News - 2024

ഭീതിയുടെയും അസമാധാനത്തിന്റെയും മതിലുകള്‍ തകര്‍ക്കുവാന്‍ യൂറോപ്പിലെ ക്രൈസ്തവര്‍ക്ക് സാധിക്കണം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 07-07-2016 - Thursday

വത്തിക്കാന്‍: യൂറോപ്പിലെ ക്രൈസ്തവര്‍ ഭീതിയുടെയും സമാധാനമില്ലായ്മയുടെയും മതിലുകളെ തകര്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. മറ്റ് വിശ്വാസങ്ങള്‍ പരിശീലിക്കുന്നവരെ കൂടി നമ്മള്‍ മനസിലാക്കണമെന്നും അവരോട് ഐക്യത്തില്‍ തന്നെ ജീവിക്കണമെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു. യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം വരുന്ന വിവിധ ക്രൈസ്തവ സംഘടനകളുടെ ഒരു റാലിയെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുമ്പോഴാണ് പാപ്പ സംസാരിച്ചത്. മ്യൂണിച്ചിലാണ് യൂറോപ്പിന്റെ ഐക്യത്തിനു വേണ്ടിയുള്ള നിലനില്‍പ്പിനായി ക്രൈസ്തവ സംഘടനകള്‍ റാലി സംഘടിപ്പിച്ചത്. 'യൂറോപ്പിനു വേണ്ടി ഒരുമയോടെ' എന്ന സന്ദേശം ഉയര്‍ത്തിയാണ് റാലി സംഘടിപ്പിക്കപ്പെട്ടത്.

"ദൃശ്യമല്ലാത്ത ഒരു മതില്‍ മനുഷ്യരുടെ ഹൃദയങ്ങളില്‍ വേര്‍ത്തിരിവുകള്‍ സൃഷ്ടിക്കുകയാണ്. രാഷ്ട്രീയ, സാമ്പത്തിക, സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ മതിലുകളാണ് മനുഷ്യരുടെ ഹൃദയങ്ങളില്‍ വളരുന്നത്. ഇത്തരം മതിലുകള്‍ മനുഷ്യ മനസില്‍ ഭീതിയും സമാധാനമില്ലാത്ത അവസ്ഥയും സൃഷ്ടിക്കുന്നു. വിവിധ ചുറ്റുപാടുകളിലും വിശ്വാസത്തിലും ഉള്‍പ്പെട്ട മനുഷ്യരേയും അവരുടെ സാഹചര്യങ്ങളേയും നാം മനസിലാക്കണം. ഇതില്‍ നാം പരാജയപ്പെടുമ്പോഴാണ് ഇത്തരം മതിലുകള്‍ കൂടുതല്‍ ശക്തിയായി നിലനില്‍ക്കുന്നത്". പിതാവ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.

യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ക്രൈസ്തവ മൂല്യങ്ങളും ധര്‍മ്മവും എത്തിക്കുന്നതിനായി ക്രൈസ്തവ വിഭാഗങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. "ക്രൈസ്തവ മൂല്യങ്ങള്‍ ആഴത്തില്‍ വേരോടിയ യൂറോപ്പ്, ക്രൈസ്തവ സംസ്‌കാരത്തിന്റെ ഗുണഫലങ്ങളാല്‍ അതിന്റെ സംസ്‌കാരത്തെ സ്വാധീനിച്ച ദേശമാണ്. ഈ സംസ്‌കാരം മ്യൂസിയങ്ങളില്‍ സൂക്ഷിക്കുവാനുള്ളതാണോ?. മനുഷ്യസമൂഹത്തെ സ്വാധീനിക്കുന്ന തരത്തിലേക്ക് ഈ അമൂല്യരത്‌നങ്ങളെ മാറ്റി എടുക്കേണ്ട ഉത്തരവാദിത്വമല്ലേ നാം നിര്‍വഹിക്കേണ്ടത്?" പാപ്പ ചോദിച്ചു.

സഹകരണത്തിന്റെ വലിയ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ മ്യൂണിച്ചില്‍ ഒത്തുകൂടിയിരിക്കുന്ന വിവിധ ക്രൈസ്തവ സംഘടനകള്‍ കാഴ്ച്ചവയ്ക്കണമെന്നും ഭിന്നിച്ചു നില്‍ക്കുന്ന സ്ഥലങ്ങളില്‍ അനുരഞ്ജനം സൃഷ്ടിക്കുന്നവരായും വിടവുകളുള്ള സ്ഥലങ്ങളില്‍ കൂട്ടിയിണക്കുന്ന പാലങ്ങളായും ക്രൈസ്തവര്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയണമെന്നും പാപ്പ ആഹ്വാനം ചെയ്തു. ഒരു കുടുംബം എന്ന നിലയില്‍ സഹകരിക്കുന്ന യൂറോപ്പില്‍ മനുഷ്യരുടെ താല്‍പര്യങ്ങള്‍ക്കാവണം മുന്‍തൂക്കം നല്‍കേണ്ടതെന്നും സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനങ്ങള്‍ സാമൂഹിക, സാംസ്‌കാരിക മേഖലകളെ ബാധിക്കരുതെന്നും ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശത്തില്‍ കൂട്ടിചേര്‍ത്തു.