News

തെരുവിലെ പാവങ്ങള്‍ക്കൊപ്പം തന്റെ ജന്മദിനം ആഘോഷിച്ച് കൊണ്ട് കര്‍ദിനാള്‍ ഒരാനി ടെമ്പെസ്റ്റാ

സ്വന്തം ലേഖകന്‍ 06-07-2016 - Wednesday

റിയോഡി ജെനീറോ: റിയോഡി ജെനീറോയുടെ കര്‍ദിനാള്‍ ഒരാനി ടെമ്പെസ്റ്റാ തന്റെ 66-ാം ജന്മദിനം ആഘോഷിച്ചത് തെരുവിലെ പാവങ്ങള്‍ക്കൊപ്പം. ദൈവജനത്തെ ശുശ്രൂഷിക്കുവാന്‍ ഒരു വര്‍ഷം കൂടി ദാനമായി നല്‍കിയ ദൈവത്തിന് നന്ദി പറഞ്ഞ കര്‍ദിനാള്‍ ഒരാനി ടെമ്പെസ്റ്റാ തന്റെ ജന്മദിനം കാരുണ്യത്തിന് മറ്റൊരു ഭാവം നല്കി. 1950 ജൂണ്‍ 23-ാം തീയതിയാണ് കര്‍ദിനാള്‍ ഒരാനി ടെമ്പെസ്റ്റാ ജനിച്ചത്.

66-ാം ജന്മദിനം ആഘോഷിക്കുവാനായി ജൂണ്‍ 22-ാം തീയതി രാത്രി തന്നെ അദ്ദേഹം തന്റെ അരമനയില്‍ നിന്നും പുറത്ത് ഇറങ്ങി. രാത്രി 11 മണിയോടെ നഗരത്തിലേക്ക് ഇറങ്ങി ചെന്ന അദ്ദേഹം തെരുവില്‍ പാര്‍ക്കുന്ന മനുഷ്യരുടെ കൂടെ ഒരു രാത്രി മുഴുവന്‍ കഴിഞ്ഞു. അവരുടെ വിഷമങ്ങളും ആകുലതകളും കേള്‍ക്കാന്‍ സമയം കണ്ടെത്തിയ പിതാവ് അവരെ ആശ്വസിക്കുന്നതിനൊപ്പം ഭക്ഷണവും വസ്ത്രങ്ങളും പുതപ്പും നല്കാനും മറന്നില്ല.

"തന്റെ ജന്മദിനത്തില്‍ തെരുവിലുള്ളവര്‍ക്ക് പുതപ്പുകളും വസ്ത്രങ്ങളും ഭക്ഷണപാനീയങ്ങളുമെല്ലാം തന്നെ ലഭിക്കണമെന്ന് കര്‍ദിനാള്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ഈ വര്‍ഷത്തിലെ തന്റെ ജന്മദിനത്തില്‍ കരുണയുടെ പ്രവര്‍ത്തികള്‍ ചെയ്യുകയാണ് കര്‍ദിനാള്‍ ചെയ്തത്. വിശന്നും ദാഹിച്ചും നഗ്നരായും നമ്മുടെ മുന്നില്‍ സഹായത്തിനായി കാത്തുനില്‍ക്കുന്നവരില്‍ ക്രിസ്തുവിനെ കാണുവാന്‍ കര്‍ദിനാളിന് കഴിഞ്ഞു". റിയോഡി ജെനീറോ അതിരൂപത പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

1974 ഡിസംബര്‍ ഏഴിനാണ് കര്‍ദിനാള്‍ ഒരാനി ടെമ്പെസ്റ്റാ വൈദികനായി അഭിഷിക്തനായത്. റിയോ പെട്രോ രൂപതയുടെ ബിഷപ്പായി അദ്ദേഹത്തെ 1997-ല്‍ തെരഞ്ഞെടുത്തു. അതിനു ശേഷം ബിലീം ഡോ പരാ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ ഒരാനി ടെമ്പെസ്റ്റാ 2009 ഏപ്രില്‍ മുതലാണ് റിയോ ഡി ജെനീറോ അതിരൂപതയുടെ ചുമതല വഹിക്കുവാന്‍ തുടങ്ങിയത്.