News
മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇന്ത്യയില്‍ നിന്ന്‍ ആയിരങ്ങള്‍ വത്തിക്കാനിലേക്ക്
സ്വന്തം ലേഖകന്‍ 07-07-2016 - Thursday
കൊല്‍ക്കത്ത: വാഴ്ത്തപ്പെട്ട മദര്‍തെരേസയെ വിശുദ്ധയാക്കുന്ന ചടങ്ങിനു സാക്ഷികളാകുവാന്‍ ഇന്ത്യയില്‍ നിന്നും ആയിരങ്ങള്‍ വത്തിക്കാനിലേക്ക്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി പ്രതിനിധീകരിക്കുന്നത്. കൊല്‍ക്കത്ത ആര്‍ച്ച് ബിഷപ്പ് തോമസ് ഡിസൂസ, മദര്‍തെരേസ സ്ഥാപിച്ച മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയല്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമ തുടങ്ങിയവരും വത്തിക്കാനിലേക്ക് സെപ്റ്റംബര്‍ ഒന്നാം തീയതി തന്നെ പുറപ്പെടും. 350 പേരടങ്ങുന്ന സംഘത്തെ ആയിരിക്കും ഇവര്‍ മൂവരും ചേര്‍ന്നു നയിക്കുകയെന്ന്‍ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘത്തെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയായിരിക്കും നയിക്കുക. കൊല്‍ക്കത്ത അതിരൂപതയുടെ കീഴിലുള്ള ആറു സംഘങ്ങളാണ് ആര്‍ച്ച് ബിഷപ്പ് തോമസ് ഡിസൂസയുടെ നേതൃത്വത്തില്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ യാത്ര ചെയ്യുന്നത്. സിസ്റ്റര്‍ മേരി പ്രേമയുടെ കൂടെ മിഷ്‌നറീസ് ഓഫ് ചാരിറ്റിയിലെ അഞ്ചു സിസ്റ്ററുമാരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകളുടെ സംഘവും ഉണ്ടാകും.
മൂന്നു സംഘങ്ങള്‍ സെപ്റ്റംബര്‍ ഒന്നാം തീയതി തന്നെ പരിപാടികളില്‍ പങ്കെടുക്കുവാനായി വത്തിക്കാനിലേക്ക് തിരിക്കും. ഇവരെ കൂടാതെ മദറിന്റെ കൂടെ പ്രവര്‍ത്തിച്ച 200-ല്‍ അധികം പേര്‍ വത്തിക്കാനിലേക്ക് പോകുന്നതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വകാര്യ സ്ഥാപനം നടത്തുന്ന റുമിലാ മുഖര്‍ജിയാണ് ഇത്തരത്തില്‍ വത്തിക്കാനിലേക്കു പോകുന്ന ഒരു വ്യക്തി. മദര്‍തെരേസയുടെ ആശ്രമത്തിന്റെ അരികിലായി താമസിച്ചിരുന്ന ഇവര്‍ മദറിനെ കുറിച്ച് വര്‍ണിച്ചത് ഇങ്ങനെയാണ്, "കൊല്‍ക്കത്തക്കാര്‍ക്ക് മദര്‍ പണ്ടേ ഒരു വിശുദ്ധ തന്നെയാണ്. ദയയുടെയും കാരുണ്യത്തിന്റെയും പ്രതീകമാണ് അവര്‍. മദറിനെ ഔദ്യോഗികമായി വിശുദ്ധയാക്കുന്ന ചടങ്ങിനു സാക്ഷിയാകാതിരിക്കുവാന്‍ എനിക്ക് സാധിക്കുകയില്ല".
വിശുദ്ധ പ്രഖ്യാപന ചടങ്ങിനായി വത്തിക്കാനിലേക്ക് പോകുന്നവര്‍ ഇറ്റലിയിലെ വിവിധ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പദ്ധതിയിട്ടിട്ടുണ്ട്. പല സ്വകാര്യ ടൂര്‍ കമ്പനികളും ഇതിനുള്ള പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞു. ഗോവയില്‍ നിന്നും നിരവധി വിശ്വാസികള്‍ വത്തിക്കാനിലേക്ക് ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ പോകുന്നതായും ട്രാവല്‍ ഏജന്‍സികള്‍ നടത്തുന്നവര്‍ പറയുന്നു. സെപ്റ്റംബര്‍ രണ്ട്, മൂന്ന് തീയതികളിലേക്കുള്ള ടിക്കറ്റുകള്‍ എല്ലാം തന്നെ ഇതിനോടകം ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.
മദര്‍തെരേസയുടെ കൂടെ ദീര്‍ഘകാലം സേവനം ചെയ്ത ചിത്രകാരിയായ സുനിത കുമാര്‍ ഇത്തവണ വത്തിക്കാനിലേക്ക് പോകുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. മദറിനെ വാഴ്ത്തപ്പെട്ടവളാക്കിയ സമയം താന്‍ വത്തിക്കാനിലായിരുന്നുവെന്നും ഈ തവണ കൊല്‍ക്കത്തയില്‍ ആഘോഷപൂര്‍വ്വം നടക്കുന്ന പലപരിപാടികളിലും നേതൃത്വം വഹിക്കേണ്ടതിനാലാണ് യാത്ര ഒഴിവാക്കുന്നതെന്നും അവര്‍ അറിയിച്ചു.
ഇതിനിടെ മദര്‍തെരേസയെ വിശുദ്ധയാക്കുന്ന ദിവസം അള്‍ത്താരയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം കൊല്‍ക്കത്ത ആര്‍ച്ച് ബിഷപ്പും ഉണ്ടാകുമെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് ബിഷപ്പിന്റെ പ്രതികരണം ഇങ്ങനെയാണ്. "മദറിനെ വിശുദ്ധയാക്കുന്ന ദിനത്തിലെ ചടങ്ങുകളെ സംബന്ധിച്ചുള്ള ക്രമീകരണങ്ങളുടെ റിപ്പോര്‍ട്ട് ഇതുവരെയും എനിക്ക് ലഭ്യമായിട്ടില്ല. ഇതിനാല്‍ തന്നെ പരിശുദ്ധ പിതാവിന്റെ കൂടെ അള്‍ത്താരയില്‍ ബലിയര്‍പ്പിക്കുവാന്‍ ഞാന്‍ ഉണ്ടാകുമോ എന്ന കാര്യത്തിലും ഉറപ്പ് ഒന്നും ഇപ്പോള്‍ പറയുവാന്‍ പറ്റില്ല. ഇത്തരം ഒരു അവസരം ലഭിച്ചാല്‍ അതിനെ വലിയ ദൈവകൃപയായി കാണും" ആര്‍ച്ച് ബിഷപ്പ് തോമസ് ഡിസൂസ പറഞ്ഞു.
ആഗസ്റ്റ് 26 മുതല്‍ 29 വരെ നന്ദനില്‍ മദര്‍തെരേസ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിട്ടുണ്ട്. മദറിനെ വിശുദ്ധയാക്കുന്നതിന്റെ ആഘോഷങ്ങള്‍ നഗരത്തില്‍ തുടങ്ങുക ചലച്ചിത്ര പ്രദര്‍ശനത്തോടെയാണ്. മദര്‍തെരേസയെ സംബന്ധിക്കുന്ന 20-ല്‍ അധികം ഡോക്യുമെന്ററികള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകനായ സുനില്‍ ലൂക്കാസ് അറിയിച്ചു.