തേടുന്നു. കത്തോലിക്ക വിശ്വാസികളെ സംബന്ധിച്ചിടത്തോളം നൊവേനകള്‍ പ്രാര്‍ത്ഥനയുടെ അവിഭാജ്യ ഘടകമാണ്. അടിയന്തിരമായി നടക്കേണ്ട ഒരു കാര്യത്തിനു വേണ്ടി എങ്ങനെ പ്രാര്‍ത്ഥിക്കും? ഇത്തരം സമയങ്ങളില്‍ മദര്‍തെരേസ പിന്തുടര്‍ന്ന 'നൊവേന സമ്പ്രദായം' ഫലവത്താണെന്ന് നിരവധി പേര്‍ സാക്ഷ്യപ്പെടുത്തുന്നു. വാഴ്ത്തപ്പെട്ട മദര്‍തെരേസ മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവിക്കേണ്ട അത്ഭുതങ്ങള്‍ക്കു വേണ്ടി ഒരു ദിവസം തന്നെ ഒന്‍പതു തവണ നൊവേന ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു.
മരിയ ഗരാബിസ് ഡേവിഡ് എന്ന വനിത ഇതു സംബന്ധിക്കുന്ന തന്റെ സാക്ഷ്യം അടുത്തിടെ പങ്കുവയ്ക്കുകയുണ്ടായി. കത്തോലിക്ക വിശ്വാസിയായ മരിയ ദൈവശാസ്ത്രത്തില്‍ ബിരുദം നേടിയ വ്യക്തിയാണ്. മദര്‍തെരേസയുടെ ഇത്തരം നൊവേനകള്‍ തന്റെ ജീവിതത്തിലും സുഹൃത്തുകളുടെ ജീവിതത്തിലും പ്രയോജനകരമായി മാറിയ സംഭവമാണ് മരിയ ഗാരബിസ് ഡേവിഡ് പറയുന്നത്.
ഒരിക്കല്‍ മരിയയുടെ ഒരു സുഹൃത്ത് അവരുടെ മകന് സ്‌കൂള്‍ ഫുട്‌ബോള്‍ ടീമില്‍ സെലക്ഷന്‍ കിട്ടുന്നതിനു വേണ്ടി വേഗത്തില്‍ ഒരു അത്ഭുതം നടക്കുവാന്‍ പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ട് കൊണ്ട് വിളിച്ചു. ഫുട്‌ബോളിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന കുട്ടിയാണ് തന്റെ മകനെന്നും അവന് ഇത്തവണ സെലക്ഷന്‍ കിട്ടിയില്ലെങ്കില്‍ മാനസികമായി അത് അവനെ തളര്‍ത്തുമെന്നും സുഹൃത്ത് മരിയ ഗരാബിസിനോട് പറഞ്ഞു. ഈ സമയം തന്നെ കോച്ചിന്റെ ഇ-മെയില്‍ സന്ദേശം സുഹൃത്തിനു ലഭിച്ചു.
മകനു സെലക്ഷന്‍ ലഭിച്ചിട്ടില്ല എന്ന വിവരമായിരിന്നു ആ മെയിലില്‍ ഉണ്ടായിരിന്നത്. ദുഃഖത്തിലായ സുഹൃത്തിനോട് മദര്‍തെരേസയുടെ വേഗത്തില്‍ ചെല്ലുവാന്‍ കഴിയുന്ന നൊവേന ഒന്‍പതു തവണ ചൊല്ലുവാന്‍ മരിയ ആവശ്യപ്പെട്ടു. അവര്‍ ഉടന്‍ തന്നെ പ്രാര്‍ത്ഥന ആരംഭിച്ചു. തെല്ലും വൈകാതെ അവര്‍ക്ക് കോച്ചിന്റെ ഫോണ്‍ വന്നു. സുഹൃത്തിന്റെ മകന്‍ ടീം സെലക്ഷന്‍ ലിസ്റ്റില്‍ ഉണ്ടെന്നും മുമ്പേ അയച്ച ഇ-മെയില്‍ സന്ദേശം കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.
ഒരിക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴും മരിയക്ക് ഇത്തരം ഒരനുഭവം ഉണ്ടായി. തങ്ങള്‍ കയറിയ ട്രെയിന്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടികൊണ്ടിരുന്നത്. ഇതിനാല്‍ കണക്ഷന്‍ ട്രെയിന്‍ ലഭിക്കില്ല എന്ന ഭയം മരിയയേയും സംഘത്തേയും വല്ലാതെ ബാധിച്ചു. ഇനി എത്ര വേഗം ചെന്നാലും ട്രെയിന്‍ ലഭിക്കില്ലെന്നു മരിയയും സുഹൃത്തുകളും കരുതി. പെട്ടെന്നാണ് മദര്‍തെരേസയുടെ നൊവേന സംമ്പ്രദായ രീതിയില്‍ പ്രാര്‍ത്ഥിക്കാമെന്ന ചിന്ത അവരുടെ മനസില്‍ വന്നത്.
ഇത്തരത്തില്‍ അവര്‍ ഭക്തിപൂര്‍വ്വം നൊവേന ചൊല്ലി. ഉദ്ദേശിച്ചതിലും മണിക്കൂറുകള്‍ വൈകി കണക്ഷന്‍ ട്രെയിന്‍ ലഭിക്കേണ്ട സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവര്‍ക്ക് മുന്നോട്ടുള്ള യാത്ര നടക്കുമെന്ന് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. എന്നാല്‍ യന്ത്രതകരാര്‍ മൂലം ട്രെയിന്‍ അവിടെ നിന്നും പുറപ്പെട്ടിരുന്നില്ല. ഒരിക്കലും യാത്ര തുടരുവാന്‍ സാധിക്കില്ലെന്നു വിചാരിച്ച സ്ഥലത്ത് അത്ഭുതകരമായി അവര്‍ യാത്ര പുനരാരംഭിച്ചു. മദര്‍തെരേസയുടെ നൊവേന വളരെ വേഗത്തില്‍ ചൊല്ലാവുന്ന ഒന്നാണെന്നു മരിയ പറയുന്നു.
ആരുടെ നൊവേനയാണോ ചൊല്ലുവാന്‍ ഉദ്ദേശിക്കുന്നത് ആ വിശുദ്ധരെ ഓര്‍ത്ത് പ്രസ്തുത നൊവേന ഒന്‍പതു തവണ ചൊല്ലി പ്രാര്‍ത്ഥിക്കുക. എന്തു കാര്യമാണോ നടക്കണമെന്ന് നാം പ്രതീക്ഷിക്കുന്നുതു അതു സമര്‍പ്പിക്കുക. മദര്‍തെരേസ ഒന്‍പതു തവണ നൊവേന ചൊല്ലിയ ശേഷം പത്താമതായി നന്ദി സൂചകമായ പ്രാര്‍ത്ഥനയും നടത്തിയിരുന്നതായി മരിയ ഗരാബിയ ഡേവിഡ് രേഖപ്പെടുത്തുന്നു. താന്‍ മനസില്‍ ഉദ്ദേശിച്ച കാര്യം നടക്കുമെന്ന് മദറിന് അത്രയ്ക്കും ഉറപ്പായിരുന്നു. മദര്‍തെരേസയുടെ നൊവേന ചൊല്ലുന്ന ഈ രീതി ഫലം കാണുന്നതായുള്ള സാക്ഷ്യം അനേകര്‍ ഇതിനോടകം തന്നെ രേഖപ്പെടുത്തി കഴിഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിയതും, രോഗസൗഖ്യം ലഭിച്ചതും തുടങ്ങി നിരവധി സാക്ഷ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പലരും രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൊളംബസ് നിവാസിയായ മരിയ ഗരാബിയ ഡേവിഡ് സാക്ഷ്യപ്പെടുത്തുന്നു.