Life In Christ - 2024
ജനം ഒന്നടങ്കം പറയുന്നു, ഇതാണ് യഥാര്‍ത്ഥ ഇടയന്‍: സ്വന്തം ഇടവകാംഗത്തിന് വൃക്ക പകുത്തു നല്‍കാന്‍ വികാരിയച്ചന്‍
പ്രവാചകശബ്ദം 02-06-2022 - Thursday
തൃശൂര്‍: കനകമല ഇടവകയിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ ത്യാഗത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമാണ് ഇന്ന്. തങ്ങളുടെ പ്രിയപ്പെട്ട വികാരിയച്ചന്‍ ഇന്ന്‍ വൃക്ക ദാനം ചെയ്യുന്നു, സ്വീകരിക്കുന്ന വ്യക്തിയാകട്ടെ - തങ്ങളുടെ ഇടവകാംഗവും. യേശു കാണിച്ച ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മഹത്തായ സന്ദേശം തന്റെ പ്രവര്‍ത്തികളിലൂടെ ലോകത്തോട് പ്രഘോഷിക്കുന്നത് കനകമല തീർത്ഥാടന കേന്ദ്രം റെക്ടറായ ഫാ. ഷിബു നെല്ലിശേരിയാണ്. ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് അതികഠിനമായ വിധത്തില്‍ വേദനകളിലൂടെ കടന്നുപോകുന്ന കനകമല കണ്ണമ്പുഴ ബെന്നി ജിൻസി ദമ്പതികളുടെ മകൻ ബെൻസനാണ് വൃക്ക സ്വീകരിക്കുന്നത്.
ബെൻസന്റെ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഡയാലിസിസ് നടത്തി മുന്നോട്ട് പോകുന്നതിനിടെയാണ് എത്രയും വേഗം വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയാലേ ജീവൻ രക്ഷിക്കാനാവൂവെന്ന്‍ ഡോക്ടർമാർ നിര്‍ദ്ദേശിക്കുന്നത്. മാതാപിതാക്കള്‍ വൃക്ക ദാനത്തിന് തയാറായെങ്കിലും രണ്ടുപേരുടെയും അനുയോജ്യമല്ലെന്ന് കണ്ടെത്തി. അന്വേഷണം തുടരുന്നതിനിടെയാണ് പൂര്‍ണ്ണ മനസ്സോടെ സന്നദ്ധത അറിയിച്ച് വികാരിയച്ചനായ ഫാ. ഷിബു നെല്ലിശേരി രംഗത്തുവരുന്നത്. പരിശോധനയില്‍ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. താന്‍ ചെയ്യുന്നത് ചെറിയ കാര്യമാണെന്ന ചിന്തയില്‍ വൈദികന്‍ പറഞ്ഞത് ഇങ്ങനെ: ''ഓരോ കുടുംബത്തിന്റേയും കണ്ണീരുമായ്ക്കാൻ കഴിയുന്നതു ചെയ്യാനായിട്ടാണു താൻ വൈദികനായത്. ബെൻസന്റെ ജീവൻ രക്ഷിക്കാൻ വൃക്ക നൽകുന്നതിലൂടെ ദൈവത്തിന്റെ തിരുവിഷ്ട്ടം നിറവേറ്റുക മാത്രമാണ് താൻ ചെയ്യുന്നത്''.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഡോ. മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിൽ ഇന്ന്‍ ശസ്ത്രക്രിയ നടക്കും. ഇതിനു മുന്നോടിയായുള്ള പരിശോധനയ്ക്കായി രണ്ടു ദിവസം മുമ്പേ ഇരുവരും ആശുപത്രിയിൽ അഡ്മിറ്റായി. ശസ്ത്രക്രിയക്കാവശ്യമായ മുഴുവൻ ചെലവുകളും ഇടവകയിലും പരിസര പ്രദേശങ്ങളിലുമുള്ള സുമനസുകളുടെ സഹായത്തോടെയാണു സ്വരുകൂട്ടിയത്. ഇരിങ്ങാലക്കുട നെല്ലിശ്ശേരി ജോസ്-ബേബി ദമ്പതികളുടെ മകനാണ് ഫാ. ഷിബു നെല്ലിശേരി. 2006 ൽ തിരുപ്പട്ടം സ്വീകരിച്ച ഈ യുവ
വൈദികന്‍ വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ച ശേഷമാണ് കനകമല തീർത്ഥാടന കേന്ദ്രത്തിൽ റെക്ടറായി നിയമിതനായത്. ഇരുവരുടെയും ശസ്ത്രക്രിയ വിജയത്തിനായി രാവും പകലും പ്രാര്‍ത്ഥനയുമായി കഴിയുകയാണ് വിശ്വാസി സമൂഹം.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക