News - 2024
യൂറോപ്യന്‍ യൂണിയനേയും ബ്രിട്ടനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായി കാരിത്താസ് യൂറോപ്പ് പ്രവര്‍ത്തിക്കുമെന്ന് സെക്രട്ടറി ജനറല്‍
സ്വന്തം ലേഖകന്‍ 06-07-2016 - Wednesday
വത്തിക്കാന്‍: ബ്രിട്ടന്റെയും യൂറോപ്യന്‍ യൂണിയന്റെയും ഇടയില്‍ ബന്ധങ്ങള്‍ വളര്‍ത്തുന്ന പാലമായി കാരിത്താസ് നിലകൊള്ളുമെന്ന് കാരിത്താസ് യൂറോപ്പ് സെക്രട്ടറി ജനറല്‍. വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കാരിത്താസ് യൂറോപ്പിന്റെ സെക്രട്ടറി ജനറല്‍ ജോര്‍ജി ന്യൂനോ മെയര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ബ്രെക്‌സിറ്റ് വഴി യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തു പോയപ്പോള്‍ യൂറോപ്പിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് മങ്ങലേറ്റതായി കാരിത്താസ് അഭിപ്രായപ്പെട്ടിരുന്നു. വത്തിക്കാന്‍ റേഡിയോയ്ക്ക് വേണ്ടി ജോര്‍ജിയ ഗോഗാര്‍ട്ടാണ് അഭിമുഖം നടത്തിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം പുറത്തുവന്നിരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിയിലേ കാര്യങ്ങള്‍ നമുക്ക് മുന്‍കൂട്ടി പ്രവചിക്കുവാന്‍ സാധിക്കില്ലെന്ന് ജോര്‍ജി ന്യനോ മെയര്‍ അഭിപ്രായപ്പെട്ടുവെന്ന്‍ വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തോലിക്ക സഭയുടെ സാമൂഹിക സേവന വിഭാഗമായ കാരിത്താസിന്റെ മുഖ്യലക്ഷ്യം യൂറോപ്പിലൂം യുകെയിലും പടര്‍ന്നു പിടിക്കുന്ന ദാരിദ്ര്യവും മറ്റ് ക്ലേശകരമായ സാഹചര്യങ്ങളും തുടച്ചു മാറ്റുക എന്നതായിരിക്കുമെന്നും കാരിത്താസ് യൂറോപ്പ് സെക്രട്ടറി ജനറല്‍ പറഞ്ഞു.
രാഷ്ട്രീയക്കാരുടെ തീരുമാനങ്ങളും ജനങ്ങളുടെ ശരിയായ ആവശ്യങ്ങളും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നതായി ജോര്‍ജി ന്യൂനോ മെയര്‍ അഭിപ്രായപ്പെട്ടു. "നമുക്ക് ബന്ധങ്ങളുടെ പുതിയ പാലങ്ങള്‍ പരസ്പരം പണിയുവാന്‍ സാധിക്കണം. പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന മേഖലകളില്‍ അവ ചര്‍ച്ചകളിലൂടെ പരിഹരിക്കുവാനും കഴിയണം. പുതിയ തീരുമാനം യുകെയില്‍ ചില വിഭജനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെ മറികടക്കുവാന്‍ നമുക്ക് സാധിക്കണം. യൂറോപ്പില്‍ പല പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ബ്രെക്‌സിറ്റ് ഇതിന്റെ ഒരു സൂചന മാത്രമാണ്" ജോര്‍ജി ന്യൂനോ മെയര്‍ പറഞ്ഞു.
യൂറോപ്പിന്റെ ഏറ്റവും വലിയ മൂല്യം മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വമാണെന്നും അതിന് ദിനംപ്രതി മങ്ങല്‍ ഏല്‍ക്കുകയാണെന്നും പറഞ്ഞ ജോര്‍ജി ന്യൂനോ, സാമ്പത്തിക കാര്യങ്ങളിലെ സുപ്രധാന തീരുമാനങ്ങള്‍ കൈകൊള്ളുമ്പോള്‍ അതിന്റെ ശരിയായ വശങ്ങളെ കുറിച്ച് വ്യക്തമായി പഠനം നടത്തണമെന്നും അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തുപോകുന്ന നടപടി വലിയ ഉത്തരവാദിത്വമാണ് ഏവര്‍ക്കും നല്‍കുന്നതെന്നു നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു.