News - 2025

വാഷിംഗ്ടണിൽ കണ്ടെത്തിയ നൂറോളം ഗർഭസ്ഥശിശുക്കളുടെ ഭ്രൂണാവിഷ്ട്ടങ്ങള്‍ അടക്കം ചെയ്തു: വെളിപ്പെടുത്തലുമായി വൈദികൻ

പ്രവാചകശബ്ദം 21-04-2022 - Thursday

വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ ഭ്രൂണഹത്യ ക്ലിനിക്കിൽ നിന്നും കണ്ടെത്തിയ നൂറോളം ഗർഭസ്ഥശിശുക്കളുടെ ശരീരങ്ങൾ അടക്കം ചെയ്യാൻ നേതൃത്വം നൽകിയതായി വെസ്റ്റ് വെർജീനിയ സ്വദേശിയായ കത്തോലിക്ക വൈദികന്റെ വെളിപ്പെടുത്തല്‍. കാത്തലിക്ക് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് വെസ്റ്റ് വെർജീനിയ സംസ്ഥാനത്ത് ജയിൽ മിനിസ്ട്രി നടത്തുന്ന ശക്തമായ ഭ്രൂണഹത്യ വിരുദ്ധ നിലപാടുകളുളള ഫാ. ബിൽ കുച്ചിൻസ്കി എന്ന വൈദികന്‍ ഈ വെളിപ്പെടുത്തൽ നടത്തിയത്. ഒരു സ്വകാര്യ ശ്മശാനത്തിലാണ് ശരീരങ്ങൾ അടക്കം ചെയ്തതെന്ന് പറഞ്ഞതല്ലാതെ യഥാർത്ഥ സ്ഥലം അദ്ദേഹം വെളിപ്പെടുത്തിയില്ല.

അവർ സമാധാനമുള്ള ഒരു സ്ഥലത്താണ് ഇപ്പോഴെന്നും, അമലോൽഭവ മാതാവിന്റെ ഒരു രൂപം അവരുടെ മുകളിലുണ്ടെന്നും വൈദികൻ പറഞ്ഞു. ഭ്രൂണഹത്യക്ക് വിധേയരായ ഗർഭസ്ഥശിശുക്കളുടെ ശരീരം ബഹുമാനത്തോടെ കൈകാര്യം ചെയ്യാൻ വേണ്ടി താൻ സ്വീകരിച്ച സമീപനത്തിന് രൂപതാധ്യക്ഷനായ ബിഷപ്പ് മാർക്ക് ബ്രണ്ണൻ പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്നും ബിൽ കുച്ചിൻസ്കി വെളിപ്പെടുത്തി. ഗർഭസ്ഥ ശിശുക്കളുടെ ജീവൻ അനീതിയിലൂടെ ഇല്ലാതാക്കുന്നത് വരെ അവർ മനുഷ്യ കുഞ്ഞുങ്ങൾ ആയിരുന്നുവെന്ന് വൈദികന്റെ പ്രവർത്തി ഓർമ്മപ്പെടുത്തുന്നുവെന്നും, അതിനാൽ അദ്ദേഹത്തിന്റെ പ്രവർത്തിക്ക് പൂർണപിന്തുണ നൽകുന്നുവെന്നും ബിഷപ്പ് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.

പ്രോഗ്രസീവ് ആന്റി അബോർഷൻ അപ്രൈസിംഗ് എന്ന സംഘടനയിലെ ഏതാനും ചില പ്രോലൈഫ് ആക്ടിവിസ്റ്റുകളാണ് മെഡിക്കൽ വേസ്റ്റ് കമ്പനിയിലെ ഡ്രൈവറിൽ നിന്ന് ഗർഭസ്ഥ ശിശുക്കളുടെ ശരീരഭാഗങ്ങൾ വീണ്ടെടുത്തത്. നൂറ്റിപതിനഞ്ചോളം ശിശുക്കളുടെ ശരീരഭാഗങ്ങളാണ് അവർക്ക് ലഭിച്ചത്. പ്രോലൈഫ് ആക്ടിവിസ്റ്റുകളില്‍ ഒരാളായ ലോറൻ ഹാൻഡിയാണ് ഫാ. കുച്ചിൻസ്കിയെ വിവരം ധരിപ്പിക്കുന്നത്. തന്റെ വീട്ടിലെ റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരിക്കുന്ന ചേതനയറ്റ ഗർഭസ്ഥ ശിശുക്കൾക്കു വേണ്ടി പ്രാർത്ഥിക്കാൻ കത്തോലിക്കാ വിശ്വാസി കൂടിയായ ലോറൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. അവിടെ എത്തിയപ്പോഴാണ് ശിശുക്കൾക്ക് വേണ്ടി സംസ്കാര ശുശ്രൂഷ നടത്തുന്നതിനെപ്പറ്റി വൈദികൻ പറയുന്നത്. കത്തോലിക്കാ വിശ്വാസികളായ നാല് പേര് ഉൾപ്പെടെ 8 പ്രോലൈഫ് ആക്ടിവിസ്റ്റുകൾ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു.