News - 2024

കഴിയുമെങ്കില്‍ എല്ലാ ദിവസവും ദിവ്യകാരുണ്യനാഥനേ സന്ദര്‍ശിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 07-07-2016 - Thursday

വത്തിക്കാന്‍: സാധ്യമാകുമെങ്കില്‍ എല്ലാ ദിവസവും ദിവ്യകാരുണ്യ സന്ദര്‍ശനം നടത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ജെനീവയില്‍ നടക്കുന്ന ദിവ്യകാരുണ്യ സമ്മേളനത്തിനു മുന്നോടിയായി നല്‍കിയ സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ഇപ്രകാരം പറഞ്ഞത്. ഇറ്റാലിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ ആഗ്നിലോ ബഗ്നാസ്‌കോയ്ക്കാണ് മാര്‍പാപ്പ സമ്മേളനത്തിനു മുന്നോടിയായി തന്റെ സന്ദേശം അയച്ചത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ ദൈവാരാധനയെ സംബന്ധിച്ച 'Sacrosantum Concilium' എന്ന പ്രമാണരേഖയുടെ അടിസ്ഥാനത്തിലാണ് മാർപാപ്പ തന്റെ സന്ദേശം തയ്യാറാക്കിയത്. "പാവനമായ സ്‌നേഹത്തിന്റെയും ഒരുമയുടേയും കരുണയുടേയും സന്ദേശമാണ് ദിവ്യകാരുണ്യത്തിലൂടെ നല്‍കപ്പെടുന്നത്. പരസ്പരം ഐക്യപ്പെടുവാനും ലോകത്തോടും സഭയോടും ഐക്യപ്പെടുവാനും ദിവ്യകാരുണ്യത്തിലൂടെ സാധിക്കുന്നു". ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ സൂചിപ്പിക്കുന്നു.

"കഴിയുമെങ്കില്‍ എല്ലാ ദിവസവും ദിവ്യകാരുണ്യ ഈശോയേ ദര്‍ശിക്കുവാന്‍ ഏവരും ശ്രമിക്കണം. വിശേഷിച്ച് നമ്മുടെ ജീവിതത്തിന്റെ ബുദ്ധിമുട്ടുള്ള സമയങ്ങളില്‍. ക്രിസ്തുവിന്റെ അനന്തമായ സ്‌നേഹവും കാരുണ്യവും നമുക്ക് ഇവിടെ നിന്നും ലഭിക്കും. മക്കളായ നമ്മോടുള്ള അവിടുത്തെ കാരുണ്യം ദിവ്യകാരുണ്യ നാഥനിലൂടെ ദര്‍ശിക്കാം". പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തില്‍ പറയുന്നു. സെപ്റ്റംബര്‍ 15 മുതല്‍ 18 വരെയാണ് ഇറ്റലിയില്‍ ദിവ്യകാരുണ്യ സമ്മേളനം നടക്കുന്നത്.