Life In Christ - 2024

രക്തസാക്ഷിയായ ലുയീജി ലെൻസിനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

പ്രവാചകശബ്ദം 30-05-2022 - Monday

വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലെ ഇടതുപക്ഷ പോരാളികൾ വധിച്ച രക്തസാക്ഷിയായ ലുയീജി ലെൻസിനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇറ്റലിയിലെ തന്നെ മോദെന പട്ടണത്തിലെ കത്തീഡ്രൽ ദേവാലയത്തിൽ ശനിയാഴ്‌ച (28/05/22) വൈകുന്നേരമായിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം നടന്നത്. പാപ്പയെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാരോ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു.

1881 മെയ് 28-നു ഇറ്റലിയിലെ എമീലിയ റൊമാഞ്ഞൊ പ്രദേശത്തെ ഫ്യുമാൽബൊ എന്ന സ്ഥലത്തായിരിന്നു ലുയീജി ലെൻത്സീനിയുടെ ജനനം. പഠനത്തിൽ സമർത്ഥനായിരുന്ന അദ്ദേഹം വൈദികനാകണം എന്ന ആഗ്രഹപൂർത്തീകരണത്തിനായി സെമിനാരിയിൽ ചേർന്നു. തത്വശാസ്ത്ര ദൈവശാസ്ത്ര പഠനാന്തരം 1904 മാർച്ച് 19-ന്, വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾദിനത്തിൽ പൗരോഹിത്യം സ്വീകരിച്ചു. ഇടവകയിൽ അജപാലന ശുശ്രൂഷ ആരംഭിച്ച അദ്ദേഹത്തിന്, കത്തോലിക്കാവിശ്വാസത്തെ അപകടകരമാം വിധം ബാധിച്ചുകൊണ്ടിരുന്ന ഇടതുപക്ഷ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക സിദ്ധാന്തവുമായി തുടക്കം മുതൽ തന്നെ ഏറ്റുമുട്ടേണ്ടി വന്നു.

സോഷ്യലിസ്റ്റ് സിദ്ധാന്തത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയ ലുയീജി കമ്മ്യൂണിസ്റ്റ് പോരാളികളുടെ കണ്ണിലെ കരടായി മാറി. രണ്ടാം ലോകമഹായുദ്ധാനന്തര കാലഘട്ടത്തിൽ ജർമ്മനിയുടെ നാസിസത്തെയും ഇറ്റലിയുടെ ഫാസിസത്തെയും ചെറുത്തിരുന്ന കമ്മ്യൂണിസ്റ്റ് പോരാളികൾ, ലുയീജിയെ വധിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്തു. യുദ്ധകാലത്ത് സഹായം ആവശ്യമുള്ള എല്ലാവർക്കും താങ്ങായി നിന്ന വൈദികനായിരിന്നു അദ്ദേഹം.

രോഗിയായ ഒരു ഇടവകക്കാരന് സഹായം ആവശ്യമുണ്ടെന്ന വ്യാജേന, 1945 ജൂലൈ 21-ന് രാത്രിയിൽ ഈ പോരാളികൾ ഫാ. ലുയീജിയെ സമീപിച്ചു. അവരുടെ ചതി മനസ്സിലാക്കിയെങ്കിലും അവർ അദ്ദേഹത്തെ പിടികൂടി പള്ളിയിൽ നിന്ന് അല്പം അകലെയുള്ള ഒരു പ്രദേശത്തുകൊണ്ടു പോയി മർദ്ദിക്കുകയും അവസാനം വെടിവെച്ചു കൊലപ്പെടുത്തുകയുമായിരിന്നു. 2011 ജൂൺ 8-നാണ് ഫാ. ലുയീജി ലെൻസിനിയുടെ നാമകരണ നടപടികൾ രൂപതാതലത്തിൽ ആരംഭിച്ചത്.


Related Articles »