India - 2024
നാലും അതില്‍ കൂടുതല്‍ മക്കളുള്ള 201 കുടുംബങ്ങളുടെ സംഗമം: പ്രോലൈഫ് പ്രഘോഷണവുമായി വീണ്ടും ഇരിങ്ങാലക്കുട രൂപത
പ്രവാചകശബ്ദം 16-05-2022 - Monday
ഇരിങ്ങാലക്കുട: കുടുംബവർഷാചരണത്തിന്റെ സമാപനത്തിന്റെയും രൂപത പോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെയും ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടന്ന വലിയ കുടുംബങ്ങളുടെ സംഗമം ശ്രദ്ധേയമായി. കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ നടന്ന സംഗമത്തില്‍ നാലും അതില്‍ കൂടുതല്‍ മക്കളുള്ള 201 കുടുംബങ്ങളാണ് പങ്കെടുത്തത്. സംഗമത്തില്‍ ഒന്‍പതാമത് ഗര്‍ഭിണിയായ അമ്മയും പങ്കെടുത്തുവെന്നത് ശ്രദ്ധേയമായി. സംഗമത്തില്‍ പങ്കെടുത്ത എല്ലാ കുടുംബങ്ങള്‍ക്കും ഒരു ഗ്രാം സ്വര്‍ണ്ണം വീതം സമ്മാനിച്ചു. മൊത്തം ആയിരത്തിലധികം പേരാണ് സംഗമത്തില്‍ പങ്കുചേര്‍ന്നത്.
പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് സിജോയ് വർഗീസ് മുഖ്യാതിഥിയായിരിന്നു. ക്ലാസ്, ശില്പശാല, പാനൽ ചർച്ച, കുട്ടികൾക്കുള്ള വിവിധ പരിപാടികൾ, പൊതുസമ്മേളനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പ്രശസ്ത പള്‍മനോളജിസ്റ്റും അറിയപ്പെടുന്ന പ്രോലൈഫ് പ്രവർത്തകനുമായ ഡോ. അബ്രാഹം ജോസഫ് ക്ലാസ് നയിച്ചു. കുട്ടികൾക്കുള്ള വി വിധ പരിപാടികൾ ജീസസ് യൂത്ത് മിനിസ്ട്രി നടത്തി. ഡോ. റെജു വർഗീസിന്റെ നേതൃത്വത്തിൽ രൂപതയിലെ എല്ലാ സംഘടനകളെയും സംയോജിപ്പിച്ചുക്കൊണ്ടാണ് പരിപാടി നടത്തിയത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മാർ പോളി കണ്ണൂക്കാടന്റെ ഷഷ്ഠി -പൂർത്തിയുടെ സ്മരണയ്ക്കായി വലിയ കുടുംബങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചത്. നാലാമത്തെ കുട്ടി മുതൽ മാമ്മോദീസ വേളയിൽ സ്വർണ്ണ പതക്കം സമ്മാനിക്കുക, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വലിയ കുടുംബങ്ങൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുക, വലിയ കുടുംബങ്ങളിലെ മക്കളുടെ വിദ്യാഭ്യാസത്തിനായി സഹായം നൽകുക, വലിയ കുടുംബങ്ങളുടെ സംരക്ഷണം, മക്കളില്ലാത്ത ദമ്പതിമാരുടെ പ്രശ്നങ്ങളിൽ ഇടപ്പെടുക കൂടാതെ മനുഷ്യ ജീവന്റെ ആരംഭം മുതൽ സ്വാഭാവിക മരണം വരെ ജീവനെ സംരക്ഷിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളാണ് ഈ ട്രസ്റ്റിന് ഉള്ളത്. ട്രസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തന്നെ രൂപതയ്ക്കു അഭിനന്ദനം അറിയിച്ച് നിരവധി പേര്‍ രംഗത്തുവന്നിരിന്നു.