News - 2024

മാതാപിതാക്കളുടെ ശ്രദ്ധകുറവ് മക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നു: ബംഗ്ലാദേശ് ബിഷപ്പ് ഗിര്‍വാസ് റോസാരിയോ

സ്വന്തം ലേഖകന്‍ 08-07-2016 - Friday

ധാക്ക: കുടുംബങ്ങളില്‍ മക്കളെ ശരിയായ രീതിയില്‍ ശ്രദ്ധിക്കാത്തതിനാലാണ് യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറി പോകുന്നതെന്ന് ബംഗ്ലാദേശിലെ രാജ്ഷാഹി രൂപതയുടെ ബിഷപ്പ് ഗിര്‍വാസ് റോസാരിയോ അഭിപ്രായപ്പെട്ടു. കുട്ടികളുടെ മാനസിക അവസ്ഥയെ കുറിച്ചോ അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങളെ കുറിച്ചോ മാതാപിതാക്കള്‍ ശ്രദ്ധിക്കാത്തതും പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുന്നു. പണം മാത്രം കുട്ടികള്‍ക്കു നല്‍കുന്ന രക്ഷിതാക്കള്‍ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നത്. ഇത്തരം തെറ്റിധാരണകളാണ് കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നതെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. ധാക്കയില്‍ അടുത്തിടെ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ പ്രതികരണം.

"പണം മാത്രം നാം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നു. അവരുടെ എല്ലാ ആവശ്യങ്ങളും നാം നിറവേറ്റുന്നു. എന്നാല്‍ അവരുടെ പ്രശ്‌നങ്ങളിലേക്ക് നാം കടന്നു ചെല്ലുന്നില്ല. കുട്ടികളുടെ മേലുള്ള നമ്മുടെ ശ്രദ്ധകുറവ് മറ്റുള്ളവര്‍ അവരെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന സാഹചര്യം രൂപപ്പെടുത്തുന്നു. ഇത് അവരെ തീവ്രവാദ ആശയങ്ങളിലേക്ക് നയിക്കുന്നു. അക്രമങ്ങള്‍ തങ്ങളെ സ്വര്‍ഗത്തില്‍ എത്തിക്കുമെന്ന തെറ്റായ ചിന്ത അവര്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഇതിനെ ദേശീയമായ ഒരു പ്രശ്‌നമായി കാണുവാന്‍ നമ്മള്‍ തയ്യാറാകണം". ബിഷപ്പ് ഗിര്‍വാസ് റോസാരിയോ പറഞ്ഞു.

ജൂലൈ ഒന്നാം തീയതി ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഒരു റെസ്റ്റോറന്റിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ ഏഴു തീവ്രവാദികളുടെയും പ്രായം 20-നും 22-നും ഇടയിലായിരുന്നു. ബംഗ്ലാദേശ് സര്‍ക്കാരിനെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രധാന നേതാവിന്റെ മകനും തീവ്രവാദികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നുവെന്ന വാര്‍ത്ത ജനങ്ങളില്‍ അമ്പരപ്പുളവാക്കിയിരിന്നു. കൊല്ലപ്പെട്ട എല്ലാ തീവ്രവാദികളും ധനിക കുടുംബങ്ങളിലെ അംഗങ്ങളാണ്. മികച്ച സ്വകാര്യ സ്‌കൂളുകളില്‍ നിന്നും വിദ്യാഭ്യാസം ലഭിച്ചവരാണ് ഇവര്‍. ആക്രമണത്തെ അപലപിച്ച മുസ്ലീം ബംഗ്ലാദേശി നേതാക്കളുടെ കൂടെ തീവ്രവാദത്തെ എതിര്‍ക്കുവാന്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ബിഷപ്പ് കൂട്ടിചേര്‍ത്തു.


Related Articles »