News
ചൈനയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനത്തില്‍ ഹോങ്കോങ്ങ് കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ കോടതിയില്‍
പ്രവാചകശബ്ദം 25-05-2022 - Wednesday
ഹോങ്കോങ്ങ് സിറ്റി: ജനകീയ പ്രക്ഷോഭങ്ങളില്‍ പൗരന്മാര്‍ക്കൊപ്പം നിലക്കൊണ്ടതിന്റെ പേരില്‍ അറസ്റ്റിലായ മുന്‍ ഹോങ്കോങ്ങ് മെത്രാന്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ഉള്‍പ്പെടെ 5 പേര്‍ ഹോങ്കോങ്ങ് കോടതി മുന്‍പാകെ ഹാജരായി. ചൈനീസ് സഭക്ക് വേണ്ടിയുള്ള ലോക പ്രാര്‍ത്ഥനാദിനമായ ഇന്നലെ മെയ് 24നാണ് 90 കാരനായ കര്‍ദ്ദിനാള്‍ സെന്നും, മറ്റുള്ളവരും കോടതിയില്‍ ഹാജരായത്. കുറ്റവാളികളെ ചൈനക്ക് കൈമാറുവാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെ ഹോങ്കോങ്ങില്‍ നടന്ന ജനകീയ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ നിയമ പോരാട്ടങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിനായി സ്ഥാപിതമായ ‘612 ഹുമാനിറ്റേറിയന്‍ റിലീഫ് ഫണ്ട്’ പോലീസില്‍ രജിസ്റ്റര്‍ ചെയ്യാത്ത കുറ്റമാണ് കര്‍ദ്ദിനാളിനും കൂട്ടര്‍ക്കും നേരെ ആരോപിച്ചിരിക്കുന്നത്.
തങ്ങള്‍ക്കെതിരെയുള്ള കുറ്റാരോപണങ്ങളില്‍ കഴമ്പില്ലെന്നും തങ്ങള്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഇവര്‍ കോടതിയില്‍ ബോധിപ്പിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ‘എ.എഫ്.പി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 1,274 ഡോളറോളം പിഴ ലഭിക്കാവുന്ന കുറ്റമാണ് കര്‍ദ്ദിനാള്‍ സെന്നിനു മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് ഹോങ്കോങ്ങിന്റെ നാഷണല്‍ സെക്യൂരിറ്റി നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നാണ് അനുമാനം. സെപ്റ്റംബര്‍ 19-നാണ് ഈ കേസിന്‍മേലുള്ള വിചാരണ ആരംഭിക്കുക. ഹോങ്കോങ്ങിന്റെ വികാര്‍ ജനറാള്‍ ഫാ. ജോസഫ് ചാനും കോടതിയില്‍ സന്നിഹിതനായിരുന്നു.
ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍ തുടങ്ങി നിരവധി യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളും കോടതിയില്‍ സന്നിഹിതരായിരുന്നു. കേസുമായി ബന്ധപ്പെട്ട് മെയ് 11-നാണ് കര്‍ദ്ദിനാള്‍ അറസ്റ്റിലായത്. അന്ന് തന്നെ ജാമ്യം ലഭിച്ചിരിന്നു. കര്‍ദ്ദിനാളിന്റെ അറസ്റ്റിനെതിരെ ലോകമെമ്പാടും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇക്കാര്യം വളരെ ഗൗരവത്തോടെയാണ് തങ്ങള്‍ വീക്ഷിക്കുന്നതെന്നു വത്തിക്കാന്‍ പ്രതിനിധി പറഞ്ഞിരിന്നു.
കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനേപ്പോലെ അന്യായമായി കുറ്റം ആരോപിക്കപ്പെട്ടവരെ കുറ്റവിമുക്തരാക്കണമെന്ന് വൈറ്റ്‌ഹൗസ് ഡെപ്യൂട്ടി പ്രസ്സ് സെക്രട്ടറി കരീനെ ജീന്‍-പിയറെ ചൈനീസ്, ഹോങ്കോങ്ങ് അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. ‘ശക്തമായ ഭീഷണിപ്പെടുത്തല്‍’ എ:ന്നാണ് യു.കെ പാര്‍ലമെന്റിന്റെ ഉപരി സഭയായ ഹൗസ് ഓഫ് ലോര്‍ഡ്സിലെ സ്വതന്ത്ര അംഗം ഡേവിഡ് ആള്‍ട്ടണ്‍ കര്‍ദ്ദിനാളിന്റെ അറസ്റ്റിനെ വിശേഷിപ്പിച്ചത്. ചൈനയിലെ സഭക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും, അവിടെയുള്ള വിശ്വാസികളുടേയും, അജപാലക ശുശ്രൂഷകരുടെയും ജീവിത സാഹചര്യങ്ങളെ ശ്രദ്ധയോടും, സജീവമായും പിന്തുടരുന്നുവെന്നും പാപ്പ ഇക്കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക