News - 2024

സെന്റ് തോമസ് ദിനത്തില്‍ ഇംഗ്ലണ്ടിലെ കാന്റര്‍ബെറിയില്‍ തുറസായ സ്ഥലത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

സ്വന്തം ലേഖകന്‍ 05-07-2016 - Tuesday

കാന്റര്‍ബെറി: ജൂണ്‍ മൂന്നാം തീയതി ഞായറാഴ്ച ഇംഗ്ലണ്ടിലെ കാന്റര്‍ബെറിയിലെ സെന്റ് തോമസ് ഇടവകയുടെ നേതൃത്വത്തില്‍ സിറ്റി സെന്റര്‍ പാര്‍ക്കിലെ ഡാനി ജോണ്‍ ഗാര്‍ഡനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. 1953-നു ശേഷം കാന്‍റര്‍ബെറിയില്‍ ഇതാദ്യമായാണ് തുറസായ ഒരു വേദിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. പാര്‍ക്കിന് മധ്യത്തിലുള്ള ബാന്‍ഡ്സ്റ്റാന്‍ഡിലാണ് പ്രത്യേകം തയ്യാറാക്കിയ താല്‍ക്കാലിക അള്‍ത്താര ഒരുക്കിയത്. വൈദികരായ കനോന്‍ ആന്റണി ചാര്‍ള്‍ടണ്‍, വാലന്റീന്‍ എര്‍ഹാനോന്‍, ബിനോയ് തോമസ് തുടങ്ങിയവര്‍ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി വിശ്വാസികള്‍ അള്‍ത്താരയ്ക്കു ചുറ്റും കുര്‍ബാനയ്ക്കായി ഒത്തുകൂടി. വിവിധ പ്രാര്‍ത്ഥനകള്‍ പത്തു ഭാഷയിലാണ് ചൊല്ലിയത്. വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തില്‍, ഭാരതത്തിലേക്ക് സത്യസുവിശേഷ വെളിച്ചമെത്തിച്ച ക്രിസ്തു ശിഷ്യന്‍ തോമാഗ്ലീഹായേ പറ്റി ഫാദര്‍ കനോന്‍ ആന്റണി പ്രത്യേകം അനുസ്മരിച്ചു. 'വേദിയില്‍ ഇന്ന് ബലിയര്‍പ്പിക്കുവാന്‍ നില്‍ക്കുന്ന ഫാദര്‍ ബിനോയിയുടെ രാജ്യമായ ഇന്ത്യയിലേക്ക് തോമസ് അപ്പോസ്‌ത്തോലന്‍ കടന്നു ചെന്നു. കര്‍ത്താവിന്റെ സുവിശേഷം അറിയിച്ചു. ഇന്ന് സഭ അദ്ദേഹത്തെ ഓര്‍ക്കുന്ന ദിനം കൂടിയാണ്'. അദ്ദേഹം പറഞ്ഞു.

ക്രിസ്തു സന്ദര്‍ശിക്കുവാനിരിക്കുന്ന പട്ടണങ്ങളിലേക്ക് അയക്കപ്പെട്ട 72 ശിഷ്യരെ പോലെ തന്നെയാണ് നാം ഓരോരുത്തരുമെന്നും ക്രിസ്തുവിനു വേണ്ടിയുള്ള വഴി ഒരുക്കുവാന്‍ നാം ചെറു സമൂഹങ്ങളായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഫാദര്‍ കനോന്‍ ആന്റണി വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. 180-ല്‍ അധികം ആളുകളുടെ കഠിന പ്രയത്നത്തിന്റെ ഫലമായിട്ടാണ് തുറസായ വേദിയില്‍ വിശുദ്ധ ബലി അര്‍പ്പിക്കുവാനുള്ള സൌകര്യം ഒരുക്കിയത്.